മാലിന്യ സംസ്കരണത്തിന് Dewatering പ്ലാന്റുമായി വടക്കാഞ്ചേരി നഗരസഭ
മാലിന്യ സംസ്കരണത്തിൽ ഒരു പുതിയ മാതൃകയാണിവിടെ നടപ്പായത്. ഒരിക്കൽ മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന ഏഴര ഏക്കർ സ്ഥലം മാലിന്യ മുക്തമാക്കി, ആധുനികവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. വരുന്ന 30 വർഷത്തെ മാലിന്യത്തിലുണ്ടാകാനിടയുള്ള വർദ്ധനവും വികസനവും കൂടെ കണക്കിലെടുത്താണ് പ്ലാന്റ് പണിതിരിക്കുന്നത്.
പ്ലാന്റ് പ്രവർത്തിക്കുക ഇങ്ങനെ
ഡി വാട്ടറിങ്-Dewatering സാങ്കേതികവിദ്യയാണ് പ്ലാന്റ് സ്വീകരിച്ചിരിക്കുന്നത്, ജലാംശം 60% ത്തോളം ഒഴിവാക്കി എയ്റോബിക് ബാക്ടീരിയയുടെ സഹായത്തോടെ ജൈവ മാലിന്യത്തിനെ വളമാക്കി മാറ്റുന്നതാണ് പ്രവർത്തന രീതി. ദിവസേന 5 മുതൽ 8 ടൺ വരെ മാലിന്യങ്ങൾ സംസ്കരിക്കുവാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ഡി വാട്ടറിങ് നടത്തി പുറത്തേക്ക് വരുന്ന ഫ്ലൂയിഡ് ബയോഗ്യാസ് പ്ലാന്റിലേക്ക് ആണ് ശേഖരിക്കുന്നത്. അതിൽ നിന്ന് ബയോഗ്യാസും ഉല്പാദിപ്പിക്കുന്നു.
എന്താണ് Dewatering
ബയോസോളിഡുകളുടെ ഈർപ്പം കുറയ്ക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് ഡീവാട്ടറിംഗ്. ഡീവാട്ടർഡ് സോളിഡ് പുനരുപയോഗിക്കാം,വളമായും, ഈർപ്പമില്ലാത്ത പ്രദേശങ്ങൾ നികത്തുവാനും മറ്റും ഉപയോഗപ്പെടും.
Dewatering is a treatment process to reduce the moisture content of biosolids. Dewatered cake can be handled as a solid material, rather than as a liquid material, and is required for all final use options with the exception of liquid land application
സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സഹായത്തോടെ വടക്കാഞ്ചേരി നഗരസഭയുടെ പദ്ധതി വിഹിതവും ഉപയോഗിച്ച് ഒരുകോടി രൂപയിൽ അധികം ചെലവിലാണ് പണിപൂർത്തിയായത്. നഗരസഭയ്ക്ക് വേണ്ടി സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ആണ് പ്ലാന്റ് കെട്ടിടവും യന്ത്ര സംവിധാനങ്ങളും സ്ഥാപിച്ചത്. രണ്ടുമാസമായി ട്രയൽ റൺ നടത്തി തീർത്തും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുമെന്ന് തെളിയിച്ച പ്ലാന്റ് പ്രവർത്തനം തുടങ്ങി ഒരുമാസം ആകാറായി.
ഈ പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയതോടെ ഖരമാലിന്യ സംസ്കരണ രംഗത്ത് വടക്കാഞ്ചേരി നഗരസഭ സുസ്ഥിരത കൈവരിച്ചിരിക്കുകയാണ്.