തമിഴ്നാടും കർണാടകയും 2 വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകും, പറയുന്നത് മറ്റാരുമല്ല നിതി ആയോഗിന്റെ മുൻ സിഇഒയും ഇന്ത്യയുടെ G20 ഷെർപ്പയുമായ അമിതാഭ് കാന്താണ്. കർണാടകയും തമിഴ്നാടും അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാറുമെന്ന് അമിതാഭ് കാന്ത് പറഞ്ഞു. 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി വളരാനുള്ള രാജ്യത്തിന്റെ അഭിലാഷത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു മുൻ നിതി ആയോഗ് സിഇഒ. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അമിതാഭ് കാന്തിന്റെ പ്രവചനം.
5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിൽ നിന്ന് 10 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാകും മുന്നിലുണ്ടാകുകയെന്നും അമിതാഭ് കാന്ത് പറഞ്ഞു.
“ഇന്ത്യയുടെ വളർച്ചയെ നയിക്കാൻ അവർ മുൻനിരയിലുള്ള പ്രധാന ചാലകങ്ങളായിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു. അമിതാഭ് കാന്തിന്റെ അഭിപ്രായത്തിൽ, രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 30 ശതമാനത്തോളം ദക്ഷിണേന്ത്യ സംഭാവന ചെയ്യുന്നു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം ഗണ്യമായി ഉയർന്നതാണ്. തമിഴ്നാട്, തെലങ്കാന, കർണാടക, കേരളം എന്നിവ രാജ്യത്തിന്റെ തെക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങളാണെന്ന് അമിതാഭ് കാന്ത് പറഞ്ഞു.
തമിഴ്നാട് ഉൽപ്പാദനത്തിൽ മികച്ചുനിൽക്കുന്നു.
അത്യാധുനിക മേഖലകളുടെ കാര്യത്തിൽ ലഭ്യമായ ഏറ്റവും മികച്ച തൊഴിലാളി വൈദഗ്ധ്യമുള്ള സംസ്ഥാനമാണ്. പിന്നെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ മികവ് പുലർത്തുന്ന തെലങ്കാനയുണ്ട്. ഏകദേശം 35-40 ശതമാനം ഇന്ത്യയുടെ ഫാർമ ഉൽപ്പന്നങ്ങൾ അവിടെ നിന്നാണ് വരുന്നത്. കേരളം വളരെ വലിയ രീതിയിൽ ട്രാവൽ, ടൂറിസം എന്നിവയിൽ മികവ് പുലർത്തി. ഒരു തനതായ ബ്രാൻഡ് സൃഷ്ടിച്ചു. ഏകദേശം രണ്ടര പതിറ്റാണ്ടായി കർണാടക ഇന്ത്യയുടെ സേവന കേന്ദ്രമാണ്, കൂടാതെ ഇന്ത്യയുടെ സേവന സമ്പദ്വ്യവസ്ഥയെ നയിക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഉൽപ്പാദനത്തിലും ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലും മികവ് പുലർത്തിയ ആന്ധ്രാപ്രദേശ് ഇപ്പോൾ പുനരുപയോഗ, ഹരിത ഊർജ മേഖലകളിൽ ഗണ്യമായ വളർച്ച കൈവരിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഈ സംസ്ഥാനങ്ങൾ യഥാർത്ഥത്തിൽ മികച്ച പ്രവർത്തനങ്ങളും മാനവ വികസന സൂചികകളും പ്രകടമാക്കിയിട്ടുണ്ട്. അതിനാൽ ജീവിത നിലവാരവും ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നിവയിലെ സാമൂഹിക സൂചകങ്ങളും വളരെ ഉയർന്നതാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അവ വളരെ മുന്നിലാണ്, അമിതാഭ് കാന്ത് പറഞ്ഞു. ഗവൺമെന്റിൽ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും, സാമൂഹിക വികസനത്തെക്കുറിച്ചുള്ള നയത്തിന്റെ സ്ഥിരത ഈ സംസ്ഥാനങ്ങളിൽ യഥാർത്ഥത്തിൽ ഫലങ്ങൾ നൽകി, അമിതാഭ് കാന്ത് കൂട്ടിച്ചേർത്തു.