കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് വെറും14 പേര്‍ക്ക് മാത്രം. വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഓഫീസില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാകുന്നത് (2022 ലെ കണക്കാണിത്).

2012 മുതല്‍ 2022 വരെ ആകെ 3,171 പേര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. 2013-ല്‍ നാലുപേരും 2015-ല്‍ രണ്ടുപേരും 2016-ല്‍ ആറുപേരും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സ്വര്‍ണക്കടത്ത് മാഫിയയുടെ തന്ത്രപരമായ നീക്കമാണ് ഇതിനുപിന്നില്‍. ഒരു കോടി രൂപയില്‍ത്താഴെ വിലമതിക്കുന്ന സ്വര്‍ണം കടത്തിയാല്‍ വിചാരണനടപടികള്‍ ഒഴിവാക്കുകയാണ് കസ്റ്റംസ് വിഭാഗത്തിന്റെ രീതി. സ്വര്‍ണം കണ്ടുകെട്ടും. പിഴയും ചുമത്തും.
വിചാരണയില്ലാത്തതിനാല്‍ ജയില്‍ശിക്ഷ ഉണ്ടാകില്ല. ഇതറിയുന്ന കടത്തുകാരും പിന്നണിപ്രവര്‍ത്തകരും 99 ലക്ഷം രൂപ വരെ മാത്രം വില വരുന്ന സ്വര്‍ണം കൊടുത്തുവിടാന്‍ ശ്രദ്ധിക്കും.

കൊച്ചി ഒഴികെയുള്ള കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ 2012 മുതല്‍ 2022 വരെ 1618.55 കിലോഗ്രാം സ്വര്‍ണം പിടിക്കപ്പെട്ടു. തിരുവനന്തപുരം- 233.37 കിലോഗ്രാം, കോഴിക്കോട് -1205.21 കിലോഗ്രാം, കണ്ണൂര്‍ (2019 മുതല്‍ 22 വരെ)-179.97 കിലോഗ്രാം എന്നിങ്ങനെ. റോഡ് മാര്‍ഗം കടത്തിയ 276.22 കിലോഗ്രാം വേറെയും പിടിച്ചു. പക്ഷെ കടത്തുകാരില്‍ മഹാഭൂരിപക്ഷവും അകത്തായില്ല. കാരണം കടത്ത് അധികവും ഒരുകോടിക്ക് താഴെ മൂല്യത്തിനായിരുന്നു.

വിദേശത്ത് തങ്ങിയവരെ കണ്ടുപിടിക്കും
ഒന്നിലേറെത്തവണ പിടിക്കപ്പെടുകയാണെങ്കില്‍ ചെറിയ തുകയ്ക്കുള്ള സ്വര്‍ണം കടത്തിയവരെയും വിചാരണചെയ്യാം. അത്തരക്കാരെ കടത്തുകാർ വീണ്ടും പ്രോത്സാഹിപ്പിക്കാറില്ല. വിദേശത്തുപോയി ആറുമാസത്തിനുള്ളില്‍ മടങ്ങിവരുന്നവര്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന് 41.25 ശതമാനം നികുതി കെട്ടണമെന്നാണ് ചട്ടം. ആറുമാസം കഴിഞ്ഞാല്‍ 15 ശതമാനം മതി. അതിനാല്‍ സ്വര്‍ണം കൊടുത്തുവിടുന്നവര്‍ ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയവരെ കണ്ടുപിടിക്കും.

നിങ്ങൾക്കെത്ര സ്വർണത്തിന്റെ ഉടമയാകാം?
ഇന്ത്യയിലെ മിക്കവരുടേയും വീടുകളിൽ അൽപമായ അളവിലാണെങ്കിൽ പോലും സ്വർണം ഉണ്ടായിരിക്കും. സ്വർണം കൈവശം സൂക്ഷിക്കുന്നതിനുള്ള പരിധിയും നികുതി ബാധ്യതയും അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമാകും.
രാജ്യത്ത് വിനിമയത്തിന് ഉപയോഗിച്ചിരുന്ന ഉയർന്ന മൂല്യമുള്ള 2,000 രൂപയുടെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക് ( RBI ) അറിയിച്ചതോടെ, ചില ജ്വല്ലറികളിൽ സ്വർണാഭരണം വാങ്ങാനായി തിരക്കേറിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തങ്കക്കട്ടികളായോ ആഭരണങ്ങളായോ നിങ്ങളും സ്വർണം വാങ്ങുന്നുണ്ടെങ്കിൽ, എത്രത്തോളം സ്വർണം നികുതി ബാധ്യതകളില്ലാതെ വീട്ടിൽ സൂക്ഷിക്കാൻ കഴിയുമെന്നും സ്വർണത്തിന്മേൽ നേടുന്ന വരുമാനത്തിന് എത്ര നികുതി നൽകണമെന്നും മനസിലാക്കിയിരിക്കുന്നത് ഉപകാരപ്രദമാകും.

