കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന കെ-ഫോൺ പദ്ധതി യാഥാർഥ്യമായിക്കഴിഞ്ഞു. കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റർനെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും. വിജ്ഞാന സമ്പദ്വ്യവസ്ഥയെന്ന വലിയ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കേരളസമൂഹത്തിന്റെ പ്രധാന കാൽവെയ്പാണ് കെ-ഫോൺ.
സമഗ്രമായ സാമൂഹികപുരോഗതിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ജനകീയ ബദൽ കൂടിയാണ് കെ-ഫോൺ. എല്ലാവർക്കും ഹൈസ്പീഡ് ഇന്റർനെറ്റ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാനും കെ-ഫോൺ വഴി സാധ്യമാകും.
ഇന്റർനെറ്റ് സേവനങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ പദ്ധതിയാണ് കെ-ഫോൺ. ഇതുവഴി ഹൈസ്പീഡ് ഇന്റർനെറ്റ് മിതമായ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാനാവും.
നിയോജക മണ്ഡല അടിസ്ഥാനത്തിൽ തിരെഞ്ഞെടുത്ത ഒരു വിഭാഗം ജനങ്ങൾക്കാണ് ആദ്യം പദ്ധതിയുടെ ഗുണം ലഭിക്കുക. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. ഏപ്രിലിൽ തന്നെ 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായാണ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത്. ഇതുവഴി ഇന്റർനെറ്റ് സൗകര്യങ്ങളുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കാനാകും.
1,548 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി വഴി ഒരുക്കിയിരിക്കുന്നത് 30,000 കിലോമീറ്റർ നീളമുള്ള വലിയ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാകും.
30,438 സർക്കാർ ഓഫീസുകൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തിന് കൂടുതൽ മുന്നേറാൻ കെ-ഫോൺ പദ്ധതി കരുത്തു പകരുമെന്നതിൽ സംശയമില്ല. ഭരണ നിർവഹണത്തിന്റെ വേഗത്തിനും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ പരമാവധി വേഗത്തിൽ ഉറപ്പാക്കുന്നതിനും കെ-ഫോൺ നൽകുന്ന മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി വലിയ പിന്തുണ നൽകും.
ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. കെ-ഫോൺ യാഥാർത്ഥ്യമാകുന്നതോടെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കടുക്കുകയാണ് കേരളം.
ജൂൺ 5, വൈകുന്നേരം നിയമസഭാ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെഫോൺ പദ്ധതി നാടിനു സമർപ്പിച്ചു. ഇതോടൊപ്പം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ വേണുഗോപാൽ കെഫോൺ കൊമേർഷ്യൽ വെബ് പേജും, തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് മൊബൈൽ ആപ്ലിക്കേഷനും ലോഞ്ച് ചെയ്തു. വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി കെഫോൺ മോഡം പ്രകാശനവും നിർവഹിച്ചു.
കേരളത്തിന്റെ ഡിജിറ്റലൈസേഷനില്‍ നാഴികക്കല്ലാണ് കെഫോണെന്ന് കെഎസ്ഐടിഎൽ & കെഫോൺ പ്രിൻസിപ്പൽ സെക്രട്ടറി/മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട) പറഞ്ഞു.
ആഗസ്റ്റിൽ വാണിജ്യ കണക്ഷനിലേക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐടി ഇൻഫ്രസ്ട്രക്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗതയിൽ മുതൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും സാധിക്കും.
നിലവിൽ ഇൻസ്റ്റാളേഷൻ പൂര്‍ത്തീകരിച്ച് 26492 സര്‍ക്കാര്‍ ഓഫീസുകളിൽ 17,354 ഓഫീസുകളിൽ ഇന്റർനെറ്റ് സേവനം ലൈവാണ്.
ജൂണ്‍ അവസാനത്തോടെ നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന് എത്തിക്കുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷൻ നൽകാനാവശ്യമായ കേബിൾ വലിക്കുന്ന ജോലികൾ പൂർത്തിയാക്കിയപ്പോൾ ആയിരത്തിലധികം ഉപഭോക്താക്കൾ നിലവിൽ കെഫോണിനുണ്ട്.
2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കും.
ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നൽകാമെന്നാണ് കണക്കുകൂട്ടൽ. ഇതുവഴി പദ്ധതി ലാഭത്തിലാക്കാൻ സാധിക്കുമെന്ന് കെഫോൺ അധികൃതർ വ്യക്തമാക്കുന്നു.
കെ ഫോണുമായി കൈകോർക്കാൻ BSNL
കേരളത്തിലെ 5ജി ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലാകാൻപോകുന്ന കെ ഫോണുമായി ബിഎസ്എൻഎൽ സഹകരിക്കും. ബിഎസ്എൻഎൽ സ്പ്രെക്ടവും ടവറുകളും കെ ഫോണിന്റെ 5ജി സേവനത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണ് ആലോചനയിൽ. ബിഎസ്എൻഎൽ ഇതിനായുള്ള പദ്ധതിക്കുറിപ്പ് കെ ഫോണിന് കൈമാറി. സർക്കാർതലത്തിൽ തീരുമാനമായശേഷം തുടർനടപടികളിലേക്ക് കടക്കും.
5ജി അതിവേഗ ഇന്റർനെറ്റ് ഏറ്റവും അനിവാര്യമായ ടെക്നോപാർക്ക്, കേരള സ്റ്റാട്ടപ് മിഷൻ, ഇൻഫോപാർക്ക് തുടങ്ങിയ മേഖലയ്ക്ക് മുൻഗണന നൽകുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ നിലവിലെ ടവറുകൾ നവീകരിച്ചാൽ 5ജി സേവന സൗകര്യമൊരുക്കാനാകും.
ട്രായ് നിർദേശിച്ചിട്ടുള്ള ഉയർന്ന തരംഗദൈർഘ്യത്തിലുള്ള 5ജി ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ഒരോ നൂറുമീറ്ററിലും തൂണുകളിലും മറ്റും (സ്ട്രീറ്റ് ഫർണിച്ചറുകൾ) 5ജി സെല്ലുകൾ സ്ഥാപിക്കാൻ ഒപ്റ്റിക് ഫൈബർ ആവശ്യമാണ്. ഇതിന്റെ വലിയ ശേഖരമാണ് സംസ്ഥാനത്താകെ കെ ഫോൺ ഒരുക്കിയിട്ടുള്ളത്. വിദൂര മേഖലയിൽ ആദിവാസി ഊരുകളിൽവരെ 5ജി സേവനം ഉറപ്പാക്കാൻ കഴിയുന്ന ശൃംഖലയാണിത്. 48 ഒപ്റ്റിക് ഫൈബറാണ് കെ ഫോൺ ഇട്ടിട്ടുള്ളത്.
ഇതിൽ 20 എണ്ണം കമ്പനി ഉപയോഗിക്കും. ബാക്കി 28 ഡാർക്ക് ഫൈബറുകൾ ഇന്റർനെറ്റ് സേവനദാതാക്കളായ മറ്റു കമ്പനികൾക്ക് വാടകയ്ക്ക് നൽകാൻ കെ ഫോൺ തയ്യാറാണ്. ഈ അവസരമാണ് ബിഎസ്എൻഎല്ലും പ്രയോജനപ്പെടുത്തുന്നത്.