ചുനവന ആപ്പ് ഉണ്ടോ?
മൊബൈലിൽ OTP വന്നോ? സെൽഫിയെടുത്തോ? അപ്ലോഡ് ചെയ്തോ?
എന്നാൽ പിന്നെ ബൂത്തിലേക്ക് വന്നോളൂ… മുഖം സ്കാൻ ചെയ്യും.ഇനി ധൈര്യമായി വോട്ട് ചെയ്തോളൂ”.
ഇതാണ് ബുധനാഴ്ചത്തെ തിരെഞ്ഞെടുപ്പ് ദിവസം കർണാടകയിൽ നടക്കാൻ പോകുന്നത്. എല്ലാ ബൂത്തിലുമല്ല കേട്ടോ. തുടക്കമെന്ന നിലയിൽ ബംഗളൂരുവിലെ ശിവാജി നഗറിലെ ഒരു പോളിംഗ് സ്റ്റേഷനിലാണ് ഈ ഹൈ ടെക്ക് വോട്ടിങ് സംവിധാനം.
കർണാടക നിയമസഭയിലേക്കുള്ള തിരെഞ്ഞെടുപ്പിൽ സമ്മതി ദാനാവകാശം വിനിയോഗിക്കണമെങ്കിൽ ബംഗളുരുവിലെ ഒരു പോളിംഗ്സ്റ്റേഷനിലെ നിലവിലെ വോട്ടർമാർ അല്പം ഹൈടെക്ക് ആകേണ്ടി വരും.
വോട്ടർമാർ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ചുനവന മൊബൈൽ ആപ്ലിക്കേഷൻ -EC’s Chunavana mobile ആപ്ലിക്കേഷൻ വഴി ആദ്യം രജിസ്റ്റർ ചെയ്യണം. അതിനുശേഷം ആപ്പിൽ അവർ അവരുടെ ഇലക്ടറുടെ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇപിഐസി) നമ്പർ നൽകുമ്പോൾ വോട്ടറുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി അയക്കും. ഇതിനുശേഷം, വോട്ടർമാർ ആപ്പിൽ തങ്ങളുടെ ഒരു സെൽഫി അപ്ലോഡ് ചെയ്യണം.
രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് ശേഷം, വോട്ടർമാർ പോളിംഗ് ബൂത്തിൽ എത്തുമ്പോൾ മുഖം തിരിച്ചറിയൽ സ്കാനറിന് facial recognition – വിധേയരാകും. ഇസിയുടെ ഡാറ്റാബേസിലുള്ള ഫോട്ടോയുമായി പൊരുത്തപ്പെടുന്നെങ്കിൽ, അവർക്ക് പിന്നെ മറ്റു രേഖകൾ നൽകേണ്ടതില്ല, വോട്ട് രേഖപ്പെടുത്താൻ അവർക്ക് അനുമതി ലഭിക്കും.
ഇത്തരത്തിലുള്ള ആദ്യ സംവിധാനം കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് സമീപമുള്ള ശിവാജി നഗറിലെ രണ്ടാം ബൂത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഈ സംവിധാനം ഉപയോഗിച്ച്, നീണ്ട ക്യൂ ഇല്ലാതാക്കാം, ഒപ്പം കള്ളവോട്ട്, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ എന്നിവ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. സംഭവം വിജയിച്ചാൽ അടുത്ത തിരെഞ്ഞെടുപ്പിൽ കർണാടകത്തിൽ മുഴുവൻ ഈ ഹൈടെക്ക് സംവിധാനം നടപ്പിലായേക്കാം.
ചുനവന ആപ്പ്
SRM യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടിംഗ് ടെക്നോളജീസ് ഡിപ്പാർട്ട്മെന്റ് ഓഫ് കംപ്യൂട്ടിംഗ് ടെക്നോളജീസ് വിദ്യാർത്ഥികൾ 30 മണിക്കൂർ നീണ്ടുനിന്ന ഓഫ്ലൈൻ ഹാക്കത്തോണിൽ വിജയം നേടി കൊണ്ട് വന്ന ആശയമാണിത്.
വോട്ടർമാരുടെ സൗകര്യാർത്ഥം കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പ് നൽകും.
ആപ്പ് ഉപയോക്താക്കളുടെ പോളിംഗ് ബൂത്തിന്റെ സ്ഥാനം, പോളിംഗ് ബൂത്തിലേക്കുള്ള നാവിഗേഷൻ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, പോളിംഗ് ഓഫീസർമാരുടെ വിശദാംശങ്ങൾ, തത്സമയ അടിസ്ഥാനത്തിൽ പോളിംഗ് സ്റ്റേഷനിലെ ക്യൂ, ലഭ്യമായ പാർക്കിംഗ് സ്ഥലം, സമീപത്തുള്ള അടിയന്തര സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും.
ബൂത്തിൽ മനുഷ്യശേഷി കുറച്ചു മതി.
ഒരു ബൂത്തിൽ നാല് പോളിംഗ് ഓഫീസർമാർക്ക് പകരം മൂന്ന് പേരെ മാത്രം വിന്യസിക്കാം. കാരണം മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ കാരണം കൂടുതൽ പരിശോധനകൾ ആവശ്യമില്ല,
ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒമാർ) ഈ ബൂത്തിലെ വോട്ടർമാരുടെ എല്ലാ വീടുകളും സന്ദർശിച്ച് പുതിയ സാങ്കേതികവിദ്യ വിശദീകരിച്ചിരുന്നു .ആപ്പ് സംവിധാനം തത്കാലത്തേക്ക് നിർബന്ധമല്ല, ഈ സൗകര്യം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്ക് പരമ്പരാഗത രീതി പിന്തുടരാവുന്നതാണ്.
ഇത് പ്രയോജനപ്പെടുത്തുന്ന വോട്ടർമാർക്കായി പ്രത്യേക ക്യൂ ഉണ്ടായിരിക്കുമെന്നു കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) മനോജ് കുമാർ മീണ പറഞ്ഞു.