അഞ്ച് കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു – ബിസിനസ് വ്യാപാര ഇടപാടുകൾക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ -ഇൻവോയ്സിങ് -E-invoicing – നിർബന്ധമാക്കി. വരുമാന ശേഖരണത്തിലെ വിടവുകൾ നികത്തുന്നതിനും വേണ്ടിയാണ് ഈ നീക്കം.
നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതൽ 5 കോടി രൂപയായി കുറച്ചത്. ഘട്ടംഘട്ടമായി ഇലക്ട്രോണിക് ഇൻവോയ്സ് നടപ്പാക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. എല്ലാ ചെറുകിട വ്യവസായങ്ങളെയും ഔപചാരിക സമ്പദ്വ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ചെറുകിട ബിസിനസ് വെണ്ടറുടെയും വലിയ കോർപ്പറേറ്റ് ക്ലയന്റുകളുടെയും വിൽപ്പന കണക്കുകൾ സമന്വയിപ്പിക്കുന്നതിനും ഇ-ഇൻവോയ്സുകൾ സഹായിക്കും.
എങ്ങിനെ, ആരൊക്കെ ഇ ഇൻവോയ്സ് തയാറാക്കണം?
- 2017-2018 സാമ്പത്തിക വർഷം മുതൽ ഏതെങ്കിലും വർഷത്തിൽ 5 കോടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ – ഇൻവോയ്സ് തയ്യാറാക്കണം.
- ഇ – ഇൻവോയ്സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ -ഇൻവോയ്സ് തയ്യാറാക്കണം.
- ഇ-ഇൻവോയ്സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്സിങ് നടത്തണം. ഇതിനായി 2023 ആഗസ്റ്റ് 1 ന് മുൻപായി ഇ-ഇൻവോയ്സ് പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത് ‘യൂസർ ക്രെഡൻഷ്യൽസ്’ കൈപ്പറ്റേണ്ടതാണ്.
- ഇ-വേ ബിൽ പോർട്ടലിൽ ‘യൂസർ ക്രെഡൻഷ്യൽസ്’ ഉള്ള വ്യാപാരികൾക്ക് അതിനായുള്ള യൂസർ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ഇ-ഇൻവോയ്സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാവുന്നതാണ്.
- ഇ-ഇൻവോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇ -ഇൻവോയ്സ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇന്പുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല.
ഒഴിവാക്കിയത് ഇവയെ
ജിഎസ്ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്സിങ് ആവശ്യമില്ല.
സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട് സർവീസ്, മൾട്ടിപ്ലെക്സ് സിനിമ അഡ്മിഷൻ, എന്നീ മേഖലകളെയും ഇ- ഇൻവോയ്സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
2023 ഓഗസ്റ്റ് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും നിയമത്തിലെ “പത്ത് കോടി രൂപ” എന്ന വാക്കുകൾക്ക് പകരം “അഞ്ച് കോടി രൂപ” എന്ന വാക്കുകൾ ഉപയോഗിക്കും എന്നും സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
തെറ്റായ ഐടിസി ക്ലെയിമുകൾ വേഗത്തിൽ കണ്ടെത്താനും ജിഎസ്ടി യുടെ അടിസ്ഥാനം വിപുലീകരിക്കാനും ഇൻവോയ്സിങ് പാലിക്കൽ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ജൂലൈ അവസാനത്തോടെ വർദ്ധിച്ച ശേഷി കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഇ ഇൻവോയ്സിങ് പോർട്ടൽ തയ്യാറാക്കാൻ ജിഎസ്ടി നെറ്റ്വർക്ക് സാങ്കേതിക ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
2020 ഒക്ടോബർ 1 മുതൽ 500 കോടി രൂപ വിറ്റുവരവുള്ള കമ്പനികൾക്ക് B2B ഇടപാടുകൾക്കുള്ള ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കിയിരുന്നു.
ഈ പരിധി പിന്നീട് 2021 ജനുവരി 1 മുതൽ 100 കോടി രൂപ വിറ്റുവരവുള്ള ബിസിനസുകളിലേക്ക് വ്യാപിപ്പിച്ചു. 2021 ഏപ്രിൽ 1 മുതൽ 50 കോടി രൂപ വിറ്റുവരവുള്ള കമ്പനികളിലേക്ക് ഇ -ഇൻവോയ്സിങ് വീണ്ടും പരിഷ്ക്കരിച്ചു.
ഒക്ടോബർ 1 മുതൽ, 10 കോടി രൂപയോ അതിൽ കൂടുതലോ വാർഷിക വിറ്റുവരവുള്ള ബിസിനസുകൾ ബിസിനസ് ടു ബിസിനസ് (B2B) ഇടപാടുകൾക്കായി ഇ-ഇൻവോയ്സിംഗിലേക്ക് മാറി. ആ പരിധിയാണിപ്പോൾ 5 കോടിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.