ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 950 സ്റ്റാര്‍ട്ടപ്പുകൾക്കാണ് കേരളം താങ്ങും തുണയുമായത്. ലോകമാകെയുള്ള ബിസിനസ് ഇൻകുബേറ്ററുകളുടെയും, ആക്സിലറേറ്ററുകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ട് സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.ഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിലാണ് കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മിഷൻ ഈ നേട്ടം കൈവരിച്ചത്. ലോകത്തെ 1895 സ്ഥാപനവുമായി മത്സരിച്ചാണ്
കേരള സ്റ്റാർട്ടപ്പ് മിഷൻ ഈ നേട്ടം കൈവരിച്ചത്.
2016ല്‍ 300 സ്റ്റാര്‍ട്ടപ്പാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോഴത് 4043 ആയി. ഇതില്‍ 233 എണ്ണം വനിതകള്‍ നേതൃത്വം നല്കുന്ന സ്റ്റാർട്ടപ്പുകളാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തു സ്റ്റാർട്ടപ്പ് മിഷന്റെ മേൽനോട്ടത്തിൽ 950 സ്റ്റാർട്ടപ്പുകളാണ് രണ്ടു വർഷത്തിനുള്ളിൽ ആരംഭിച്ചത്. ഒപ്പം 63 ലധികം ഇൻകുബേഷനുകൾ, സ്റ്റാർട്ടപ്പുകൾക്ക് പത്തു ലക്ഷത്തിലധികം sq.ft ഓഫീസ് ഇടം എന്നിവയൊക്കെ കണ്ടെത്താൻ കേരളാ സ്റ്റാർട്ടപ്പ് മിഷന് സാധിച്ചു. ഇതൊക്കെ മുൻനിർത്തിയാണ് കേരള സ്റ്റാര്‍ട്ടപ് മിഷനെ തേടി ആഗോള പുരസ്കാരം എത്തിയത്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബ് നിർമ്മിച്ചും സർവകലാശാലകളിൽ ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിച്ചും കേരളസർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
മെയ് 16-ന് ബെൽജിയത്തിലെ ഗെന്റിൽ നടക്കാനിരിക്കുന്ന ലോക ഇൻകുബേഷൻ ഉച്ചകോടി-2023ൽ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർക്കുള്ള പുരസ്കാരം KSUM ഏറ്റുവാങ്ങും.
കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിന്റെ (ജിഎസ്ഇആര്‍) അഫോഡബിള്‍ ടാലന്റ് റാങ്കിങ്ങില്‍ കേരളം ഏഷ്യയില്‍ ഒന്നാമതും ലോകത്ത് നാലാമതുമെത്തിയിരുന്നു. സ്റ്റാര്‍ട്ടപ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരം തുടര്‍ച്ചയായ മൂന്നാം തവണയും നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2500 കോടി രൂപയാണ് ഈ മേഖലയില്‍ നിക്ഷേപമായെത്തിയത്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള നാല് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍നിന്ന് 800 കോടി രൂപയുടെ കോര്‍പസ് ഫണ്ടാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് ലഭ്യമായത്. കഴിഞ്ഞ ബജറ്റില്‍ വിവിധ സ്റ്റാര്‍ട്ടപ് മേഖലകളെ അടിസ്ഥാനമാക്കി കോര്‍പസ് ഫണ്ട് രൂപീകരിക്കാന്‍ 30 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.