കൈവശം സൂക്ഷിക്കാവുന്ന സ്വർണം
സ്വർണാഭരണം വാങ്ങുന്നതിനോ അല്ലെങ്കിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതിനോ മുടക്കിയ പണത്തിന്റെ ഉറവിടവും വരുമാനവും സംബന്ധിച്ച രേഖകൾ, ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനയിൽ ആവശ്യപ്പെടുന്നപക്ഷം കാണിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, വീട്ടിൽ എത്ര സ്വർണം വേണമെങ്കിലും സൂക്ഷിക്കാൻ സാധിക്കും. നിയമവിധേയ മാർഗങ്ങളിൽ നിന്നുള്ള വരുമാനത്തിലൂടെ ഒരു വ്യക്തിക്ക് സമ്പാദിക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, വരുമാനമോ ഉറവിടമോ കാണിക്കാത്ത സാഹചര്യത്തിൽ നികുതി ബാധ്യതകളില്ലാതെ, വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിനും വ്യക്തിഗതമായി കൈവശം വെയ്ക്കാവുന്ന സ്വർണത്തിനും പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.

- സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT), നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, യാതൊരുവിധ രേഖകളും കാണിക്കാതെ, വിവാഹിതയായ ഒരു സ്ത്രീക്ക് കൈവശം വെയ്ക്കാവുന്ന പരമാവധി സ്വർണം 500 ഗ്രാം അഥവാ 62.5 പവൻ.
- വിവാഹം കഴിഞ്ഞിട്ടില്ലാത്ത സ്ത്രീയെ സംബന്ധിച്ച് 250 ഗ്രാം അഥവാ 31.25 പവൻ സ്വർണം രേഖകളില്ലാതെ സൂക്ഷിക്കാൻ കഴിയും.
- അതേസമയം വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും പുരുഷൻമാർക്ക് പരമാവധി 100 ഗ്രാം അഥവാ 12.5 പവൻ സ്വർണം മാത്രമേ കൈവശം വെയ്ക്കാൻ കഴിയുകയുള്ളൂ.
സ്വർണത്തിന്മേലുള്ള നികുതി
സ്വർണം കട്ടികളായോ നാണയങ്ങളായോ അല്ലെങ്കിൽ ആഭരണങ്ങളായോ ആണ് വാങ്ങുന്നതെങ്കിൽ 3% നിരക്കിൽ ജിഎസ്ടി നൽകേണ്ടി വരും. എന്നാൽ സ്വർണാഭരണത്തിന്മേൽ ജ്വല്ലറി ഈടാക്കുന്ന പണിക്കൂലിക്കും മറ്റ് സേവന ചാർജുകൾക്കും 5% നിരക്കിലാകും ജിഎസ്ടി ഈടാക്കുക.

അതേസമയം സ്വർണം ഇറക്കുമതി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ, കസ്റ്റംസ് ഡ്യൂട്ടി (customs duty), അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ & ഡെവലപ്മെന്റ് സെസ്, ജിഎസ്ടി എന്നിങ്ങനെയുള്ള നികുതികൾ, സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള നിരക്കിൽ നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ, സ്വർണം വാങ്ങുന്ന വേളയിൽ ഡയറക്ട് ടാക്സ് നൽകേണ്ടതില്ലെന്ന ആശ്വാസമുണ്ട്. എന്നിരുന്നാലും സ്വർണം വാങ്ങുമ്പോൾ ജ്വല്ലറിയിൽ നൽകുന്ന പാൻ (PAN) നമ്പറിലൂടെ ആദായ നികുതി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭ്യമാകും. അതുകൊണ്ട് സ്വർണം വലിയ അളവിലാണ് വാങ്ങുന്നതെങ്കിൽ, വരുമാനത്തെ കുറിച്ചുള്ള രേഖകൾ കൈവശം സൂക്ഷിക്കേണ്ടത് അനിവാര്യതയാണ്. പിന്നീട് അധികാരികൾ ചോദിക്കുന്നപക്ഷം ഈ രേഖകൾ കാണിക്കാൻ സ്വർണം വാങ്ങിയ വ്യക്തിക്ക് നിയമപരമായ ബാധ്യതയുണ്ട്.

