ഒടുവിൽ UK ആന്റി ട്രസ്റ്റ് അതോറിറ്റിയുടെ കണ്ണുരുട്ടലിൽ മെറ്റ വഴങ്ങി. തങ്ങളുടെ ജനപ്രിയ GIF പ്ലാറ്റ്ഫോം ജിഫി നോക്ക്ഡൗൺ വിലയ്ക്ക് വിറ്റഴിക്കാൻ തീരുമാനിച്ചു. നഷ്ടക്കച്ചവടമാണെങ്കിലും വില്പനയല്ലാതെ മെറ്റക്ക് യു കെ യിൽ പിടിച്ചു നിൽക്കാൻ മറ്റു പോംവഴിയില്ലായിരുന്നു. അതുകൊണ്ടു കിട്ടിയ വിലക്കങ്ങു വിറ്റു.
മൂന്ന് വർഷം മുമ്പ് 400 മില്യൺ ഡോളറിന് സ്വന്തമാക്കിയ ആനിമേറ്റഡ് ജിഐഎഫ് സെർച്ച് എഞ്ചിനായ ജിഫിക്കായി മെറ്റ ഒടുവിൽ അമേരിക്കൻ കമ്പനിയായ ഷട്ടർസ്റ്റോക്ക് Shutterstock സ്വന്തമാക്കാൻ പോകുന്നു. കോളടിച്ചത് Shutterstock നാണ്. 400 മില്യൺ ഡോളറിന് ഫേസ്ബുക് മാതൃകമ്പനി വാങ്ങിയ ജിഫി വെറും 53 മില്യൺ ഡോളറിനാണ് ഷട്ടർസ്റ്റോക്കിന് കൈമാറുന്നത്.
ഈ വില്പനയോടെ ഫേസ്ബുക്കിന്റെ മാതൃ കമ്പനി അതിന്റെ മുടക്കിയ പണത്തിന്റെ 13% വീണ്ടെടുത്തു. അടുത്ത മാസം ഡീൽ പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഷട്ടർസ്റ്റോക്ക് പറഞ്ഞു, മെറ്റയും ഷട്ടർസ്റ്റോക്കും ജിഫിയുടെ ഉള്ളടക്കം ആക്സസ് ചെയ്യുന്നത് തുടരുന്നതിനുള്ള വാണിജ്യ കരാറിൽ ഒപ്പുവച്ചു.
സ്റ്റോക്ക് ഫോട്ടോഗ്രാഫി, സ്റ്റോക്ക് ഫൂട്ടേജ്, സ്റ്റോക്ക് മ്യൂസിക്, എഡിറ്റിംഗ് ടൂളുകൾ എന്നീ സേവനങ്ങൾ നൽകുന്ന ഒരു അമേരിക്കൻ ദാതാവാണ് ഷട്ടർസ്റ്റോക്ക്; ന്യൂയോർക്കിലാണ് ഇതിന്റെ ആസ്ഥാനം
യുകെയുടെ ആന്റിട്രസ്റ്റ് അതോറിറ്റി മെറ്റയ്ക്ക് ജിഫി വിൽക്കാൻ അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് ഏഴ് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (CMA) 2021 നവംബറിൽ വിൽപ്പനയ്ക്ക് ഓർഡർ നൽകിയിരുന്നു, എന്നാൽ അപ്പീൽ പ്രക്രിയ കാര്യങ്ങൾ നീട്ടികൊണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, കൂടുതൽ അപ്പീലുകൾ ഉപേക്ഷിക്കുമെന്ന് മെറ്റാ സ്ഥിരീകരിച്ചു, ജിഫി ഓഫ്ലോഡ് ചെയ്യാൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
വ്യത്യസ്ത ഉള്ളടക്ക തരങ്ങളിലേക്ക് സേവാനങ്ങൾ വ്യാപിപ്പിക്കുക എന്നതാണ് ജിഫി ഏറ്റെടുക്കലിലൂടെ കമ്പനിയുടെ ലക്ഷ്യമെന്ന് ഷട്ടർസ്റ്റോക്ക് സി എഫ് ഓ ജറോഡ് യാഹെസ് പറഞ്ഞു.