അറബ് മേഖലയിലുടനീളം സാമ്പത്തിക വികസനവും കണക്റ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖല യുഎഇയിലെ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. അബുദാബി, ദുബായ്, അൽ ഐൻ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന വിപുലമായ ശൃംഖലയാണ് ഇത്തിഹാദ് റെയിൽ.
അബുദാബിക്കും ദുബായ്ക്കുമിടയിൽ 256 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 29 പാലങ്ങളും 60 ക്രോസിംഗുകളും 137 ഡ്രെയിനേജ് ചാനലുകളും ഉൾപ്പെടുന്നു. ഷാർജയിൽ, ഈ പാത 45 കിലോമീറ്റർ ദൂരമാണ് ഉൾക്കൊള്ളുന്നത്, റാസൽ ഖൈമ എക്സ്റ്റൻഷൻ 5.7 കിലോമീറ്ററിലധികം വ്യാപിക്കുകയും പദ്ധതിയുടെ പ്രധാന റെയിൽവേ ട്രാക്കുകളുമായി എമിറേറ്റിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ റെയിൽപ്പാത ഒമാനിലേക്കും സൗദി അറേബ്യയിലേക്കും ബന്ധിപ്പിക്കും, അങ്ങനെ ലോജിസ്റ്റിക്സും വ്യാപാര ശേഷിയും വർധിപ്പിക്കും. ജിസിസി റെയിൽവേ ശൃംഖലയുടെ അവിഭാജ്യ ഘടകമായ യുഎഇയിലുടനീളമുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങൾ, വ്യാവസായിക മേഖലകൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, ലോജിസ്റ്റിക് സൗകര്യങ്ങൾ, പ്രധാന ഇറക്കുമതി, കയറ്റുമതി കേന്ദ്രങ്ങൾ എന്നിവയെ ഇത് ബന്ധിപ്പിക്കും. ഈ ആധുനിക റെയിൽ അടിസ്ഥാന സൗകര്യം റോഡിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതി സുസ്ഥിരതയെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. അബുദാബിയെയും ദുബായെയും ബന്ധിപ്പിച്ച് റെയിൽവേ ലൈൻ 2022 മാർച്ചിൽ ഓടിത്തുടങ്ങുകയും പിന്നീട് റാസൽഖൈമയും ഷാർജയും ഉൾപ്പെടുത്തി വിപുലീകരിക്കുകയും ചെയ്യുകയായിരുന്നു.
ഭാവിയിൽ റൂട്ടിൽ കൂട്ടിച്ചേർക്കലുകളോ പരിഷ്കാരങ്ങളോ ഉണ്ടായേക്കാമെന്നിരിക്കെ, നെറ്റ്വർക്കിന്റെ 70 ശതമാനം ഇതിനകം തന്നെ നിർമ്മിച്ചതായി ഇത്തിഹാദ് റെയിൽ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽഡ ഷാ, ഹബ്ഷാൻ എന്നിവിടങ്ങളിലെ ഗ്യാസ് ഫീൽഡുകളെ റുവൈസുമായി ബന്ധിപ്പിക്കുന്ന ഒരു ചരക്ക് സർവീസ് 2016-ൽ പ്രവർത്തനം ആരംഭിച്ചു. അബുദാബി നാഷണൽ ഓയിൽ കമ്പനിക്കായി ഇത് പ്രതിദിനം 22,000 ടൺ വരെ ഗ്രാനേറ്റഡ് സൾഫർ കൊണ്ടുപോകുന്നു. ഘട്ടം രണ്ടിൽ പടിഞ്ഞാറ് ഗുവൈഫാത്തിനെ കിഴക്ക് ഫുജൈറയുമായി ബന്ധിപ്പിക്കുന്നു. ഏഴ് എമിറേറ്റുകളെയും പ്രാഥമിക റെയിൽവേയുമായി ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ബൃഹത്തായ പദ്ധതിയായ യുഎഇ നാഷണൽ റെയിൽ നെറ്റ്വർക്ക് ഇത്തിഹാദ് റെയിൽ വിജയകരമായി പൂർത്തിയാക്കിയതായി 2023 മാർച്ചിൽ പ്രഖ്യാപിച്ചു. ശൃംഖല നാല് തുറമുഖങ്ങളെയും ലോജിസ്റ്റിക് ഹബ്ബുകളെയും ബന്ധിപ്പിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 593 പാലങ്ങളും ക്രോസിംഗുകളും 38 ലോക്കോമോട്ടീവുകളും ആറ് ടണലുകളും ഇതിൽ ഉൾപ്പെടുത്തുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.
അടുത്ത വർഷത്തോടെ ഇത്തിഹാദ് പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും. ഓരോ ട്രെയിനിലും ഏകദേശം 400 പേർക്ക് യാത്ര ചെയ്യാനുള്ള ശേഷിയുണ്ടാകും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി എന്നിവയുൾപ്പെടെ വ്യത്യസ്ത സീറ്റിംഗ് ഓപ്ഷനുകൾ ലഭ്യമാകും.
വൈഫൈ, വിനോദ സംവിധാനങ്ങൾ, ചാർജിംഗ് പോയിന്റുകൾ, ഡൈനിംഗ് സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ട്രെയിൻ ബോഗികൾ സജ്ജീകരിച്ചിരിക്കുന്നത്. അബുദാബിയും ദുബായും തമ്മിലുള്ള യാത്രാ സമയം ഏകദേശം 50 മിനിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 100 മിനിറ്റ് എടുക്കും. 2030 ഓടെ റെയിൽവേ സർവീസ് പ്രതിവർഷം 36 ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഡംബര ട്രെയിൻ സർവീസുകൾക്കായി ഇറ്റലിയിലെ Arsenale ഗ്രൂപ്പുമായി ഇത്തിഹാദ് റെയിൽ പങ്കാളിത്തത്തിൽ ഏർപ്പട്ടിരുന്നു. ഈ ലക്ഷ്വറി ട്രെയിനുകൾ ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള മനോഹരമായ ടൂർ വാഗ്ദാനം ചെയ്യും.