സ്വർണം ITR ഫയൽ ചെയ്യുമ്പോൾ വെളിപ്പെടുത്തണമോ?
ഒരു നികുതിദായകന്റെ വരുമാനം 50 ലക്ഷത്തിന് മുകളിലാണെങ്കിൽ, സ്വന്തമായുള്ള സ്വർണം, കൈവശമിരിക്കുന്ന ഡൊമസ്റ്റിക് അസറ്റിന്റെ കീഴിൽ ഇൻകം ടാക്സ് റിട്ടേണിൽ (ITR) കാണിക്കേണ്ടത് വളരെ നിർണായകമായ കാര്യമാണ്. ആദായ നികുതി നിയമത്തിന്റെ ചട്ടം 56(2) പ്രകാരം നിർവചിക്കപ്പെട്ടിട്ടുള്ള അടുത്ത ബന്ധുക്കളിൽ നിന്നും അനന്തരാവകാശമായി ലഭിക്കുന്ന സ്വർണത്തെ നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്നും സ്വർണം പാരിതോഷികമായാണ് വാങ്ങുന്നതെങ്കിലും നികുതിയിൽ നിന്നും ഒഴിവാക്കി നൽകിയിട്ടുണ്ട്. എന്നാൽ ബന്ധുക്കൾ അല്ലാത്തവരിൽ നിന്നും 50,000 രൂപയിലധികമുള്ള സ്വർണം സമ്മാനമായി വാങ്ങിയാൽ നികുതി നൽകേണ്ടി വരും. വിവാഹവേളയിൽ ബന്ധുക്കൾ അല്ലാത്തവരിൽ നിന്നും പരിതോഷികമായി വാങ്ങുന്ന സ്വർണത്തിന് ആദായ നികുതിയില്ല. അതു ഇൻകം ടാക്സ് റിട്ടേണിൽ, എക്സംപ്റ്റ് ഇൻകം (exempt income) വിഭാഗത്തിൽ കാണിച്ച് നികുതി ഒഴിവാക്കിയെടുക്കാം.

സ്വർണം വിൽക്കുമ്പോഴുള്ള നികുതി
കൈവശമിരിക്കുന്ന സ്വർണം വിൽക്കുമ്പോൾ, ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ബാധകമാണ്. മൂന്ന് വർഷത്തിലധികം കാലയളവിൽ കൈവശം സൂക്ഷിച്ചിട്ടാണ് സ്വർണം വിൽക്കുന്നതെങ്കിൽ, ലോങ്-ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് ചുമത്തപ്പെടും. കൈവശമിരുന്ന കാലത്തെ പണപ്പെരുപ്പ നിരക്ക് തട്ടിക്കിഴിച്ചതിനു ശേഷമുള്ള മൂല്യത്തിന് 20 ശതമാനം നിരക്കിലാണ് നികുതി നൽകേണ്ടത്. എന്നാൽ 3 വർഷത്തിന് താഴെയുള്ള കാലയളവിലാണ് സ്വർണം കൈവശം വെച്ചിട്ടുള്ളതെങ്കിൽ, സ്വർണ വിലയിൽ വർധവ് കൊണ്ടുള്ള നേട്ടം ലഭിക്കുന്നുമുണ്ടെങ്കിൽ ഷോർട്ട്-ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് നൽകേണ്ടി വരും. അത് നികുതി ദായകന്റെ വരുമാനത്തിന് അനുസൃതമായ ടാക്സ് സ്ലാബിന് വിധേയമായിട്ടാകും ഈടാക്കുക.

Only 14 people have been jailed for gold debt in the past decade, as revealed by the Kochi Customs Commissioner’s Office. The customs department avoids prosecuting cases involving gold worth less than one crore rupees, instead confiscating the gold, imposing fines, and skipping trial and imprisonment. Smugglers take advantage of this by keeping the value of gold below 99 lakh rupees.
Also Read: