ജൂൺ മാസത്തിലേക്ക് കടക്കുമ്പോൾ പല വിധ സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്, കൂടിയ വൈദ്യുതി നിരക്ക്, കുറഞ്ഞ വാണിജ്യ ഇന്ധന നിരക്ക്, കൂടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വില, ആധാർ പാൻ ലിങ്കിംഗ്, ആധാർ പുതുക്കൽ അങ്ങനെ പല കാര്യങ്ങളും ജൂണിൽ സംഭവിക്കും.
വിവിധ വകുപ്പുകൾ പുതിയ മാറ്റങ്ങൾക്ക് തിരഞ്ഞെടുക്കുന്നതും മാസത്തിന്റെ തുടക്കത്തിലുള്ള ദിവസങ്ങളാണ്.
വൈദ്യുതി നിരക്ക്
ജൂൺ 1 മുതല്‍ കേരളത്തിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടിക്കഴിഞ്ഞു. ആയിരം വാട്ട്സില് താഴെ കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റില്‍ താഴെ മാത്രം ഉപയോഗമുള്ള വീട്ടുകാരൊഴികെ എല്ലാവരും സര്‍ചാര്‍ജ് നല്‍കണം.ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മീഷന് അനുവദിച്ച ഒമ്പതു പൈസയും ഉള്‍പ്പെടെയാണ് 19 പൈസ അധികമായി ഈടാക്കുന്നത്. വൈദ്യുതിക്ക് മാസം തോറും സ്വമേധയാ ചാര്‍ജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന് അടുത്തിടെ അനുമതി നല്‍കിയിരുന്നു. 2023 ഏപ്രിലില്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് ചെലവായ അധിക തുക ഈടാക്കാനാണ് ഇപ്പോൾ ഈ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇരുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടും
ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാന്‍ ജൂണ്‍ മുതല്‍ അധികം തുക ചെലവാക്കേണ്ടി വരും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അനുവദിക്കുന്ന സബ്സിഡി തുക വെട്ടിക്കുറച്ചതാണ് ഇതിന് കാരണം. ജൂണ്‍ 1 മുതല്‍ ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ നൽകിയിരുന്ന സബ്സിഡി 15 % ആയിട്ടാണ് കേന്ദ്ര സർക്കാർ കുറച്ചത്.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്സിഡി ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 15,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു.
ഇനിമുതൽv ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക്, ഒരു kWh-ന് 10,000 രൂപയാണ് ഇനി പരമാവധി ഡിമാൻഡ് ഇൻസെന്റീവ്.
ഇനി മുതൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഇൻസെന്റീവിന്റെ പരിധി ഇപ്പോഴുള്ള 40 ശതമാനത്തിൽ നിന്ന് വാഹനങ്ങളുടെ എക്സ്-ഫാക്ടറി വിലയുടെ 15 ശതമാനമായിരിക്കും.
അതിനർത്ഥം ഈ സബ്സിഡി വെട്ടിക്കുറവ് വാഹന നിർമാതാക്കൾ വഹിച്ചില്ലെങ്കിൽ ഉപഭോക്താവ് ജൂൺ 1 മുതൽ നൽകേണ്ടി വരിക EV വിലയുടെ 25% അധികം കൂടിയാകും. അതായതു വാഹന വിലയുടെ കുറഞ്ഞത് നാലിൽ ഒരു ഭാഗം വില കൂടും. ഈ തീരുമാനം വാഹന നിർമാതാക്കളിൽ കടുത്ത ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് സബ്സിഡി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം സെഗ്മെന്റിലെ വിൽപ്പന കുറയാനും ചെറുകിട കമ്പനികളെ വിപണിയിൽ നിന്ന് പുറത്താക്കാനും ഇടയാക്കും. കേന്ദ്രത്തിന്റെ നടപടി വ്യവസായ വളർച്ചക്കുതകുന്ന തരത്തിൽ ശരിയായ ദിശയിലായിരിക്കാം. എന്നാലത് വിൽപ്പനയെ ബാധിക്കും. ഈ വർഷം EV ഇരുചക്ര വാഹന വ്യവസായത്തിന്- പ്രത്യേകിച്ച് ചെറുകിട നിർമ്മാതാക്കൾക്കും ചെറുകിട സംരംഭങ്ങൾക്കും – വെല്ലുവിളി നിറഞ്ഞതായിരിക്കും. കാരണം വില കൂടുമ്പോൾ സ്വാഭാവികമായും ഉപഭോക്താക്കൾ മികച്ച ബ്രാൻഡും, വിശ്വസനീയതയും, ഈടും ഒക്കെ തിരയും.
