ബിസിനസ് പ്രൊഫഷണലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ LinkedIn 716 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. ചൈന കേന്ദ്രീകരിച്ചുള്ള ജോബ് സേർച്ച് ആപ്പും കമ്പനി അടച്ചുപൂട്ടുകയാണ്.
20,000 ജീവനക്കാരുള്ള ലിങ്ക്ഡ്ഇൻ, കഴിഞ്ഞ വർഷം ഓരോ പാദത്തിലും വരുമാനം വർധിപ്പിച്ചിരുന്നു. എന്നാൽ ദുർബലമായ ആഗോള സാമ്പത്തിക രംഗം തൊഴിലാളികളെ പിരിച്ചുവിടുന്ന തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു.
പരസ്യ വിൽപ്പനയിലൂടെയും സാധ്യതകൾ കണ്ടെത്തുന്നതിന് നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന റിക്രൂട്ടിംഗ്, സെയിൽസ് പ്രൊഫഷണലുകൾക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾ ഈടാക്കുന്നതിലൂടെയും ലിങ്ക്ഡ്ഇൻ പണം സമ്പാദിക്കുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെയിൽസ്, ഓപ്പറേഷൻസ്, സപ്പോർട്ട് ടീമുകൾ എന്നിവയിലെ റോളുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കമെന്നു ജീവനക്കാർക്ക് അയച്ച കത്തിൽ ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്ലാൻസ്കി പറഞ്ഞു. ഈ മാറ്റങ്ങൾ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റോസ്ലാൻസ്കി കത്തിൽ പറഞ്ഞു. തൊഴിൽ രഹിതരാകുന്ന ജീവനക്കാർക്ക് ആ റോളുകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ലിങ്ക്ഡ്ഇൻ വക്താവ് പറഞ്ഞു.
ചൈനയിൽ വാഗ്ദാനം ചെയ്യുന്ന ജോബ്സ് ആപ്പ് ഒഴിവാക്കുകയാണെന്ന് ലിങ്ക്ഡ്ഇൻ പറഞ്ഞു. “വെല്ലുവിളി നിറഞ്ഞ” തൊഴിൽ അന്തരീക്ഷം ചൂണ്ടിക്കാട്ടി 2021 ൽ ചൈനയിലെ പ്രവർത്തനത്തിൽ നിന്ന് പതിയെ പിന്മാറാൻ തീരുമാനിച്ചതിന് ശേഷം ലിങ്ക്ഡ് ഇന്റെ ഭാഗത്തു നിന്നുളള മറ്റൊരു നടപടിയാണിത്. InCareers എന്ന് വിളിക്കപ്പെടുന്ന ശേഷിക്കുന്ന മറ്റൊരു ആപ്പ് ഓഗസ്റ്റ് 9-നകം ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന് ലിങ്ക്ഡ്ഇൻ അറിയിച്ചു. രാജ്യത്തിന് പുറത്ത് ജീവനക്കാരെ നിയമിക്കുന്നതിനും പരിശീലനം നൽകുന്നതിനും അവിടെ പ്രവർത്തിക്കുന്ന കമ്പനികളെ സഹായിക്കുന്നതിന് ലിങ്ക്ഡ്ഇൻ ചൈനയിൽ സാന്നിധ്യം നിലനിർത്തുമെന്ന് കമ്പനി വക്താവ് പറഞ്ഞു.
ടെക് മേഖലയിൽ, ആമസോൺ ഡോട്ട് കോമിലെ 27,000 പേർ ഉൾപ്പെടെ, സമീപകാല പിരിച്ചുവിടലുകളിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പിരിച്ചിവിടൽ നടത്തിയത് ഭൂരിഭാഗവും വലിയ കമ്പനികളാണ്. ഫേസ്ബുക്ക് ഉടമയായ മെറ്റാ പ്ലാറ്റ്‌ഫോംസ് 21,000 പേരെയും ഗൂഗിൾ മാതൃകമ്പനി ആൽഫബെറ്റ് 12,000 പേരെയും പിരിച്ചുവിട്ടു. LinkedIn ന്റെ പ്രഖ്യാപനത്തിന് മുമ്പ്, Layoffs.fyi പ്രകാരം മെയ് മാസത്തിൽ മാത്രം 5,000 ടെക്‌നോളജി ജോലികൾ ഇല്ലാതാക്കിയിരുന്നു. 2016-ൽ ഏകദേശം 26 ബില്യൺ ഡോളറിന് ലിങ്ക്ഡ്ഇൻ വാങ്ങിയ മൈക്രോസോഫ്റ്റ്, അടുത്ത മാസങ്ങളിൽ ഏകദേശം 10,000 തൊഴിൽ വെട്ടിക്കുറവുകൾ പ്രഖ്യാപിച്ചിരുന്നു.