ആഡംബര സൗന്ദര്യ വർദ്ധക ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ മോഡലായ ആ കൊച്ചുസുന്ദരിയാണ് മലീഷ ഖാർവ. ഫോറസ്റ്റ് എസൻഷ്യൽസിന്റെ പുതിയ കാമ്പെയ്നായ ‘The Yuvati Collection’ ന്റെ മുഖമായി മാറിയിരിക്കുന്നു മലീഷ. യുവ മനസ്സുകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു സാമൂഹിക സംരംഭമാണിത്.
2020 ൽ ഹോളിവുഡ് നടൻ റോബർട്ട് ഹോഫ്മാനാണ് മലീഷ ഖർവയെ ആദ്യമായി കണ്ടെത്തിയത്. ഹോഫ്മാൻ മലീഷയെ കണ്ടുമുട്ടിയപ്പോൾ, ദൈനംദിന ജീവിതത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മറയ്ക്കുന്ന അവളുടെ തിളങ്ങുന്ന പുഞ്ചിരിയാണ് ശ്രദ്ധിച്ചത്. മലീഷയ്ക്ക് നൃത്തത്തിലും മോഡലിംഗിലും താൽപ്പര്യമുണ്ടെന്ന് അറിഞ്ഞ ഹോഫ്മാൻ അവളെ സഹായിക്കാൻ തീരുമാനിച്ചു. പിന്നീട് അദ്ദേഹം മലീഷയ്ക്കായി ഗോ ഫണ്ട് മി എന്നൊരു പേജ് സൃഷ്ടിച്ചു. മ്യൂസിക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും കോസ്മോപൊളിറ്റൻ പോലുള്ള മാഗസിൻ കവറുകളിലും വരെ മലീഷ എത്തി. തന്റെ സോഷ്യൽ മീഡിയ അടിക്കുറിപ്പുകളിലൂടെ സ്വയം ‘ചേരിയിലെ രാജകുമാരി’ എന്ന് വിളിക്കുന്ന മലീഷ ഇപ്പോൾ ഫോറസ്റ്റ് എസൻഷ്യൽസിന്റെ പുതിയ കാമ്പെയ്നിലൂടെ അന്താരാഷ്ട്രതാരമായി വളർന്നിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ 225,000-ലധികം ഫോളോവേഴ്സുള്ള മലീഷ നിരവധി ദേശീയ അന്തർദേശീയ മോഡലിംഗ് പരിപാടികളുടെ ഭാഗമായിരുന്നു. രണ്ട് ഹോളിവുഡ് പ്രോജക്ടുകൾ പോലും മലീഷ നേടിയിട്ടുണ്ടെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫോറസ്റ്റ് എസൻഷ്യൽസിനെ തന്റെ “ഇതുവരെയുള്ള ഏറ്റവും വലിയ ജോലി” എന്ന് വിളിക്കുന്ന മലീഷ, “എനിക്ക് ഒരു മോഡലാകാൻ ആഗ്രഹമുണ്ട്, പക്ഷേ വിദ്യാഭ്യാസം എപ്പോഴും എനിക്ക് ഒന്നാമതാണ്” എന്ന് കൂട്ടിച്ചേർക്കുന്നു. “എനിക്ക് പഠിക്കാൻ എപ്പോഴും ഇഷ്ടമാണ്. സ്കൂളിൽ നല്ല ഗ്രേഡുകൾ നേടുന്നത് എന്റെ പിതാവിനെ വളരെയധികം സന്തോഷിപ്പിക്കുന്നു, അതിനാൽ എനിക്ക് എല്ലായ്പ്പോഴും നല്ല ഗ്രേഡുകൾ ലഭിക്കും!
ഇംഗ്ലീഷാണ് എന്റെ പ്രിയപ്പെട്ട വിഷയം, ”മലീഷ പറഞ്ഞു. ചേരിയിൽ താമസിക്കുന്നത് എന്നെ സങ്കടപ്പെടുത്തുന്നുണ്ടോ എന്ന് ആളുകൾ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ഈ ചോദ്യം എന്നെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നു, കാരണം ഞാൻ എന്റെ വീടിനെ വളരെയധികം സ്നേഹിക്കുന്നു! ഇവിടെയാണ് ഞാൻ താമസിക്കുന്നത്,” GoFundMe പേജിൽ മലീഷ പറയുന്നു.
മാതാപിതാക്കൾ, മുത്തശ്ശി, സഹോദരൻ, അമ്മാവൻ എന്നിവരോടൊപ്പം കടൽ തീരത്തോട് ചേർന്ന് ഒരു താൽക്കാലിക വസതിയിലാണ് മലീഷയുടെ താമസം. രണ്ട് നേരം കൃത്യമായി ഭക്ഷണം കഴിക്കുന്നത് തന്നെ അവിടെ ഒരു ആഡംബരമാണ്. മലീഷയുടെ സ്വപ്നങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഹോഫ്മാൻ GoFundMe പേജിൽ വിശദീകരിച്ചിരുന്നു. “എനിക്കും എന്റെ സഹോദരനും വയറുനിറച്ച് ഭക്ഷണം ഇല്ലെന്നതാണ് എന്റെ വിഷമം. കുടിവെള്ളം ലഭിക്കാനും പ്രയാസമാണ്. കൂടാതെ മഴക്കാലത്ത് മേൽക്കൂരയില്ലാത്തതിനാൽ മഴ പെയ്താൽ ഞങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ പ്ലാസ്റ്റിക് ടാർപ്പോളിൻ മറച്ചാണ് കിടക്കുന്നത്. പക്ഷേ മഴക്കാലത്ത് ശക്തമായ കാറ്റിൽ അത് പറന്ന് പോകാറുണ്ട്” വിവരണത്തിൽ പറയുന്നു. നല്ലൊരു ജീവിതം നയിക്കാനും എന്റെ കുടുംബത്തെ സഹായിക്കാനും കഴിഞ്ഞാൽ ഞാൻ വളരെ സന്തോഷതിയാണ്, തന്റെ ജീവിതത്തിലെ വളരെ ലളിതമായ ആഗ്രഹം മലീഷ പറയുന്നു.