എ ടി എമ്മിന്റെ മുന്നിൽ തിരക്കു പിടിച്ചു ചെന്നപ്പോളാണ് മനസിലായത്. കാശുള്ള ഡെബിറ്റ് കാർഡ് എടുത്തിട്ടില്ല എന്ന്. അപ്പോളാണ് കാർഡില്ലാതെയും തിരെഞ്ഞെടുത്ത എ ടി എമ്മുകൾ പണം തരുമെന്ന പുതിയ സംവിധാനം ഓർത്തത്. അപ്പോൾ തന്നെ എ ടി എമ്മിൽ കയറി QR Code സ്കാൻ ചെയ്തു പണമെടുത്ത് പുറത്തിറങ്ങി, അപ്പോൾ ആ എ ടി എമ്മിൽ എഴുതിവച്ചിരുന്ന ഒരു ബാങ്ക് അറിയിപ്പ് മനസ്സിൽ ഉടക്കി. അപ്പോൾ തന്നെ തീരുമാനിച്ചു വീണ്ടും ജാഗ്രത പുലർത്തണം UPI ഇടപാടുകളിലെന്നു. ഈ UPI യും ATM ഉം തമ്മിൽ എന്താണ് ബന്ധം.?
ബന്ധമുണ്ട്. കേട്ടോ.
യു.പി.ഐ വഴിയുള്ള പണമിടപാടുകള്‍ അനുദിനം കൂടുകയാണ്. കാരണം ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയാണിത്. ഇനി മുതൽ തിരെഞ്ഞെടുത്ത എ ടി എമ്മുകൾ വഴി കൈയിൽ ഡെബിറ്റ് കാർഡില്ലാതെ തന്നെ അക്കൗണ്ടിലെ പണം പിൻവലിക്കാം കേട്ടോ. അതിനൊപ്പം ശ്രദ്ധിച്ചോണം ദിനംപ്രതി കോടികളുടെ യുപിഐ ഇടപാടുകൾ രാജ്യത്ത് നടക്കുന്നുമുണ്ട്. എന്നാൽ ഇടപാടുകൾ കൂടുന്നതിനൊപ്പം, യുപിഐ തട്ടിപ്പുകേസുകളും കൂടുന്നുണ്ടെന്ന്.
ഡെബിറ്റ് കാർഡില്ലാതെ പണമെടുക്കാൻ
യുപിഐ അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം വിവിധ ബാങ്കുകളുടെ എടിഎമ്മിൽ ലഭ്യമായിത്തുടങ്ങി, ക്യുആർ കോഡ് സ്കാനിങിലൂടെ 4000 രൂപവരെ പിൻവലിക്കാവുന്ന സംവിധാനം SBI നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു, ഇത് വിജയകരമെന്ന് കണ്ടതിനെ തുടർന്നാണ് മറ്റു പ്രമുഖ ബാങ്കുകളും യുപിഐ അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം പ്രാവർത്തികമാക്കാൻ തീരുമാനിച്ചത്.
ഇനിമുതൽ phonepe,googlePay, paytm തുടങ്ങി ഏതു യുപിഐ ആപ്പുപയോഗിച്ചും ബാങ്കുകളിൽ നിന്നു പണം പിൻവലിക്കാനാകും.
- പണം പിൻവലിക്കൽ പിന്തുണയ്ക്കുന്ന ATM.ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്
- ATM മെഷീനിൽ ‘കാർഡ്ലെസ് കാഷ് വിഡ്രോവൽ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- യുപിഐ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- എടിഎം ഒരു ക്യുആർ കോഡ് പ്രദർശിപ്പിക്കും.
- അപ്പോൾ വരുന്ന QR∙ കോഡ് ഫോണിലെ UPI ആപ് വഴി സ്കാൻ ചെയ്യുക.
- ആവശ്യമുള്ള തുകക്ക് നിങ്ങളുടെ യുപിഐ പിൻ നൽകുക.
- നിങ്ങളുടെ പണം നിങ്ങൾക്ക് കിട്ടും.
- ഒരു യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒരു ഉപഭോക്താവിന് ഫണ്ട് ഡെബിറ്റ് ചെയ്യേണ്ട നിർദ്ദിഷ്ട അക്കൗണ്ട് തിരഞ്ഞെടുക്കാനാകും
- യുപിഐ പണം പിൻവലിക്കൽ വഴി, ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ ആപ്പും പിന്നും അംഗീകാരത്തിനായി ഉപയോഗിച്ച് സുരക്ഷിതമായ ഇടപാട് ഉറപ്പാക്കാനാകും.
