ഇന്ത്യയിലെ ഇന്റർനെറ്റ് സേവന രംഗത്ത് കൂടുതൽ കരുത്തോടെ കടന്നു വരുകയാണ് BSNL 4G. രാജ്യത്തെ ഒരു ലക്ഷം സൈറ്റുകളിൽ 4ജി സംവിധാനങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം അനുമതി നൽകിക്കഴിഞ്ഞു . ഇനി സർക്കാർ പൊതുമേഖലാ സ്ഥാപനമായ BSNL നടത്തുക പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള വഴികളാകും.
Tata Consultancy Services -ന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ഒരു ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 5ജി നൽകാൻ പ്രാപ്തമാണ് ടിസിഎസ് കൺസോർഷ്യം ലഭ്യമാക്കുന്ന ഉൽപ്പന്നങ്ങൾ എന്നതും ശ്രദ്ധേയമാണ്.
പൂർണമായും തദ്ദേശിയമായി വികസിപ്പിച്ച ഉൽപ്പന്നങ്ങളാണ് ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കുക.
ഈ വർഷം ഫെബ്രുവരിയിൽ, BSNL 1 ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സൈറ്റുകളിൽ വരും മാസങ്ങളിൽ 4ജി ലഭിച്ചു തുടങ്ങുമെന്നാണു സൂചന. അടുത്ത വർഷം മാർച്ചോടെ 4ജി സേവനം രാജ്യമൊട്ടാകെ ലഭ്യമാക്കാനാണു ശ്രമം.
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ മുംബൈ ആസ്ഥാനമായുള്ള TCS BSNL സൈറ്റുകൾക്കായി 13,000 കോടി യുടെ നെറ്റ് വർക്ക് ഗിയർ അടക്കം മൊത്തം 24,556.37 കോടി രൂപയുടെ 4ജി ഉപകരണങ്ങൾ വിതരണം ചെയ്യും. ഒരു വർഷത്തിനുള്ളിൽ കോർ ഉപകരണങ്ങളുടെ വിതരണം പൂർത്തിയാക്കാനാകുമെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി പറയുന്നു.
കഴിഞ്ഞ വർഷം BSNL 4G നെറ്റ്വർക്കിൽ 10 ദശലക്ഷം കോളുകൾ ഒരേസമയം പരീക്ഷിച്ചിരുന്നു.
സ്വകാര്യ ടെലികോം കമ്പനികൾ 5ജിക്കായി നിലകൊള്ളുമ്പോൾ 4ജി ആശ്രയിക്കുന്ന കോടികണക്കിന് ഇടത്തരം – സാധാരണക്കാരായ ഉപയോക്താക്കളെ വരിക്കാരായി തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് BSNL.