ജലസഞ്ചാരത്തിനായി ഇലക്ട്രിക് ഡ്രൈവർലെസ് അബ്രകൾ പരീക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായ് RTA. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 8 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് അബ്രകളുടെ ട്രയൽ ഓപ്പറേഷൻ ആരംഭിച്ചു.
അൽ ജദ്ദാഫ് സ്റ്റേഷനിൽ നിന്ന് ദുബായ് ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷനിലേക്കായിരുന്നു ഈ അബ്രയുടെ പ്രാരംഭ യാത്ര.
Exalto Emirates, Marakeb എന്നീ കമ്പനികളുമായി സഹകരിച്ചാണ് ട്രയലുകൾ നടത്തിയത്. തടിയിൽ തീർക്കുന്ന പരമ്പരാഗത ബോട്ടുകൾക്കാണ് അറേബ്യൻ രാജ്യങ്ങളിൽ അബ്ര എന്നു പറയുന്നത്.
ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ ഘടന രൂപകൽപ്പന ചെയ്യുന്നതിൽ ആർടിഎ പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ചു, ഭാരം കുറയ്ക്കാൻ ഫൈബർഗ്ലാസ് ഉപയോഗിച്ചു. സീറോ കാർബൺ എമിഷൻ, കുറഞ്ഞ പ്രവർത്തന, അറ്റകുറ്റപ്പണി ചെലവ്, ഡീസൽ പവർ മോഡലുകളെ അപേക്ഷിച്ച് ശബ്ദമില്ലായ്മ എന്നിവയാണ് ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ സവിശേഷതകൾ. പരമാവധി ഏഴ് നോട്ട് വേഗതയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഇതിലുണ്ട്. ഏഴ് മണിക്കൂർ പ്രവർത്തന സമയം ഉറപ്പാക്കുന്ന നാല് ലിഥിയം ബാറ്ററികളും സ്വയംഭരണ നിയന്ത്രണ സംവിധാനവുമുണ്ട്.
എമിറേറ്റിലെ സുഗമമായ സഞ്ചാരത്തിന് അത്യന്താപേക്ഷിതമായ സമുദ്ര ഗതാഗത മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന് ആർടിഎ ഒരു മാസ്റ്റർ പ്ലാൻ വികസിപ്പിച്ചിട്ടുണ്ട്. ദുബായുടെ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്പോർട്ടിനായുള്ള ആർടിഎയുടെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പ്രവർത്തനമെന്ന് ആർടിഎ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് ക്രീക്കിലെ നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളുടെ വികസനം പദ്ധതിയിൽ ഉൾപ്പെടുന്നു.
ബർ ദുബായ്, ദേര ഓൾഡ് സൂക്ക്, ദുബായ് ഓൾഡ് സൂക്ക്, അൽ സബ്ഖ അബ്ര സ്റ്റേഷനുകളുടെ ശേഷി 33 ശതമാനം വർധിപ്പിക്കുക, അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുന്നതിനും ആസ്തികളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, സ്റ്റേഷനുകളും മറീനകളും മെച്ചപ്പെടുത്തുക, ഉപഭോക്താക്കൾക്കും നിക്ഷേപ മേഖലകൾക്കും സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. സമുദ്രഗതാഗതത്തിലൂടെ 2022-ൽ ഏകദേശം 16 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചതെന്ന് RTA കണക്കുകൾ പറയുന്നു.