കാനഡക്ക് പിന്നാലെ, രാജ്യത്തെ അന്താരാഷ്‌ട്ര വിദ്യാഭ്യാസ മേഖലയിൽ കർശന ഇടപെടലുകളുമായി ഓസ്‌ട്രേലിയയും, UK-യും. വിദേശ വിദ്യാഭ്യാസ ഏജന്റുമാരുടെ വഴിവിട്ട പ്രവർത്തികൾ തന്നെയാണ് കാനഡയെ പോലെ ഓസ്ട്രേലിയയെയും പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ പേരിൽ വിദ്യാഭ്യാസ അവസരങ്ങൾ നിഷേധയ്ക്കപ്പെടുന്നത് ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികൾക്കും. എന്നാൽ ഇവരൊക്കെ കണ്ടു പഠിക്കണം ജർമനിയെ. ഇന്ത്യൻ വിദ്യാർത്ഥികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് ജർമനി.
ഓസ്‌ട്രേലിയയിൽ ഉപരിപഠനത്തിന് രാജ്യത്തെത്തുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് ഫുൾടൈം ജോലി വാഗ്ദാനം ചെയ്ത് ക്യാംപെയിൻ നടത്താൻ ഫോറിൻ എജ്യുക്കേഷൻ ഏജന്റുമാർക്ക് ബോണസ് നൽകുന്നതായി പാർലമെന്ററി അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.
അതിന്റെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് കടുത്ത അവഗണനയാണ് ഓസ്‌ട്രേലിയൻ സർക്കാർ കാട്ടുന്നതെന്നും ആരോപണമുയർന്നു കഴിഞ്ഞു. ഇന്ത്യൻ ഏജന്റുമാരും ഈ കാമ്പയിൻ നടത്തുന്നു എന്നാരോപിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഓസ്‌ട്രേലിയയിലെ തൊഴിലധിഷ്ഠിത മേഖലയിൽ പഠിക്കാൻ ഇന്ത്യയിൽ നിന്നു ലഭിച്ച 94% അപേക്ഷകളും ഹോം അഫയേഴ്‌സ് നിരസിക്കുകയാണുണ്ടായത്.
അതേസമയം യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളിൽ ചുരുങ്ങിയ ശതമാനം മാത്രമാണ് നിരസിക്കപ്പെട്ടത്.
ഇതിലൊക്കെ വ്യത്യസ്തമായ നിലപാടാണ് ജർമനിക്കുള്ളത്. അവർ രണ്ടു കൈയും നീട്ടി ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ വില മനസിലാക്കിയ ജർമനി അവർക്കുള്ള പ്രോത്സാഹനമായി ജർമ്മൻ എംബസിയുടെ അക്കാദമിക് ഇവാലുവേഷൻ സെന്റർ വഴി പേപ്പർ പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റുകൾക്ക് പകരം ഡിജിറ്റൽ എപിഎസ് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ചു. ഒരാഴ്ചക്കുള്ളിൽ പുതിയ സൗകര്യം ലഭ്യമായിത്തുടങ്ങും.
കനേഡിയൻ സർക്കാർ കാനഡയിലെ പുതിയ ഇന്റർനാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഭാഗമായി എജ്യുക്കേഷൻ ഏജൻറുമാരുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും എന്ന വാർത്ത അടുത്തിടെയാണ് പുറത്തു വന്നത്.
അവിടെയും എഡ്യൂകേഷൻ ഏജന്റുമാരുടെ കാമ്പയ്‌നിങ് തന്നെയാണ് വിഷയമായത്.
അതെ സമയം യുകെയിൽ മാസ്റ്റർഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുവരുന്നത് വിലക്കുമെന്ന് uk സർക്കാർ സ്ഥിരീകരിച്ചു.
UK യിൽ വിദ്യാഭ്യാസത്തിന് പകരം കുടിയേറ്റം വിൽക്കുന്ന ഏജൻറുമാരെ നിയന്ത്രിക്കാനും കർശന വ്യവസ്ഥകൾ വരുമെന്ന സൂചന ഈ പ്രഖ്യാപനങ്ങൾ നൽകുന്നു.
എന്നാൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ബിരുദം നേടിയാൽ യുകെയിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന സമ്പ്രദായം മാറ്റമില്ലാതെ തുടരും.
