ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അറിയിച്ചതാണിത്.
2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തെ കണക്കുകളാണിത്. 2023 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 7.2 ശതമാനമായിരിക്കുമെന്ന് സർക്കാർ കണക്കാക്കുന്നു.
അതെ സമയം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 6.4% മായി കുറഞ്ഞു. ഉയർന്ന നികുതി വരുമാനവും മറ്റ് വരുമാനങ്ങളും സബ്സിഡികളിലെ കുറവുമാണ് നേട്ടത്തിന് കാരണം.
2022 സാമ്പത്തികവർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 8.7 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.2023 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ സമ്പദ്വ്യവസ്ഥ വാർഷിക അടിസ്ഥാനത്തിൽ യഥാക്രമം 13.2 ശതമാനം, 6.3 ശതമാനം, 4.4 ശതമാനം എന്നിങ്ങനെ മുന്നേറി. അവസാന പാദത്തിലെ 6.1 % എന്ന നേട്ടം പ്രതീക്ഷിച്ചതിലും കൂടുതലാണ്. 5.1 ശതമാനമാണ് ആർബിഐ പ്രതീക്ഷിച്ചിരുന്നത്.
ഉൽപാദന-കാർഷിക മേഖലകൾ മികവിൽ
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ വളർച്ചാ കുതിപ്പിന് നേതൃത്വം നൽകിയത് കാർഷിക- ഉൽപാദന മേഖലയാണ്. ഉല്പാദന മേഖലയിലെ മൊത്ത മൂല്യവർദ്ധന (GVA) 4.5 % വർദ്ധിച്ചു. മുൻപുള്ള രണ്ട് പാദങ്ങളിൽ ഉത്പാദന മേഖല ജിവിഎ യഥാക്രമം 3.8 ശതമാനവും 1.4 ശതമാനവുമായിരുന്നു. അതേസമയം മുഴുവൻ വർഷത്തിൽ ഉത്പാദന മേഖല പതറി. GVA വെറും 1.3 ശതമാനമാണ് വർദ്ധിച്ചത്. ഏങ്കിലും 2023 സാമ്പത്തികവർഷത്തിലെ മൊത്തം ഉത്പാദന ജിവിഎ സർക്കാർ അനുമാനമായ 0.6 ശതമാനത്തേക്കൾ കൂടുതലാണ്
കാർഷിക GVA 5.5 ശതമാനമായാണ് വളർന്നത്. കഴിഞ്ഞ രണ്ട് പാദങ്ങളിൽ ജിവിഎ 4.7 ശതമാനവും 4.1 ശതമാനവുമായിരുന്നു. .അതേസമയം, 2022-23ൽ കാർഷിക വളർച്ച 4 ശതമാനമായി.
ചെലവിന്റെ കാര്യത്തിൽ, ജനുവരി-മാർച്ച് മാസങ്ങളിൽ സ്വകാര്യ ഉപഭോഗം 2.8 ശതമാനം ഉയർന്നു. സ്വകാര്യ ഉപഭോഗം 2021-22 ലെ 11.2 ശതമാനത്തിൽ നിന്ന് 7.5 ശതമാനം ഉയർന്നതായി കണക്കാക്കപ്പെടുന്നു. മൊത്ത സ്ഥിര മൂലധന രൂപീകരണത്തിലെ വളർച്ച പ്രതീക്ഷിച്ചതുപോലെ കുറഞ്ഞുവെങ്കിലും ഇരട്ട അക്കത്തിലാണ്. 2021-22 ലെ 14.6 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിര മൂലധന രൂപീകരണത്തിലെ വളർച്ച 11.4 ശതമാനമാണ്.
ധനകമ്മിയിലും നേട്ടം കൈവരിച്ചു ഇന്ത്യ
മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 6.4 ശതമാനമായി കുറഞ്ഞു. കേന്ദ്രസർക്കാർ ലക്ഷ്യവും 6.4 ശതമാനമായിരുന്നു.
2022-23 ലെ താൽക്കാലിക ഡാറ്റ മുൻനിർത്തി ധനക്കമ്മി 17.33 ലക്ഷം കോടി രൂപയാണെന്ന് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് അറിയിക്കുകയായിരുന്നു. മൊത്തം വരുമാനം 24.56 ലക്ഷം കോടി രൂപയും ചെലവ് 41.89 ലക്ഷം കോടി രൂപയുമാണ്. ഇത് പുതുക്കിയ ബജറ്റ് ലക്ഷ്യത്തിന്റെ 101 ശതമാനവും 100 ശതമാനവുമാണ്.
നികുതി വരുമാനം 2097 ലക്ഷം കോടി രൂപയായപ്പോൾ നികുതിയേതര വരുമാനം 2.86 ലക്ഷം കോടി രൂപയായി. നികുതി,നികുതിയേതര വരുമാനങ്ങൾ പുതുക്കിയ എസ്റ്റിമേറ്റിന്റെ 100.5 ശതമാനവും 109.3 ശതമാനവുമാണ്. മുൻവർഷത്തെ 102.2 ശതമാനത്തേയും 116.4 ശതമാനത്തേയും അപേക്ഷിച്ച് കുറവ്.
റവന്യു കമ്മി ശ്രദ്ധേയം
റവന്യൂ കമ്മി 10.69 ലക്ഷം കോടി രൂപ അഥവാ ബജറ്റ് ലക്ഷ്യത്തിന്റെ 96.2 ശതമാനമാണ്. മുൻ സാമ്പത്തിക വർഷത്തെ റവന്യൂ കമ്മി ജിഡിപിയുടെ 3.9 ശതമാനവും എഫക്ടീവ് റവന്യൂ കമ്മി 2.8 ശതമാനവുമായിരുന്നു. 9.48 ലക്ഷം കോടി രൂപ നികുതി വിഹിതമായി കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് കൈമാറി. ഇത് മുൻ വർഷത്തേക്കാൾ 50,015 കോടി രൂപ കൂടുതലാണ്.
India’s Ministry of Statistics and Program Implementation has reported that the country’s gross domestic product (GDP) experienced a growth of 6.1 percent during the final quarter of the previous fiscal year. These figures pertain to the period between January and March 2023. The government projects a comprehensive growth rate of 7.2 percent for the fiscal year 2023.