ഒരു വർഷം കൊണ്ട് ആഗോള വികസനത്തിനായി 50 കോടി രൂപ വകയിരുത്തി സോഫ്റ്റ് വെയർ പ്രൊഡക്റ്റ് എൻജിനിയറിങ് സേവന കമ്പനിയായ എക്‌സ്പീരിയോൺ ടെക്‌നോളജീസ്-Experion Technologies. ഈ കാലയളവിൽ യുഎസ്, ഓസ്‌ട്രേലിയ/ന്യൂസിലൻഡ്, യുകെ, യൂറോപ്പിലെ പ്രധാന രാജ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന നിലവിലെ വിപണികളിലും ജപ്പാൻ, നോർഡിക്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കും.
അടുത്ത 12 മാസത്തിനുള്ളിൽ ആഗോള വികസനത്തിനായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രാദേശിക സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വിപണികളിലേക്ക് സാങ്കേതിക വിദഗ്ധരെയും സീനിയർ സെയിൽസ്, ഡൊമെയിൻ വിദഗ്ധരെയും നിയമിക്കുന്നുണ്ട്.
15 വർഷത്തിലധികം അനുഭവപരിചയവും 500-ലധികം ഉപഭോക്താക്കളുമുള്ള ഒരു ഡിജിറ്റൽ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് കമ്പനിയാണ് എക്‌സ്പീരിയോൺ ടെക്‌നോളജീസ്. 108% വളർച്ചാ നിരക്കോടെ Inc. 5000 -റീജിയണൽ സൗത്ത് വെസ്റ്റ് ലിസ്റ്റിൽ അതിവേഗം വളരുന്ന 94-ാമത്തെ കമ്പനിയായി എക്‌സ്പീരിയോൺ ടെക്നോളജീസ് റാങ്ക് ചെയ്യപ്പെട്ടു.
എക്‌സ്പീരിയോൺ തങ്ങളുടെ ജപ്പാനിലെ പ്രവർത്തനം ജൂണിൽ ആരംഭിക്കും. യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്നും നേടിയിട്ടുള്ള സാങ്കേതിക ശേഷിയും പ്രൊഡക്റ്റ് എൻജിനീയറിംഗ് പരിചയവും ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. ഓട്ടോമോട്ടീവ്, എംബെഡഡ് സംവിധാനങ്ങൾ തുടങ്ങിയ എൻജിനീയറിങ് വളർച്ചയ്ക്കായി ശേഷി വർധിപ്പിക്കുന്നതിനും കമ്പനി നിക്ഷേപം നടത്തും.
വികസനത്തിന്റെ ഭാഗമായി ഓൺസൈറ്റ് നിയമനങ്ങളും വർധിപ്പിക്കുന്നുണ്ട്. യുഎസ്, ഓസ്‌ട്രേലിയ/ന്യൂസിലാൻഡ് ഓഫീസുകൾക്കായി പ്രാദേശിക എൻജിനീയർമാരെ നിയമിക്കൽ ആരംഭിച്ചു കഴിഞ്ഞു.
2025-26 ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി 3000 ലെത്തിക്കും. ഇതിനായി 1500 ഐടി പ്രൊഫഷണലുകളെ കൂടി ചേർക്കാൻ എക്‌സ്പീരിയോൺ പദ്ധതിയിടുന്നു. ഇതിൽ 600 നിയമനങ്ങൾ കമ്പനിയുടെ കേന്ദ്രമായ കേരളത്തിലായിരിക്കും.
ആഗോള തലത്തിൽ പ്രൊഡക്റ്റ് എൻജിനീയറിങ്ങിനായുള്ള ഉപഭോക്തൃ ഡിമാൻഡ് വർധിക്കുന്നതിന് അനുസരിച്ച് കമ്പനിയുടെ മൂന്ന് ഡെലിവറി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയിൽ ലഭ്യമായിട്ടുള്ള ഐടി പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനും കമ്പനിക്ക് പദ്ധതികളുണ്ട്.
ആഗോള മാന്ദ്യത്തിനിടയിലും സുസ്ഥിരമായ വളർച്ചയും വിപണി വ്യാപനവും വഴി എക്‌സ്പീരിയന്റെ ബിസിനസ് മോഡൽ കരുത്തുറ്റതായെന്ന് Experion Technologies മാനേജിങ് ഡയറക്ടറും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.