ഗ്യാസ് സിലണ്ടർ
പൊതുമേഖലാ എണ്ണ കമ്പനികൾ ജൂൺ 1 ന് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില 83.50 രൂപ കുറച്ചു. കഴിഞ്ഞ മാസം 172 രൂപ സിലിണ്ടറിന് കുറച്ചിരുന്നു. 19 കിലോ വരുന്ന ഒരു സിലിണ്ടറിന് ഡൽഹിയിലെ വില 1,773 രൂപയാണ്. 14.2 കിലോ സിലിണ്ടറിന് 1,053 രൂപയാണ് വില. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ബാങ്ക് ലോക്കർ നിയമങ്ങൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശങ്ങൾ അനുസരിച്ച്, സുരക്ഷിത നിക്ഷേപ ലോക്കറുകൾക്കുള്ള പുതിയ നിയമങ്ങൾ പ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുകളുമായി ഒരു പുതിയ കരാർ ഒപ്പിടേണ്ടതുണ്ട്. 2023 ജൂൺ 30-നകം, കുറഞ്ഞത് 50 ശതമാനം ഉപഭോക്താക്കളുടെ കരാറുകൾ ബാങ്ക് പുതുക്കണം. ഈ സമയപരിധി അടുത്തിരിക്കുന്നതിനാൽ, നിങ്ങളുടെ കരാർ പുതുക്കാനും ബാങ്ക്നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
കുട്ടികളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിനുള്ള മാർഗ നിര്‍ദ്ദേശങ്ങള്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതുക്കി. ഈ മാറ്റങ്ങള്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.
ആധാർ-പാൻ ലിങ്കംഗ്
ആധാര്‍- പാന്‍ ലിങ്കിംഗ് ആധാര്‍ കാര്‍ഡും പാനും തമ്മില്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 തിന് അവസാനിക്കും. ഇതിനകം പാന്‍ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ ആധാറുമായി ബന്ധിപ്പിക്കണം. നേരത്തെ ഈ പ്രക്രിയ സൗജന്യമായിരുന്നു. ഇപ്പോൾ 2000 രൂപയോളം പിഴയും നൽകണം. രണ്ടാഴ്ച വരെയെടുത്തേക്കാം ആധാര്‍ പാന്‍ ലിങ്കിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ.
ആധാർ അപ്ഡേറ്റ്
ആധാർ ഉടമകൾക്ക് ആധാർ വിശദാംശങ്ങൾ ചാർജ് ഇല്ലാതെ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഓൺലൈൻ സൗകര്യവും ജൂൺ മാസത്തിൽ അവസാനിക്കും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2023 മാർച്ച് 15-നാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചത്., 2023 ജൂൺ 14 വരെ myAadhaar പോർട്ടലിലൂടെ സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ തിരിച്ചറിയൽ രേഖയായി ആധാർ ഉണ്ടായിരിക്കണം. അതുകൊണ്ടു തന്നെ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആധാറിലെ വിവരങ്ങൾ കൃത്യമായി പുതുക്കിയിരിക്കേണ്ടതുണ്ട്.
ജനസംഖ്യാപരമായ വിവരങ്ങൾ പുനർമൂല്യപ്പെടുത്തുന്നതിനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആധാർ കാർഡ് പത്ത് വർഷത്തിന് മുൻപ് എടുത്തതാണെങ്കിൽ. 2023 ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം.
ഈ സേവനം myAadhaar പോർട്ടലിൽ മാത്രമേ സൗജന്യമായിട്ടുള്ളൂ. മുമ്പത്തെപ്പോലെ ആധാർ കേന്ദ്രങ്ങളിൽ കാർഡ് അപ്ഡേഷന് 50 രൂപ ഫീസ് ഈടാക്കുന്നത് തുടരും.
പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്ഡേറ്റ് സേവനം ഉപയോഗിക്കാം. അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം.
അഡ്രസ് പ്രൂഫ് എങ്ങനെ അപ്ലോഡ് ചെയ്യാം
1: https://myaadhaar.uidai.gov.in/ സന്ദർശിക്കുക
2: ലോഗിൻ ചെയ്ത് ‘പേര്/ലിംഗഭേദം/ ജനനത്തീയതി, വിലാസ അപ്ഡേറ്റ്’ തിരഞ്ഞെടുക്കുക
3: ‘ആധാർ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
4: ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘വിലാസം’ തിരഞ്ഞെടുത്ത് ‘ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക’ ക്ലിക്ക് ചെയ്യുക
5: സ്കാൻ ചെയ്ത ഒരു പകർപ്പ് അപ്ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.
6: 50 രൂപ അടയ്ക്കുക. (ജൂൺ 15 വരെ ആവശ്യമില്ല).
7: ഒരു സേവന അഭ്യർത്ഥന നമ്പർ (SRN) ജനറേറ്റുചെയ്യും. പിന്നീട് സ്റ്റാറ്റസ് ട്രാക്കുചെയ്യുന്നതിന് ഇത് ഉപയോഗിക്കാം.
പരിശോധന പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും, പിന്നീട് നിങ്ങൾക്ക് പുതിയ ആധാർ കാർഡ് സേവന കേന്ദ്രത്തിലൂടെ പ്രിന്റ് ചെയ്തു സൂക്ഷിക്കാം.
ഇപിഎഫ് ഉയർന്ന പലിശ
ഇപിഎഫ്ഒ വരിക്കാർക്ക് ഉയർന്ന പെൻഷൻ അർഹതയ്ക്കുള്ള അപേക്ഷാ പരിധി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) വഴി പെൻഷന് അപേക്ഷിക്കാനുള്ള അവസരം 2022 നവംബർ 4 മുതൽ 2023 മാർച്ച് 3 വരെയുള്ള നാല് മാസ കാലയളവായി സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു. പിന്നീട് ഇപിഎഫ്ഒ ജൂൺ 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇപിഎഫ് ഉയർന്ന പെൻഷന് അപേക്ഷിക്കേണ്ടവർ ജൂൺ 26 ഓർമയിൽ വെയ്ക്കണം.