കോവിഡ് ലോകമെമ്പാടും പടർന്നത് ഒരു മഹാമാരിയായിട്ടായിരുന്നു. കോവിഡ് എന്ന വൈറസ് കാരണം പിറവിയെടുത്തതു പ്രധാനമായും കോവിഡ് വാക്സിനുകളായിരുന്നു. അത് കൂടാതെ കോവിഡോ കോവിഡ് കാലഘട്ടമോ ഒരുത്തി സാങ്കേതികത്വത്തിന്റെ പിറവിക്കു കാരണമായെങ്കിൽ അതിൽ ശ്രദ്ധേയമായ ഇടം ഒരു മലയാളി സംരംഭത്തിനും അവർ വിപണിയിലെത്തിച്ച ഉല്പന്നത്തിനും കൂടിയുള്ളതാണ്.
ഇതൊരു മലയാളി സംരംഭം.
ഹെക്ക മെഡിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്. ബിനു അഗസ്റ്റിൻ, ബിജു അഗസ്റ്റിൻ, ഡോ. ജോബി അഗസ്റ്റിൻ എന്നി മൂന്ന് സഹോദരങ്ങൾ ചേർന്ന് തുടങ്ങിയ ഒരു മെഡിക്കൽ ഡിവൈസസ് സംരംഭം ഹെക്കഫ്ളോ-HekaFlo എന്ന ഉല്പന്നത്തിലൂടെ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറി ഒടുവിൽ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ കളമശേരിയിൽ ഇൻകുബേറ്റ് ചെയ്ത സംരംഭത്തിന്റെ പ്രൊഡക്ഷൻ യൂണിറ്റ് കോട്ടയം മോനിപ്പള്ളിയിലാണ്.
എന്താണ് ഹെക്കഫ്ളോ HekaFlo – High Flow Nasal Oxygen Therapy Device
ഒരു ഹൈ ഫ്ളോ നേസൽ ഓക്സിജൻ തെറാപ്പി ഡിവൈസാണ് (HFNC) ഹെക്കഫ്ളോ -HekaFlo . ശ്വസനസംബന്ധ പ്രശ്നങ്ങളുള്ള രോഗികൾക്ക് ഏറെ ഉപകാരപ്രദമായ മെഷീൻ രാജ്യത്ത് ആദ്യമായി നിർമിക്കുന്നത് ഹെക്ക മെഡിക്കൽസ് പ്രൈവറ്റ് ലിമിറ്റഡാണ്. ലോകത്തിലെ ആദ്യ ഐഒടി അധിഷ്ഠിത എച്ച്എഫ്എൻസി ഡിവൈസാണ് ഹെക്കാഫ്ളോ. ഡിവൈസിന് ബ്ലൂടൂത്തും വൈഫൈ കണക്റ്റിവിറ്റിയുമുണ്ട്. രോഗിക്ക് എത്ര ഓക്സിജൻ കൊടുക്കണമെന്ന് ഹെക്കഫ്ളോ പറയും. മെഷീനിൽ ഒരു ഇന്റലിജന്റ് അൽഗോരിതമുണ്ട്. എത്ര ഓക്സിജൻ പുറമെനിന്ന് രോഗിക്ക് നൽകണമെന്ന് ഇത് വെച്ച് മെഷീൻ കാൽക്കുലേറ്റ് ചെയ്യും. പേഷ്യന്റിനെ വെന്റിലേറ്ററിലേക്ക് മാറ്റണോ വേണ്ടെയോ എന്ന് രണ്ട് മിനിറ്റ് കൊണ്ട് പറയാനും മെഷീന് സാധിക്കും. നിലവിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സപ്പോർട്ട് നൽകുന്ന മെഷീന് ഭാവിയിൽ ഹോംകെയർ വെന്റിലേഷൻ എന്ന നിലയിലും ആവശ്യകത വരുമെന്നാണ് കണക്കുകൂട്ടുന്നത്.
സംരംഭ കാരണം കോവിഡ്: ഹെക്ക മെഡിക്കൽസ് മാനേജിങ് ഡയറക്റ്റർ ബിനു അഗസ്റ്റിൻ പറയുന്നു.
