സംരംഭകർക്ക് പിന്തുണക്കും മാർഗ നിർദേശങ്ങൾക്കും ഒപ്പം അവരുടെ സംരംഭ അവകാശങ്ങൾക്കു സംരക്ഷണവും ഉറപ്പാക്കി കേരള സർക്കാർ. സംരംഭകർ നൽകുന്ന പരാതികളിൽ തീർപ്പായവയിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതിദിനം 250 രൂപ എന്ന കണക്കിൽ പിഴയൊടുക്കേണ്ടി വരും.

സംസ്ഥാന വ്യവസായ വകുപ്പിന്റെ ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിൽ ലഭിക്കുന്ന സംരംഭകരുടെ പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഹാരം ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥർ പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും എന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കുന്നു .
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി അവകാശപ്പെട്ടു.
സിവിൽ കോടതി അധികാരമുണ്ട് പുതിയ പരാതി പരിഹാര കമ്മിറ്റികൾക്ക്.

എന്തിന് പരാതി പരിഹാര കമ്മിറ്റികൾ?
കഴിഞ്ഞ സംരംഭക വർഷം തുടങ്ങി വച്ചതും ഇനി തുടങ്ങാൻ പോകുന്നതുമായ നിങ്ങളുടെ സംരംഭം ചുവപ്പു നാടയിൽ കുരുങ്ങി പോയോ?
നിങ്ങൾക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിൽ നിന്നും തക്ക സമയത്തു നീതി ലഭിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?
സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ തലങ്ങളിലെ നടപടിക്രമങ്ങളിൽ ചില കുരുക്കുകൾ കാരണം ഇപ്പോളും പരാതികൾ നിരന്തരം ഉയർന്നു വരുന്നുണ്ട്.
ഒരു ലക്ഷത്തിലധികം സംരംഭകർ സംരംഭങ്ങളാരംഭിക്കുമ്പോൾ, കൂടുതലാളുകൾ സംരംഭകത്വത്തിലേക്ക് കടന്നുവരുമ്പോൾ പരാതികൾ ഉണ്ടാവുക സ്വാഭാവികമാണ്.

ഒരു സംരംഭം ആരംഭിക്കുമ്പോളോ, അത് നടത്തികൊണ്ട് പോകുമ്പോളോ ഉണ്ടാകുന്ന തടസ്സങ്ങൾക്ക് ഇനി ആർക്കാണ് പരാതി നല്കേണ്ടതെന്നറിയാതെ സംരംഭകർ അലയേണ്ടതില്ല. കളക്ടർ ഓഫീസും, മന്ത്രി ഓഫീസും കയറി ഇറങ്ങേണ്ട.
സംരംഭകരുടെ പരാതികളിൽ നീതി നിഷേധിക്കുന്നതോ, വൈകിക്കുന്നതോ കാരണം നിങ്ങളുടെ സംരംഭം വൈകികൂടാ എന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയൊരു നിയമം പാസാക്കി, ചട്ടങ്ങൾ രൂപീകരിച്ചു സംരംഭകർക്ക് സുരക്ഷയൊരുക്കുന്നത്. അതിനായാണ് സിവിൽ കോടതി അധികാരമുള്ള പരാതി പരിഹാര കമ്മിറ്റികൾ നിലവിൽ വന്നത്.
സംരംഭകർക്കായി പരാതി പരിഹാര കമ്മിറ്റികൾ

ഇത്തരം പരാതികൾ തീർപ്പാക്കുന്നതിനായി ശക്തമായ ഒരു പ്രശ്നപരിഹാര സംവിധാനം വ്യവസായവകുപ്പ് ഒരുക്കിയിരിക്കുകയാണ്.
- http://grievanceredressal.industry.kerala.gov.in/login എന്ന പോർട്ടലിലൂടെയാണ് പരാതികൾ രേഖപ്പെടുത്തേണ്ടത്.
- grivanceredressal.industry.kerala.gov.in എന്ന മെയ്ലിലേക്കാണ് പരാതി അയക്കേണ്ടത്.
- ലഭിക്കുന്ന പരാതിയിൽ 30 ദിവസത്തിനകം തീർപ്പുണ്ടായിരിക്കണം.
- സംസ്ഥാന-ജില്ലാ തല പരാതി പരിഹാര കമ്മിറ്റികൾക്കാണ് വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുന്നത്.
- ജില്ലാ തലത്തിൽ ജില്ലാ കളക്ടർ കൺവീനറും, സംസ്ഥാന തലത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായും കമ്മിറ്റികൾ പ്രവർത്തിക്കും.

10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ / സംരംഭ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറും ആയ ജില്ലാതല കമ്മിറ്റികൾക്കാണ് നൽകേണ്ടത്. ഈ പരാതികൾ കമ്മറ്റി പരിശോധിച്ചു തീരുമാനമെടുക്കും. ജില്ലാ കമ്മിറ്റി തീരുമാനത്തിൽ പരാതിക്കാരന് വിയോജിപ്പുണ്ടെങ്കിൽ സംസ്ഥാന കമ്മിറ്റി അപ്പീൽ നൽകാം.
10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ/ സംരംഭ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിന്സിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്.

പരാതികൾ നേരിട്ട് സ്വീകരിക്കുന്ന ജില്ലാ / സംസ്ഥാന കമ്മിറ്റികൾക്ക് വിചാരണ നടത്തുവാനും, പരിശോധന നടത്തുവാനും സിവിൽ കോടതികളുടെ അധികാരം നിയമം ഉറപ്പാക്കിയിട്ടുണ്ട്. ഏതു വകുപ്പിലെ ഉദ്യോഗസ്ഥനെയും, ഏതു രേഖയും, ഏതു ഫയലും കമ്മിറ്റിക്ക് വിളിച്ചു വരുത്താം, വിചാരണ ചെയ്യാം. കമ്മിറ്റി എടുക്കുന്ന തീരുമാനം ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പാക്കിയിരിക്കണം.
കമ്മിറ്റി കൈമാറുന്ന സംരംഭകരുടെ പരാതികളിൽ മേൽ അന്വേഷണത്തിൽ വീഴ്ച വരുത്തുകയോ, കമ്മിറ്റി കൈക്കൊള്ളുന്ന പരിഹാര നിർദേശങ്ങളിൽ നടപടി വൈകിപ്പിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് 250 രൂപ മുതൽ 10000 രൂപ വരെ പിഴയീടാക്കാനുള്ള അധികാരമുണ്ട് കമ്മിറ്റിക്ക്.

ആ ഉദ്യോഗസ്ഥർക്കെതിരെ ബാധകമായ സർവീസ് ചട്ടങ്ങൾ പ്രകാരം വകുപ്പ് തല നടപടികൾക്ക് ശുപാർശ ചെയ്യുവാനും കമ്മിറ്റിക്കു അധികാരമുണ്ടായിരിക്കും.
ജില്ലാ കമ്മിറ്റികൾ പരാതി തീർപ്പാക്കിയില്ലെങ്കിൽ ഓട്ടോമാറ്റിക്കായി സംസ്ഥാന കമ്മിറ്റി മുമ്പാകെ ആ പരാതിയെത്തും. അവിടെ നിർബന്ധമായും പരാതി പരിഹരിച്ചിരിക്കും.