ഒരാഴ്ചക്കകം കോടികൾ കൊയ്തു കേരത്തിലെ വന്ദേ ഭാരത് ട്രെയിൻ സർവീസ്. ആരംഭിച്ച് വെറും ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ നേടിയ വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ. വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മേയ് മൂന്ന് വരെയുള്ള കണക്കാണ് പുറത്ത് വന്നത്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിൽ ടിക്കറ്റ് ഇനത്തിൽ ഒരു കോടി 17 ലക്ഷം രൂപയാണ് വരുമാനം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ. ഈ കാലയളവിൽ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്തത് 27,000പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്.
ടിക്കറ്റ് ഇനത്തിലെ വരുമാനം
- ഏപ്രിൽ 28 – തിരുവനന്തപുരം-കാസർകോട് സർവീസിൽ 19.5 ലക്ഷം രൂപ
- ഏപ്രിൽ 29 – 20.30 ലക്ഷം
- ഏപ്രിൽ 30 – 20.50 ലക്ഷം
- മേയ് ഒന്നിന് – 20.1 ലക്ഷം
- മേയ് രണ്ടിന് – 18.2 ലക്ഷം
- മേയ് മൂന്നിന് – 18 ലക്ഷം
മേയ് 14 വരെയുള്ള മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റ് പോയി. വന്ദേ ഭാരത് എസ്പ്രസ്സിന് പ്രതീക്ഷിച്ച വേഗമില്ലെന്ന ആരോപണങ്ങളോട് വന്ദേ ഭാരത് സമയക്രമം പാലിക്കുന്നു എന്നും മറ്റ് ട്രെയിനുകൾ വൈകാൻ കാരണം വന്ദേ ഭാരത് അല്ലെന്നും റെയിൽവേ മറുപടി നൽകിയിരുന്നു.