ഇന്ത്യ കണ്ട ഏറ്റവും മികച്ച യാത്രാ സുഖവും വേഗതയും ഉള്ള ട്രെയിൻ എന്തായാലും ഇത് വരെ വന്ദേ ഭാരതാണ്.
വന്ദേ ഭാരതിനെ രണ്ടാം ട്രാക്കിലേക്ക് നീക്കി കടന്നു വരാൻ ഒരുങ്ങുകയാണ് ഇതാ ഇന്ത്യ അവതരിപ്പിക്കുന്ന ആദ്യ ഹൈഡ്രജൻ എക്സ്പ്രസ് ട്രെയിൻ. അതും മെയ്ക് ഇൻ ഇന്ത്യ യുടെ മറ്റൊരു രൂപം.
മുംബൈ-പുണെ റൂട്ടിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനാണിപ്പോൾ പദ്ധതി. ഇതിനുള്ള സാധ്യതാപഠനം നടത്താൻ റെയിൽവേ ബോർഡ് മധ്യറെയിൽവേക്ക് നിർദേശം നൽകിക്കഴിഞ്ഞു.
മെയ്ക് ഇൻ ഇന്ത്യ ഹൈഡ്രജൻ ട്രെയിൻ.
മെയ്ക് ഇൻ ഇന്ത്യ ഹൈഡ്രജൻ ട്രെയിനുകൾ ആകും സർവീസിനായി ഒരുങ്ങിയെത്തുക. ഡീസലുപയോഗിച്ച് ഓടുന്ന ഡെമു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനാണ് രൂപമാറ്റം വരുത്തി ഹൈഡ്രജൻ ഇന്ധനമാക്കി ഓടിക്കാനൊരുങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേധാ സെർവോ ഡ്രൈവ്സ് എന്ന കമ്പനിയാണ് റെയിൽവേക്കുവേണ്ടി ഹൈഡ്രജൻ ട്രെയിൻ എൻജിൻ നിർമിക്കുന്നത്. ജർമനിയിൽ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് സ്വയം വികസിപ്പിച്ച് പരീക്ഷിക്കുന്നത്.
എന്നാൽ വേഗതയിൽ വന്ദേ ഭാരത് തന്നെയാകും മുന്നിൽ .ഡെമു ട്രെയിനുകളുടെ പരമാവധിവേഗം മണിക്കൂറിൽ 130 കിലോമീറ്ററായതിനാൽ ഹൈഡ്രജൻ ട്രെയിനുകളുടെ വേഗവും ഇതിനെക്കാൾ കൂടില്ല. അതിസുരക്ഷ ഒരുക്കുന്നതിന് ഇരട്ടപാളികളുള്ള ടാങ്കുകളിലാകും ഹൈഡ്രജൻ നിറയ്ക്കുക.
രാജ്യത്ത് വികസിപ്പിച്ച വന്ദേഭാരത് തീവണ്ടികളിൽ വേണ്ട മാറ്റംവരുത്തി അവയെ ഹൈഡ്രജൻ ട്രെയിനുകളാക്കി മാറ്റാനുള്ള ആലോചനയുമുണ്ട്.
രാജ്യം ഹരിത ഗതാഗതത്തിലേക്കു അടിയന്തിരമായി മാറണമെന്ന് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്. അതിന്റെ ചുവടു പിടിച്ചു ചരക്കു, യാത്രാ തീവണ്ടികളടക്കം ഹരിത ഇന്ധനത്തിലേക്കു മാറുവാനും നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം ട്രെയിനുകൾ വരുന്നതോടെ ഇന്ധനച്ചെലവിനത്തിൽ റെയിൽവേക്ക് വലിയ നേട്ടമുണ്ടാകും. ഒരു ഡെമു ട്രെയിനിനുപകരം ഹൈഡ്രജൻ ട്രെയിൻ ഓടുന്നതിലൂടെ മാത്രം ഇന്ധനയിനത്തിൽ ഒരുവർഷം 2.3 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കണക്ക്.
ഹരിയാണയിലെ സോണിപത്ത്-ജിന്ദ് റൂട്ടിൽ ട്രെയിനിന്റെ പരീക്ഷണയോട്ടം ആറുമാസത്തിനുള്ളിൽ നടക്കും. അതിനുശേഷമായിരിക്കും മുംബൈ-പുണെ റൂട്ടിലെ പരീക്ഷണയോട്ടം. 2025-ൽ മുംബൈ-പുണെ റൂട്ടിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മധ്യ റെയിൽവേ പറയുന്നു.
ഇനിയും കടമ്പകളുണ്ട് ഹൈഡ്രജന്
ചെറിയൊരു പ്രശ്നമുണ്ട്. ഹൈഡ്രജൻ സംഭരണത്തിലെ അപര്യാപ്തത തീവണ്ടിയുടെ യാത്രാ ദൂരത്തെ ബാധിച്ചേക്കാം.
ഹൈഡ്രജൻ തീവണ്ടികൾ സഞ്ചരിക്കുന്ന പരമാവധി ദൂരം നിലവിൽ കണക്കാക്കുന്നത് 1000 കിലോമീറ്ററാണ്. 15 ശതമാനമെങ്കിലും ഇന്ധനം ടാങ്കിൽ ബാക്കിയുണ്ടാവണമെന്ന കണക്കിൽ 800 കിലോമീറ്ററാക്കിയിത് ചുരുക്കണം.
മുംബൈയിൽനിന്ന് പുണെയിൽപ്പോയി തിരിച്ചുവരാൻ ഏകദേശം 400 കിലോമീറ്ററാണ് ദൈർഘ്യം. തീവണ്ടി മടങ്ങിയെത്തിയശേഷം ഇന്ധനം നിറച്ചാൽ മതിയെന്നതാണ് മുംബൈ-പുണെ റൂട്ട് തിരഞ്ഞെടുക്കാനുള്ള ഒരു കാരണം.
റെയിൽവേയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മുംബൈയിൽ ഹൈഡ്രജൻ നിറയ്ക്കാനുള്ള സംവിധാനം ഒരുക്കാമെന്നതാണ് മറ്റൊരു കാരണം.
ടാങ്കിൽ ഹൈഡ്രജൻ നിറയ്ക്കാൻ സമയമെടുക്കുമെന്നതിനാൽ ദീർഘദൂര സർവീസുകൾക്ക് ഇനിയും കാലതാമസം വരും.