” ഇന്ത്യയിൽ ഇനി ഡീസൽ ബസ്സുകൾ നിരത്തിലിറക്കരുത്, 2024 നു ശേഷം ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്, നഗരങ്ങളിലെ ജനസംഖ്യക്കനുസരിച്ച് ഡീസൽ വാഹനങ്ങൾ നിരോധിക്കും.
2027 ഓടെ ഡീസൽ നാലു ചക്ര വാഹനങ്ങൾ പൂർണമായും നിരത്തുകളിൽ നിരോധിക്കും.
2030 ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾ നിരത്തിലുണ്ടാകരുത്.”
എന്ത് കൊണ്ട് ?
പെട്രോളിയം മന്ത്രാലയം രൂപീകരിച്ച തരുൺ കപൂർ അധ്യക്ഷനായ ഊർജ്ജ പരിവർത്തന ഉപദേശക സമിതിയെ – Energy Transition Advisory committee – രാജ്യത്തിൻറെ വാണിജ്യ രംഗത്ത് ഗുരുതരവും, സമ്മിശ്രവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്താകാം?
കാരണം ഇതാണ്. ഗോ ഗ്രീൻ
- ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
- ഇന്ത്യയിലെ ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും ഡീസൽ ആണ്, അതിന്റെ 80 ശതമാനവും ഗതാഗത മേഖലയിൽ ഉപയോഗിക്കുന്നു.
- ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ അതിവേഗം മലിനമായിക്കൊണ്ടിരിക്കുന്നു.
- ഈ നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
- ഇതിൽനിന്നും രക്ഷ നേടണമെങ്കിൽ ഇന്ത്യയിൽ ഊർജ പരിവർത്തനം നടക്കണം.നഗരങ്ങൾ ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണം.
- ശുദ്ധമായ ഊർജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഭൂഗർഭ വാതക സംഭരണം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കണം.
- വിദേശ വാതക ഉൽപാദക കമ്പനികളുടെ പങ്കാളിത്തത്തോടെ വാതക സംഭരണത്തിനുള്ള ഇടങ്ങളും ഉപാധികളും ഇന്ത്യയിൽ തേടണം.
2027 ഓടെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോർ വീലർ വാഹനങ്ങളുടെ ഉപയോഗം ഇന്ത്യ നിരോധിക്കണമെന്നു എണ്ണ മന്ത്രാലയ പാനലായ ഊർജ്ജ പരിവർത്തന ഉപദേശക സമിതി നിർദ്ദേശിച്ചതിതൊക്കെ കൊണ്ടാണ്. .
2027 വരെ ഡീസൽ വാഹനങ്ങൾക്ക് നിരോധനം നടപ്പിലാക്കുമ്പോൾ 2030 ഓടെ, ഇലക്ട്രിക്കിൽ ഓടുന്ന നഗര ഗതാഗതത്തിൽ അത്തരം ബസുകൾ മാത്രമേ ഉൾപ്പെടുത്താവൂ. പാസഞ്ചർ കാറുകളും ടാക്സി വാഹനങ്ങളും 50 ശതമാനം പെട്രോളും 50 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ആയിരിക്കണം. 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രതിവർഷം 10 ദശലക്ഷം യൂണിറ്റ് കവിഞ്ഞേക്കും.
ഇന്ത്യക്ക് ഊർജ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കാനാകില്ലെന്നും സ്വന്തം സ്രോതസ്സുകൾ വികസിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ പ്രാഥമിക ഊർജ സ്രോതസ്സുകൾ കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയാണ്. ബയോമാസ് ഊർജ്ജത്തിന്റെ മറ്റൊരു ഉറവിടമാണെങ്കിലും, അതിന്റെ ഉപയോഗം കുറഞ്ഞുവരികയാണ്. ഇന്ത്യയിൽ കൽക്കരി വൻതോതിൽ ലഭ്യമാണെങ്കിലും എണ്ണ, വാതക ശേഖരം രാജ്യത്ത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക്, ഗ്യാസ് വാഹനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണീ നിർദേശങ്ങൾ. സമിതി ഈ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് നൽകികഴിഞ്ഞു . നഗരങ്ങളിലെ ജനസംഖ്യ അനുസരിച്ച് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സമിതി സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
മറ്റു റിപ്പോർട്ട് നിർദേശങ്ങൾ
- രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിന് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിന്, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് സ്കീമിന് (FAIM) കീഴിൽ നൽകുന്ന പ്രോത്സാഹനങ്ങൾ മാർച്ചിനുശേഷവും സർക്കാർ തുടർന്ന് പരിഗണിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചു
- 2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് റെയിൽവേയുടെയും ഗ്യാസ് ട്രക്കുകളുടെയും ഉയർന്ന ഉപയോഗം വേണമെന്നും പാനൽ ശുപാർശ ചെയ്തു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കുമെന്ന് റിപ്പോർട്ട് പ്രതീക്ഷ വയ്ക്കുന്നു.
- ദീർഘദൂര ബസുകൾ കൂടുതൽ സമയം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കണമെന്നും അടുത്ത 10-15 വർഷത്തേക്ക് ട്രാൻസിഷൻ ഇന്ധനമായി വാതകം ഉപയോഗിക്കാമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
- 10-15 വർഷത്തേക്ക് ഗ്യാസ് ഇന്ധനമായി ഉപയോഗിക്കാമെങ്കിലും ഇന്ത്യയിലെ ദീർഘദൂര ബസുകൾ വൈദ്യുതീകരിക്കേണ്ടതുണ്ട്. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്.
- 2070 ലെ മൊത്തം net zero goal കൈവരിക്കുന്നതിന് ഇന്ത്യ 40 ശതമാനം വൈദ്യുതി പുനരുപയോഗിക്കാവുന്നവയിൽ നിന്ന് ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു.
- ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ ഇലക്ട്രിക്, ഗ്യാസ് പവർ വാഹനങ്ങളിലേക്ക് മാറണം. കാരണം അത്തരം നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിർദ്ദേശത്തിൽ പറയുന്നു.