ഫ്രഞ്ച് എയ്റോസ്പേസ് -ഡിഫന്‍സ് കമ്പനി സഫ്രാന്‍ ആദ്യ യൂണിറ്റുമായി കേരളത്തിലെത്തി. തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപം സഫ്രാൻറെ ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്റർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ തന്നെ സഫ്രാന്‍ സ്പേസ് പ്രൊഡക്റ്റിന്റെ അസംബ്ലിംഗ്/മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താല്പര്യവും അധികൃതര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ തിരുവനന്തപുരത്തെ ഈ യൂണിറ്റ് ഏഷ്യാ പസിഫിക് മേഖലയിലെ സ്പേസ് ടെസ്റ്റ് കേന്ദ്രമാക്കുകയാണ് സഫ്രാന്റെ ലക്ഷ്യം.
ബഹിരാകാശ-പ്രതിരോധ ടെസ്റ്റ് സെന്റര്‍
ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്ററാണ് സഫ്രാന്‍ കേരളത്തിൽ തുടങ്ങിയത്. എയര്‍ക്രാഫ്റ്റ് നിര്‍മ്മാണരംഗത്തും പ്രതിരോധരംഗത്തെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും ആഗോള പരിചയമുള്ള കമ്പനിയാണ് സഫ്രാന്‍.
റോബോട്ടിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും ബഹിരാകാശമേഖലയിലെ ലോഞ്ച് വെഹിക്കിളുകള്‍ക്കും സാറ്റലൈറ്റുകള്‍ക്കും ആവശ്യമായ അത്യാധുനിക യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്നതിലും കമ്പനിക്ക് മികവുണ്ട്.
ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ ദീര്‍ഘകാലത്തെ സഹകരണമാണ് സഫ്രാന്‍ ഇലക്ട്രോണിക്സ് ആന്റ് ഡിഫന്‍സ് കമ്പനിക്കുള്ളത്.
ഇന്ത്യൻ പ്രതിരോധ വിഭാഗങ്ങൾക്ക് വേണ്ടി ഫൈറ്റര്‍ വിമാനങ്ങള്‍ക്കും റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കുമാവശ്യമായ നിര്‍ണായക യന്ത്രോപകരണങ്ങള്‍ നിര്മിച്ചുനല്കുന്നതിനും, ഐ.എസ്.ആര്.ഒക്കു വേണ്ട സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, സാറ്റലൈറ്റ് ട്രാക്കിംഗ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക സഹായവും സഫ്രാന്‍ നൽകുന്നുണ്ട്. ഐ.എസ്.ആര്.ഒ ആവശ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ 50 ശതമാനം ഇന്ത്യയില്‍ തന്നെ ഉല്പാദിപ്പിക്കാനാണ് സഫ്രാന്‍ ലക്ഷ്യമിടുന്നത്.
27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുള്ള കമ്പനിയാണ് സഫ്രാന്‍. ഏഷ്യയിലെ സഫ്രാൻറെ ഏറ്റവും മികച്ചതും ആധുനികവുമായ യൂണിറ്റായി തിരുവനന്തപുരത്തെ ടെസ്റ്റിംഗ് കേന്ദ്രത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യം.