നിരുത്തരവാദപരമായി മാലിന്യം നീക്കം ചെയ്യുന്നതും നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശക്തവും ഫലപ്രദവുമായ നടപടികളെടുക്കുന്നതിന് ഇനി പോലീസ് സേനയുടെ സഹകരണം കൂടി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു.
നിയമവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (എല്‍എസ് ജിഐ) എന്‍ഫോഴ്സ്മെന്റ് സംഘങ്ങളില്‍ ഇനി മുതല്‍ പോലീസ് പ്രതിനിധിയുമുണ്ടായിരിക്കും.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്‍എസ് ജിഐ കളുടെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താം. സംസ്ഥാന പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ഉത്തരവ് പ്രകാരം സാധിക്കും. അതുമായി ബന്ധപ്പെട്ട വ്യക്തികളെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിയമനടപടി സ്വീകരിക്കാനും പോലീസിന്റെ സഹായത്തോടെ സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടൂതല്‍ കാര്യക്ഷമമാക്കാന്‍ ഇത് സഹായകമാകും. ഉത്തരവനുസരിച്ച് നിരോധിത വസ്തുക്കളുടെ ഉല്‍പ്പാദനം, വിതരണം, ഉപയോഗം, മാലിന്യം കത്തിക്കല്‍, മാലിന്യം തള്ളല്‍ എന്നിവയ്ക്കെതിരെ കര്‍ശന നിയമനടപടികളും സ്വീകരിക്കും.
ജലാശയങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും. അശ്രദ്ധമായ മാലിന്യ സംസ്കരണം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ അറവുശാലകളിലും ഭക്ഷണശാലകളിലും കൃത്യമായ ഇടവേളകളില്‍ മിന്നല്‍ പരിശോധന നടത്തി അവ വൃത്തിയുള്ള ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കും.
സ്ക്വാഡിന്റെ പരിശോധനയില്‍ സംസ്ഥാനത്ത് ഏപ്രില്‍-മെയ് മാസങ്ങളിലായി 14 ജില്ലകളിലുമായി 3444 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2915 കേസുകളില്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇത്രയും കേസ്സുകളിലായി 1,09,78,150 രൂപ പിഴ ചുമത്തുകയും 853258 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഒരുലക്ഷത്തി അയ്യായിരം കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഇത് വരെ പിടിച്ചെടുത്തിട്ടുമുണ്ട്.
കേരളത്തെ വൃത്തിയായും മാലിന്യമുക്തമായും നിലനിര്‍ത്താന്‍ ആരംഭിച്ച ദ്രുതകര്‍മ പദ്ധതിയുടെ ആദ്യഘട്ട ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ഹരിത സഭകള്‍ (ഹരിത അസംബ്ലികള്‍) സംഘടിപ്പിച്ചു.
2024-ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ഘട്ടങ്ങളിലായി ‘മാലിന്യമുക്തം നവകേരളം’ കാമ്പയില്‍ നടത്തുന്നത്. കാമ്പയിന്റെ രണ്ടാം ഘട്ടം 2023 ഒക്ടോബര്‍ 31 ന് സമാപിക്കും.
To combat littering, Kerala has intensified its efforts by involving the police in collaboration with local squads and institutions, imposing criminal actions such as arrests and fines for those found guilty of littering, emphasizing the importance of responsible waste management and discouraging public dumping.