- ഇനി UPI വഴി നടക്കുന്ന തട്ടിപ്പുകളിലേക്ക് പോകാം
സർക്കാർ കണക്കുകൾ പ്രകാരം 2021-22ൽ 84,000 യുപിഐ തട്ടിപ്പ് കേസുകളും 2020-21ൽ 77,000 കേസുകളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-23 കാലയളവിൽ രാജ്യത്ത് 95,000-ത്തിലധികം യുപിഐ തട്ടിപ്പ് കേസുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വീഴരുത് SMS ചതിക്കുഴിയിൽ
യുപിഐ തട്ടിപ്പ് കേസുകൾ പലവിധമുണ്ട്. വ്യാജ സന്ദേശങ്ങളും വ്യാജ ലിങ്കുകളും അയച്ചുള്ള തട്ടിപ്പുകൾ നിരവധിയാണ്. നിങ്ങളുടെ ഫോണിലെത്തുന്ന എസ്.എം.എസുകളിലെ വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ സമയം ചിലവിടരുത്. ആ ലിങ്കുകള്‍ തുറക്കുമ്പോള്‍ അവ വഴി തട്ടിപ്പുകാരൻ ഫോണിലെ യു.പി.ഐ ആപ്പിലേക്കെത്തുകയും. ഓട്ടോ-ഡെബിറ്റ്ഓപ്ഷന് ക്ലിക്ക് ചെയ്ത് പോയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയും ചെയ്യും.
വ്യാജ ക്യുആർ കോഡുകൾ:
മുന്നിലുള്ള ക്യു.ആര് കോഡ് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധാരണ ഉപഭോക്താവിന് ഒരു നിർവാഹവും ഇല്ല. അത് പ്രദർശിപ്പിക്കുന്ന യഥാർത്ഥ ഉടമക്ക് മാത്രം പണം കരുതലോടെ നൽകുക എന്നത് മാത്രമാണ് പോംവഴി
ക്യു.ആര് കോഡില്‍ തിരിമറി നടത്തി യു.പി.ഐ വഴി പണംതട്ടുന്ന സംഭവങ്ങളും നിരവധിയാണ്. നിങ്ങൾക്ക് അർഹമായ ഒരു തുക കൈവശം ഉണ്ടെന്നും അത്
ക്യു.ആര് കോഡ് ഉപയോഗിച്ച് അയക്കുമെന്നുമാകും തട്ടിപ്പുകാരന്റെ പ്രലോഭനം. അതിൽ വീണു പോകുന്നവർ ലഭിച്ച ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ, യുപിഐ പിൻ നൽകാൻ ആവശ്യപ്പെടും. പിൻ നൽകിയാലുടൻ, തട്ടിപ്പുകാരന്റെ അക്കൗണ്ടിൽ നിന്നും പണം ലഭിക്കുന്നതിന് പകരം പകരം ഇരയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും.
ഇനി ഒരു സിനിമാക്കഥ പോലെ തട്ടിപ്പ്
എവിടെ നിന്നെങ്കിലും കൈക്കലാക്കിയ ഇരയുടെ യുപിഐ അക്കൗണ്ടിലേക്ക് പണം അയച്ച ശേഷം ഫോണിലേക്ക് വിളിച്ച് അറിയാതെ അയച്ചതാണ് തിരികെ വേണം എന്ന് തട്ടിപ്പുകാർ ആവശ്യപ്പെടും.
റീഫണ്ട് പ്രക്രിയ ആരംഭിക്കുന്നതിന് ഇരയ്ക്ക് അവർ ഒരു യുപിഐ ലിങ്ക് നൽകും. ലിങ്കിൽ ക്ലിക്ക് ചെയ്തയുടനെ, ഇര അറിയാതെ തന്നെ അവരുടെ ഫോണിലേക്കോ ഡിജിറ്റൽ വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ ആക്സസ് അനുവദിക്കുകയും, തട്ടിപ്പുകാരനെ പണം തട്ടിയെടുക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
യുപിഐ തട്ടിപ്പുകളിൽ നിന്ന് അകന്നു നിൽക്കാം
- നിങ്ങളുടെ സ്വന്തം ഇടപാടുകൾ നടത്തുന്നതിന് മാത്രമേ യുപിഐ പിൻ ഉപയോഗിക്കാവൂ. നിങ്ങളുടെ യുപിഐ പിൻ ആരുമായും പങ്കിടരുത്.
- അപ്രതീക്ഷിത പണമിടപാടുകളിൽ സംശയം ഉണ്ടാകണം, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
- ഇടപാടുകൾ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ പണം ട്രാൻസ്ഫർ ചെയ്യേണ്ട വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കുക.
ഡിജിറ്റലായി പണം കൈകാര്യം ചെയ്യുമ്പോൾ അതേപ്പറ്റിയുള്ള സാങ്കേതിക വശങ്ങൾ അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കണം. എങ്കിൽ തട്ടിപ്പുകാരുടെ മുന്നിൽ നമ്മുടെ ഉത്തരം മുട്ടില്ല, മറിച്ച് നമ്മുടെ ചോദ്യങ്ങളുടെ മുന്നിൽ അവർ പിന്തിരിയുകയും ചെയ്യും.