ബിരുദാനന്തര ഗവേഷണ പ്രോഗ്രാം കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ UK യിലേക്ക് ആശ്രിതരെ കൊണ്ടുവരാൻ അനുവാദമുണ്ടാകൂ. 2024 ജനുവരി മുതൽ ആരംഭിക്കുന്ന കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് നിബന്ധന ബാധകമാകും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരമൊരു പ്രവണത തുടരുകയാണെന്നും ഇത്തരം അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാൻ ഒരു റെഗുലേറ്ററി ഓർഗനൈസേഷൻ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ഓസ്‌ട്രേലിയയിലെ ഇന്റർനാഷണൽ എജ്യുക്കേഷൻ അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഫിൽ ഹണിവുഡ് വ്യക്തമാക്കി.
ജൂലൈ മുതൽ ഓസ്‌ട്രേലിയയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയിൽ പരമാവധി 48 മണിക്കൂർ ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ നിയന്ത്രണങ്ങൾ വരും.
വിസ ലഭിക്കാൻ ഒരു ടൂൾ എന്ന നിലയിൽ ഓസ്‌ട്രേലിയൻ ഉപരിപഠനത്തെ പല ഇന്റർനാഷണൽ സ്റ്റുഡന്റ്സും കണക്കാക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് ഓസ്‌ട്രേലിയൻ അധികൃതരുടെ പക്ഷം.
ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് ജോലി ചെയ്യാവുന്ന മണിക്കൂറുകളുടെ പരിധി മുൻ ഫെഡറൽ ഗവൺമെന്റ് എടുത്തുകളഞ്ഞതാണ് ഈ രീതി കൂടുതൽ വഷളാക്കിയതെന്ന് അധികൃതർ പറയുന്നു. ദക്ഷിണേഷ്യയിൽ നിന്ന്, പ്രത്യേകിച്ച് ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകൾ നിയന്ത്രണാതീതമായി വർധിക്കാൻ ഇത് കാരണമായി.
ന്യൂസിലൻഡ്, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ രണ്ടാഴ്ചയിൽ 40 മണിക്കൂർ ജോലി എന്നതായിരുന്നു നേരത്തെ പരിധി. എന്നാൽ 2022 ന്റെ തുടക്കത്തിൽ, കോവിഡ് -19 ലോക്ക്ഡൗണുകൾക്ക് ശേഷം തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ മുൻ സർക്കാർ ഇതിൽ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു.
കടുത്ത നടപടികളുമായി കാനഡയും
കാനഡയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയോഗിച്ചിരുന്ന ഏജന്റുമാർ അനഭിലഷണീയവും അൺ എത്തിക്കലുമായ ചില ഇടപെടലുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം പുതിയ എഡ്യൂക്കേഷൻ സ്ട്രാറ്റജിയുടെ പരിഗണനയ്ക്ക് വിധേയമാകുന്നത്. 2024 ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഇൻറർനാഷണൽ എജ്യുക്കേഷൻ സ്ട്രാറ്റജിയിൽ വൈവിധ്യവൽക്കരണത്തിന് പ്രാധാന്യമുണ്ടാകും.
കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന ചില മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തിയത് ഇന്ത്യൻ ഏജന്റുമാർ ആണെന്നാണ്. ഗ്രാജുവേഷനു ശേഷം വളരെ എളുപ്പത്തിൽ പിആർ ലഭ്യമാകും എന്ന വ്യാജ വാഗ്ദാനം ഇത്തരം ഏജന്റുമാർ വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ് വിവരം.
ഏജന്റുമാർക്കിടയിൽ സെൽഫ് റെഗുലേഷൻ പ്രോട്ടോകോൾ നടപ്പാക്കാൻ കഴിയുമോ എന്നു പരിശോധിക്കുന്നുണ്ട്.
അതിനു സാധിച്ചില്ലെങ്കിൽ കോളേജ് ഓഫ് ഇമിഗ്രേഷൻ പോലുള്ള റെഗുലേറ്ററി ഏജൻസികളുടെ നിയന്ത്രണത്തിനു കീഴിൽ കൊണ്ടുവരാനും ‘ഗ്ലോബൽ അഫയേഴ്സ് കാനഡ’ക്ക് പദ്ധതിയുണ്ട്. അഗ്രഗേറ്റർമാർക്ക് കീഴിലുള്ള സബ് ഏജന്റുമാരെയും ഇത്തരത്തിൽ വിലയിരുത്തും.
ആഗോളതലത്തിൽ മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ രാജ്യത്തിനുള്ള മികവ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.
വിദ്യാർത്ഥികളുടെ ആശ്രിതരെ വിലക്കി UK
യുകെയിലെ മാസ്റ്റർഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുവരുന്നത് വിലക്കുമെന്ന് UK സർക്കാർ സ്ഥിരീകരിച്ചു.
ബിരുദാനന്തര ഗവേഷണ പ്രോഗ്രാം കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്രിതരെ കൊണ്ടുവരാൻ അനുവാദമുണ്ടാകൂ. 2024 ജനുവരി മുതൽ ആരംഭിക്കുന്ന കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് നിബന്ധന ബാധകമാകും.
നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി രൂപകൽപന ചെയ്തിട്ടുള്ള ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കും പിഎച്ച്‌ഡി ചെയ്യുന്നവരെ പോലെ ഇളവുണ്ടാകും.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സ് പൂർത്തിയാക്കുന്നതിന് മുമ്പ് പഠന വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ ഇനി കഴിയില്ല. പുതുതായി വരുന്ന വിദ്യാർത്ഥികൾ പഠനം ഇടയ്ക്ക് ഉപേക്ഷിച്ച് കെയർ സെക്ടറിൽ തൊഴിൽ നേടുന്നത് പതിവായ സാഹചര്യത്തിലാണിത്.
ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ തയ്യാറാക്കിയ പുതിയ നിയമങ്ങൾ
പ്രമുഖ സർവകലാശാലകളിൽ പഠിക്കുന്ന മികച്ച വിദ്യാർത്ഥികൾക്ക് ആശ്രിതരെ കൊണ്ടുവരാൻ അനുവദിക്കും. അതേസമയം നെറ്റ് മൈഗ്രേഷൻ കുറയ്ക്കുക എന്ന സമീപനം തുടരും.
നിങ്ങൾ കണ്ടു പഠിക്കണം ജർമനിയെ
സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ രാജ്യത്തേക്ക് എത്തുന്നതിന് പ്രോത്സാഹന നടപടിയുമായി ജർമ്മനി.
അതിനുള്ള ആദ്യപടിയായി ജർമ്മൻ എംബസിയുടെ അക്കാദമിക് ഇവാലുവേഷൻ സെന്റർ, പേപ്പർ പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റുകൾക്ക് പകരം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ചു. ഒരാഴ്ചക്കുള്ളിൽ പുതിയ സൗകര്യം ലഭ്യമായിത്തുടങ്ങും.
ജർമ്മൻ സർവകലാശാലകളിലേക്കുള്ള അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം ത്വരിതപ്പെടുത്തുകയും അപേക്ഷകർക്ക് കൂടുതൽ ജർമ്മൻ സർവ്വകലാശാലകളിലേക്ക് അപേക്ഷിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.
2022 നവംബർ 1 മുതൽ, ഇന്ത്യൻ വിദ്യാർത്ഥികൾ ജർമ്മൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന്, അവരുടെ അക്കാദമിക് രേഖകൾ ജർമ്മൻ അക്കാദമിക് ഇവാലുവേഷൻ സെന്റർ (APS) വിലയിരുത്തുകയും ആധികാരികത സർട്ടിഫിക്കറ്റ് നേടുകയും ചെയ്യേണ്ടത് നിർബന്ധമാക്കിയിരുന്നു.
പുതിയ ഡിജിറ്റൽ എപിഎസ് സർട്ടിഫിക്കറ്റുകൾ സുരക്ഷിതമായ പിഡിഎഫ് ഫയൽ ഫോർമാറ്റിൽ നൽകുകയും ഡിജിറ്റൽ സിഗ്നേച്ചർ വഴി സാധൂകരിക്കപ്പെടുകയുമാവും ചെയ്യുക. APS പരിശോധന പൂർത്തിയാകുമ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം വഴി ഡിജിറ്റൽ സർട്ടിഫിക്കറ്റ് കൈമാറും.
ഡിജിറ്റൽ സർട്ടിഫിക്കറ്റിന് പേപ്പർ പ്രിന്റഡ് സർട്ടിഫിക്കറ്റിന്റെ അതേ സാധുതയുണ്ട്, കൂടാതെ വിദ്യാർത്ഥി വിസ അപേക്ഷകൾക്കായുള്ള വിഎഫ്എസ്, ജർമ്മൻ എംബസി/കോൺസുലേറ്റ്, കൂടാതെ യൂണി-അസിസ്റ്റിലും ജർമ്മൻ സർവകലാശാലകളിലും പ്രവേശന പ്രക്രിയയ്ക്കായി ഡോക്യുമെന്റുകൾ സമർപ്പിക്കാൻ ഇത് ഉപയോഗിക്കാം.
നിലവിൽ പേപ്പർ പ്രിന്റഡ് എപിഎസ് സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് അത് തുടർന്നും അംഗീകൃത രേഖയായി ഉപയോഗിക്കാൻ കഴിയും.
Canada is followed by Australia and the UK in implementing strict interventions within their international education sectors, which has angered both Australia and Canada due to the misguided actions of foreign education agents. As a result, the majority of Indian students are denied educational opportunities. However, it is important for them to observe and learn from Germany, as Germany warmly welcomes Indian students.