‘ഇലക്ട്രോണിക് എംബഡഡ് ഹാർഡ് വെയർ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട രണ്ട് കമ്പനികളുടെ സഹസ്ഥാപകനായിരുന്നു നേരത്തെ. ഈ കമ്പനികൾ ഇന്ത്യയിലുള്ള പല വെന്റിലേറ്റർ മാനുഫാക്ച്ചറേഴ്സിനും ഘടകങ്ങൾ നൽകിയിരുന്നു. കോവിഡ് കടുത്തു നിൽക്കുന്ന സമയത്ത് എന്തുകൊണ്ട് കോവിഡ് രോഗികളെ സഹായിക്കുന്ന രീതിയിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചു. വെന്റിലേറ്ററല്ല, കോവിഡിലെ ആദ്യ ലൈൻ ഓഫ് ഡിഫൻസ് എന്ന് പറയുന്നത് എച്ച്എഫ്എൻസി ഡിവൈസാണ്. അത് ഇന്ത്യയിൽ ആരും ഉണ്ടാക്കുന്നില്ല. അത്തരമൊരു ഉത്പന്നം എന്ത് കൊണ്ട് ഉണ്ടാക്കിക്കൂടാ ഇന്ത്യയിൽ വച്ചെന്നായിരുന്നു കണ്ട പല ഡോക്ടർമാരുടെയും വിദഗ്ധരുടെയും ചോദ്യം. അങ്ങനെ തീരുമാനിച്ചു ആ വഴിക്കൊരു സംരംഭവുമായി നീങ്ങാൻ. അങ്ങനെ ഞാനും എന്റെ രണ്ട് സഹോദരങ്ങളും കൂടി തുടങ്ങിയതാണ് ഹെക്ക മെഡിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,’ ബിനു കൂട്ടിച്ചേർത്തു.
നിലവിൽ ഇന്ത്യയിൽ ലഭിച്ചിരുന്ന ഇത്തരം യന്ത്രത്തിന്റെ ഇനിപ്പറയുന്ന ന്യുനതകൾ പരിഹരിച്ചായിരുന്നു ഹെക്കാഫ്ളോയുടെ ആദ്യ പ്രോട്ടോടൈപ്പ് തയാറാക്കിയത്. നിലവിൽ ഇറക്കുമതി ചെയ്ത മെഷിനുകൾ ചെലവേറിയതായിരുന്നു. അമൂല്യമായ ഓക്സിജൻ പാഴാകുന്നതു തടയാൻ സംവിധാനമുണ്ടായിരുന്നില്ല, രോഗിയുടെ ചികിൽസാ വിവരങ്ങൾ മെഷിനിൽ ഉണ്ടാകില്ല, ബ്ലഡിലെ ഓക്സിജൻ ലെവലിനെ കുറിച്ച് സൂചനയില്ല
ആദ്യ പ്രോട്ടൊടൈപ്പ് മെഷീൻ ഒരുപാട് മാറ്റങ്ങൾ വരുത്തി 2021 ജൂണിൽ പേഷ്യന്റ് ട്രയലിന് എറണാകുളത്തെ ലിസി ഹോസ്പിറ്റലിൽ വെച്ചു. അത് വിജയമായിരുന്നു. വളരെയേറെ കോവിഡ് രോഗികൾക്കും കോവിഡ്മുക്ത രോഗികൾക്കുമെല്ലാം ഇത് ഗുണം ചെയ്തു. ഒരു വർഷത്തോളം ക്ലിനിക്കൽ ട്രയൽ നടത്തി.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ കളമശേരിയിൽ ഇൻകുബേറ്റ് ചെയ്ത സംരംഭത്തിന് കെഎസ്ഐഡിസിയുടെ 25 ലക്ഷം രൂപയുടെ സീഡ് ഫണ്ട് ലഭിച്ചു. സ്റ്റാർട്ടപ്പ് മിഷന്റെ സീഡ് ഫണ്ട്, ഇന്നവേഷൻ ആൻഡ് പ്രൊഡക്റ്റൈസേഷൻ ഗ്രാന്റ് എന്നിവയും ലഭിച്ചു. ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിഐആർഎസി) 50 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിച്ചു. എസ്ബിഐ 2 കോടി രൂപയുടെ വർക്കിങ് കാപ്പിറ്റൽ ഫെസിലിറ്റിയും അനുവദിച്ചു.
ഹെക്ക മെഡിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 40 മെഷീനുകളോളം കേരളത്തിലെ വിവിധ ആശുപത്രികളിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയതലത്തിലെ വിൽപ്പനയാണ് ഇനി ലക്ഷ്യം. രാജ്യത്തുടനീളം ഡീലർ, ഡിസ്ട്രിബ്യൂഷൻ ശൃംഖല വികസിപ്പിക്കാനുള്ള ശ്രമത്തിലുമാണ് കമ്പനി. ഏഷ്യൻ, ഗൾഫ്, ആഫ്രിക്കൻ വിപണികളിലേക്കും ഉൽപ്പന്നം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, രാജ്യാന്തര സാന്നിധ്യമുള്ള ഇന്ത്യയിലെ മുൻനിര മെഡിക്കൽ ഡിവൈസസ് കമ്പനിയായി മാറുക എന്നതാണ് ലക്ഷ്യം.