സംരംഭം തുടങ്ങുമ്പോൾ മൂലധനം വലിയ വെല്ലുവിളിയാണ് പലർക്കും. എളുപ്പത്തിൽ ആവശ്യത്തിന് ഫണ്ട് കിട്ടുക എന്നത് അത്യന്താപേക്ഷിതമാണ്. പുതുതായി ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (SISFS SCHEME).
സംരംഭത്തിന് പിന്നിലെ കൃത്യമായ ആശയം ആദ്യഘട്ടത്തിൽ തന്നെ സമർപ്പിക്കണം. ഇതിന് സാധിച്ചാൽ മാത്രമേ എയ്ഞ്ചൽ നിക്ഷേപകരിൽ നിന്നും, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഫണ്ടിംഗ് സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാകൂ. അതുപോലെ ത്തന്നെ, വായ്പ സ്വീകരിക്കാൻ പര്യാപ്തമായ അസറ്റ് അപേക്ഷകർക്കുണ്ടായിരിക്കണം. അസറ്റ് ബാക്ക്ഡ് അപേക്ഷകർക്ക് മാത്രമാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. സ്റ്റാർട്ടപ്പിന്റ ആശയം അല്ലെങ്കിൽ മാതൃരൂപമായ പ്രോട്ടോടൈപ്പ് വികസനം, പ്രോഡക്റ്റിന്റെ പരീക്ഷണം, മാർക്കറ്റിലേക്കുള്ള പ്രവേശനം, വാണിജ്യവൽക്കരണം എന്നിവയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകാൻ 945 കോടി രൂപയോളമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമിന് കീഴിൽ വകയിരുത്തിയിരിക്കുന്നത്.
അടുത്ത 4 വർഷത്തിനുള്ളിൽ 300 ഇൻകുബേറ്ററുകൾ വഴി 3,600 സംരംഭകരെ പിന്തുണയ്ക്കും. ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ഇൻകുബേറ്ററുകൾ വഴി യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് ഈ ഫണ്ട് വിതരണം ചെയ്യും.
സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമിന്റെ മൊത്തത്തിലുള്ള നിർവ്വഹണത്തിനും, മേൽനോട്ടത്തിനും ഉത്തരവാദിത്തമുള്ള DPIIT ട്രേഡ് ഒരു വിദഗ്ധ ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കായുള്ള സീഡ് ഫണ്ടുകൾ കൈമാറുന്നതിനുള്ള ഇൻകുബേറ്ററുകളെ വിലയിരുത്തുകയും, തിരഞ്ഞെടുക്കുകയും ചെയ്യുന്നത് ഈ ഉപദേശക സമിതിയാണ്.
സീഡ് ഫണ്ടിന് അർഹതയുള്ള സ്റ്റാർട്ടപ്പുകൾക്കാവശ്യമായ യോഗ്യതകൾ ഇവയാണ്;
- DPIIT അംഗീകരിച്ച ഒരു സ്റ്റാർട്ടപ്പ്, അപേക്ഷിക്കുന്ന സമയത്ത് കൂടിയത് രണ്ട് വർഷത്തെ കാലാവധിയുള്ളവയായിരിക്കണം. DPIIT-അംഗീകാരത്തിനായി അപേക്ഷിക്കുന്നതിന് www.startupindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- പ്രായോഗിക വാണിജ്യവൽക്കരണം, സ്കെയിലിംഗിന്റെ വ്യാപ്തി എന്നിവയുള്ള ഒരു ഉൽപ്പന്നമോ സേവനമോ വികസിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പിന് ഒരു ബിസിനസ്സ് ആശയം ഉണ്ടായിരിക്കണം.
- സാമൂഹിക ആഘാതം, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സ്കീമിന് കീഴിൽ മുൻഗണന നൽകും.
- കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്കീമിന് കീഴിൽ സ്റ്റാർട്ടപ്പിന് 10 ലക്ഷം രൂപയിൽ കൂടുതൽ ധനസഹായം ലഭിച്ചിരിക്കരുത്.
- മത്സരങ്ങളിൽ നിന്നും വലിയ വെല്ലുവിളികളിൽ നിന്നുമുള്ള സമ്മാനത്തുക, സബ്സിഡിയുള്ള ജോലിസ്ഥലം, സ്ഥാപക പ്രതിമാസ അലവൻസ്, ലാബുകളിലേക്കുള്ള പ്രവേശനം അല്ലെങ്കിൽ പ്രോട്ടോടൈപ്പിംഗ് സൗകര്യത്തിലേക്കുള്ള പ്രവേശനം എന്നിവ ഇതിൽ ഉൾപ്പെടുന്നില്ല.