ജിതിൻകാന്ത്-നിതിൻകാന്ത് എന്നീ സഹോദരന്മാരുടെയും അവരുടെ സുഹൃത്തായ അരുൺ ചന്ദ്രന്റെയും ആശയമാണ് വയനാടൻസിന് രൂപം നൽകിയത്. നല്ല ആരോഗ്യം നല്ല ഭക്ഷണത്തിലൂടെ എന്ന ആശയവുമായി ഒരുകൂട്ടം ചെറുപ്പക്കാർ മുന്നിട്ടിറങ്ങിയപ്പോൾ അത് വയനാടൻസ് ആയി മാറി.
ITയിൽ നിന്ന് ചക്കയിലേലേക്കുളള ദൂരം വലുതാണെങ്കിലും വയനാടൻസ് ഹിറ്റായി. ഐടി അധിഷ്ഠിത മാർക്കറ്റ് റിസർച്ച് ഭക്ഷ്യ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്ന് ജിതിൻ പറയുന്നു.
ഫാസ്റ്റ് ഫുഡിന്റെയും ബേക്കറിയുടെയും പിന്നാലെ പായുന്ന പുതു തലമുറയെ നല്ല ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുക എന്ന വലിയ ദൗത്യമാണ് വയനാടൻസ് ഏറ്റെടുത്തിരിക്കുന്നത്. പഴുത്ത ചക്കയുടെയും മാങ്ങയുടെയും നേന്ത്രപ്പഴത്തിന്റെയും മധുരവും ഗുണങ്ങളും ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ ചിപ്സ് ആക്കി മാറ്റുകയാണ് ഇവിടെ. വെണ്ട, ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും ഇവിടെ ചിപ്സ് ആയി മാറുന്നു. കർഷകരിൽ നിന്നും നേരിട്ട് പഴ വർഗങ്ങളും പച്ചക്കറികളും ശേഖരിച്ച് അവ കോൾഡ് സ്റ്റോറേജ് യൂണിറ്റുകളിൽ സംഭരിച്ച് വെച്ച് ആവശ്യാനുസരണം വാക്വം ഫ്രൈഡ് ചിപ്സ് ആക്കി വിപണിയിലെത്തിക്കുകയാണ് വയനാടൻസ് ചെയ്യുന്നത്.
വയനാടൻസ് ബ്രാൻഡ് നിലവിൽ അന്താരാഷ്ട്ര വിപണിയിലും ആധിപത്യം പുലർത്തുന്നു. ഉൽപ്പന്ന നിരയിൽ മുന്നിലുളളത് വാക്വം-ഫ്രൈഡ് ചക്ക ചിപ്പ്സാണ്. അന്താരാഷ്ട്ര വിപണിയിൽ മലയാളികളിൽ നിന്നും വിദേശികളിൽ നിന്നും വാക്വം ഫ്രൈഡ് ചക്ക ചിപ്സിന് ആവശ്യക്കാരേറെയാണ്. വിപണിയിലെ ഭൂരിഭാഗം ലഘുഭക്ഷണങ്ങളിലും ധാരാളം എണ്ണ അടങ്ങിയിട്ടുണ്ട്. വാക്വം ഫ്രൈയിംഗ് രീതി ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നു. 60 ഡിഗ്രി സെൽഷ്യസിൽ വറുത്തെടുക്കുന്ന ചിപ്പ്സിൽ എണ്ണയുടെ അംശം വളരെ കുറവും സ്വാദിഷ്ടവുമാണ്. ഉയർന്ന ചൂടിൽ വറുത്തെടുക്കുമ്പോൾ ചിപ്സിന്റെ ഗുണനിലവാരം നഷ്ടപ്പെടും. വാക്വം ഫ്രൈ ചെയ്യുമ്പോൾ ഗുണനിലവാരം നഷ്ടപ്പെടില്ല. വാക്വം ഫ്രൈയിംഗ് ഉപകരണങ്ങൾ, ഒരു പ്രീമിയം പാക്കിംഗ് സൗകര്യം, ഒരു നൈട്രജൻ ഫില്ലിംഗ് സിസ്റ്റം എന്നിവയുൾപ്പെടെ ഈ ബിസിനസ്സിന് കാര്യമായ നിക്ഷേപം ആവശ്യമാണ്. അതുകൊണ്ട് ഉല്പന്നത്തിന് കുറച്ച് വിലയും കൂടുമെന്ന് ജിതിൻ പറയുന്നു.
വാക്വം ഫ്രൈഡ് ചക്ക ചിപ്സ്, വെജിറ്റബിൾ ചിപ്സ് എന്നിവയ്ക്ക് പുറമേ ചക്ക പൊടി, ചക്കക്കുരു പൊടി, ചക്ക പൾപ്പ് എന്നിവയ്ക്കും നല്ലൊരു വിദേശ വിപണി നിലവിലുണ്ട്. കോവിഡ് കാലത്ത് പോലും കയറ്റുമതിയിൽ വലിയ ഇടിവ് ഉണ്ടായില്ല. ഇവരുടെ കയറ്റുമതി പട്ടികയിൽ വയനാടൻ തേൻ പോലെയുള്ള നിരവധി കാർഷിക ഉല്പന്നങ്ങളുമുണ്ട്. കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമാണ് ചക്ക വാങ്ങുന്നത്. ഉൽപ്പന്നങ്ങളിലുടനീളം സ്ഥിരമായ ഗുണനിലവാരം കൈവരിക്കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ നന്മണ്ട ഗ്രാമപഞ്ചായത്തിലെ 7 എക്കറിൽ വിയറ്റ്നാം ഏർലി വിഭാഗത്തിൽ പെടുന്ന പ്ലാവിൻ തൈകളുടെ കൃഷി ആരംഭിച്ചിരുന്നു. സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷന്റെ സഹായത്തോടെയായിരുന്നു ഈ സംരംഭം. കേരളത്തിൽ പ്രധാനമായും 100 ൽ പരം വ്യത്യസ്ത വിഭാഗത്തിൽ പെട്ട ചക്കകൾ ഉണ്ട് . ഇതിൽ വരിക്കയും കൂഴയും പൊതുവെ പ്രചാരത്തിൽ ഉള്ളതാണ്. ഇത്തരത്തിൽ വ്യത്യസ്ത വിഭാഗത്തിൽ പെട്ട ചക്കകൾ ആയതിനാൽ രാജ്യാന്തര വിപണിയിൽ ചക്കയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് പ്രോഡക്ട് സ്റ്റാന്റെഡൈസേഷൻ ഒരു വലിയ പ്രയാസമായി മാറാറുണ്ടെന്ന് ജിതിൻ പറയുന്നു. ഇതിനായി ഇപ്പോൾ ലഭ്യമായിട്ടുള്ള പ്ലാവുകളെ എത് വിഭാഗത്തിൽ പെടുന്നവയാണെന്ന് ജിയോ ടാഗ് ചെയ്തു സൂക്ഷിക്കുന്നതിനും വയനാടൻസ് പ്രവർത്തനം നടത്തി വരുന്നു.
നിലവിൽ വയനാടൻസ് ഉൽപ്പന്നങ്ങൾ ഖത്തർ, ഓസ്ട്രേലിയ, ഒമാൻ, UAE എന്നീ രാജ്യങ്ങളിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്.കൂടുതൽ വിദേശ വിപണിയിൽ ഉൽപ്പന്നത്തിന്റെ ലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് വയനാടൻസ്. കൂടാതെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി രാജ്യത്തെ പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.