മലയാള സിനിമാലോകത്ത് തീര്‍ത്തും തണുപ്പന്‍ കാലഘട്ടത്തിലൂടെയാണ് 2023ന്‍റെ ആദ്യപകുതി കടന്നുപോയത്. വര്‍ഷങ്ങള്‍ക്ക് ശേഷം റെക്കോഡുകള്‍ തകര്‍ത്ത 2018ഉം, രോമാഞ്ചവും മാറ്റി നിര്‍ത്തിയാല്‍ ആദ്യ പകുതിയില്‍ ഇറങ്ങിയ 95 ശതമാനം സിനിമകളും തീയറ്ററുകളില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് മലയാള സിനിമയില്‍ കാണാന്‍ കഴിഞ്ഞത്.

തീയറ്ററിലേക്ക് കാണികളെ ആകര്‍ഷിക്കാന്‍ കഴിയുമായിരുന്ന ഫെസ്റ്റിവല്‍ ഹോളിഡേകളും കൃത്യമായി വിനിയോഗിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. എന്റര്‍ടെയിന്‍മെന്‍റ് ഫോര്‍മുലകള്‍ക്ക് അനുസരിച്ചുള്ള സൂപ്പര്‍താര സിനിമകളുടെ അഭാവവും തീയറ്ററുകളെ സാരമായി ബാധിച്ചു.

എന്നാല്‍ ഇതിന്‍റെയെല്ലാം ക്ഷീണം തീര്‍ക്കാന്‍ 2023 രണ്ടാം പകുതി തയ്യാറെടുക്കുകയാണ്.

ബിഗ്‌ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളാണ് ഇനി വരാനിരിക്കുന്നത്. പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ഈ റിലീസുകള്‍ക്ക് കാത്തിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളില്‍ നിന്നും സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നത് തീയറ്ററുകള്‍ക്ക് വലിയൊരു ആശ്വാസം തന്നെയാണ് നല്‍കുന്നത്.

ഓരോ റിലീസിലും റെക്കോഡുകള്‍ തകര്‍ക്കുന്ന സൗത്ത് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ് സൗത്ത് ഇന്ത്യ ഒട്ടാകെ ആരാധകരുള്ള തമിഴകത്തിന്റെ വിജയ്‌ നായകനാകുന്ന ചിത്രങ്ങള്‍. ഉലകനായകന്‍ കമലഹാസന്റെ ഗംഭീര തിരിച്ചു വരവിന് അരങ്ങ് ഒരുക്കിയ ലോകേഷ് കനകരാജ് എന്ന സംവിധായകന്‍ കൂടെ ഇത്തവണ എത്തുമ്പോള്‍, “ലിയോ” എന്ന സിനിമയില്‍ നിന്ന് ഒരു ഇന്ടസ്ട്രി ഹിറ്റില്‍ കുറഞ്ഞൊന്നും തന്നെ പ്രേക്ഷകരും ഇന്ടസ്ട്രിയും പ്രതീക്ഷിക്കുന്നില്ല. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന ബ്രാന്‍ഡില്‍ തന്നെ എത്തുന്ന ലിയോയില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ തന്നെയുള്ള തൃഷ, ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍ സര്‍ജ, സഞ്ജയ്‌ ദത്ത് താരനിരയാണ് എത്തുന്നത്. ഓഡിയോ, സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് സര്‍വകാല റെക്കോഡില്‍ വിറ്റുപോയ, ലിയോ പൂജ റിലീസ് ആയോ ഒക്ടോബര്‍ 19ന് റിലീസ് ചെയ്യും.

കന്നഡ ഇന്ടസ്ട്രിയുടെ ഭാവി തന്നെ മാറ്റിയെഴുതിയ KGFന്‍റെ സ്രഷ്ടാവ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് സുകുമാരന്‍, ജഗപതി ബാബു, ശ്രുതി ഹാസന്‍ എന്നിവരാണ്‌ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലെത്തും.

ഈ വര്‍ഷം തുടക്കത്തില്‍ ഇന്ടസ്ട്രി ഹിറ്റോടെ തിരിച്ചെത്തിയ ഷാരൂഖ്ഖാന്‍ ഡബിള്‍ റോളില്‍ എത്തുന്ന “ജവാന്‍” എന്ന സിനിമയാണ് ഈ ലിസ്റ്റില്‍ മൂന്നാമത്തേത്.സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന്‍ അറ്റ്ലീ ഒരുക്കുന്ന ചിത്രത്തില്‍ വിജയ്‌ സേതുപതി, നയന്‍താര, സാന്യ മല്‍ഹോത്ര, യോഗി ബാബു എന്നിവര്‍ക്കൊപ്പം വിജയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. അനിരുധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രം സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യും.

ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അല്ലു അര്‍ജുന്‍ ചിത്രം “പുഷ്പ: ദി റൈസ്”ന്‍റെ രണ്ടാം ഭാഗം “പുഷ്പ: ദി റൂള്‍” ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രം. പി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, മനോജ്‌ ബാജ്പെയി, രശ്മിക മന്ദാന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ക്രിസ്മസ് റിലീസ് ആയി തീയറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

യാഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാം ചിത്രമായ ടൈഗര്‍ 3യാണ് ബോളിവൂഡില്‍ നിന്നുള്ള അടുത്ത വമ്പന്‍ റിലീസ് സല്‍മാന്‍ഖാന്‍ – കത്രീന കൈഫ്‌ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി, രേവതി എന്നിവരും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥിവേഷത്തില്‍ എത്തുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് മലയാളത്തില്‍ നിന്നുള്ള ബിഗ്‌ ബഡ്ജറ്റ് ചിത്രം. ജിജോ പുന്നൂസിന്റെ കഥയില്‍ മോഹന്‍ലാലും ഗുരു സോമസുന്ദരവും ഗീതി സംഗീതയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ചായാഗ്രഹണം സന്തോഷ്‌ ശിവനാണ്. ചിത്രം ഉടന്‍ തന്നെ തീയ്യറ്ററുകളില്‍ എത്തും.

കമല്‍ ഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം “ഇന്ത്യന്‍”ന്‍റെ  രണ്ടാം ഭാഗം “ഇന്ത്യന്‍ 2”വാണ് കമല്‍ ഹാസന്റെതായി വരാനിരിക്കുന്ന ചിത്രം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, നെടുമുടി വേണു, വിവേക്, സിദ്ധാര്‍ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. “വിക്രം” എന്ന വമ്പന്‍ ഹിറ്റിന് ശേഷം എത്തുന്ന ഈ കമല്‍ ഹാസന്‍ ചിത്രം ദീപാവലി റിലീസ് ആയി തീയറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

KGF സീരീസ്, കാന്താര, 777 ചാര്‍ലി, ഗരുഡ ഗമന വൃഷഭ വാഹന  എന്നീ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ കര്‍ണാടക ഭൂപടം തുറന്നു വെച്ച കന്നഡ സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ എന്ട്രിയാണ് സപ്ത സാഗരദച്ചേ എല്ലോ. കന്നടസിനിമയിലെ പ്രശസ്തമായ “ഷെട്ടി ഗ്യാങ്ങ്”ലെ രക്ഷിത് ഷെട്ടി നായകനാകുന്ന ചിത്രം ഹേമന്ത് എം റാവുവാണ് സംവിധാനം ചെയ്യുന്നത്.

രുക്മിണി വസന്ത്, പവിത്ര ലോകേഷ്, അച്യുത് കുമാര്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ജൂലായ്‌ റിലീസ് ആയി തീയറ്ററുകളില്‍ എത്തും.
നെല്‍സന്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം “ജയിലര്‍”റാണ് തമിഴകത്ത് നിന്നുള്ള മറ്റൊരു വമ്പന്‍ റിലീസ്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ്, തമന്ന, രമ്യ കൃഷ്ണന്‍, സുനില്‍ എന്നി പാന്‍ ഇന്ത്യന്‍ താരനിരയാണ് ഈ ചിത്രത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനുള മറ്റ് കാരണങ്ങള്‍. അനിരുധ് രവിച്ചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ്‌ 11ന് റിലീസിന് എത്തും.

മലയാളത്തില്‍ നിന്നുള്ള ബിഗ്‌ ബഡ്ജ്റ്റ് 3D ചിത്രം “അജയന്റെ രണ്ടാം മോഷണം”മാണ് ഈ വര്‍ഷത്തെ മോളിവൂഡിലെ വമ്പന്‍ റിലീസ്. സുജിത്ത് നമ്പ്യാരുടെ തിരക്കഥയില്‍ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്നന്‍ ചിത്രത്തില്‍ ടോവിനോ തോമസ്‌ ആണ് നായകന്‍. ടോവിനോ മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ഹരിഷ് ഉത്തമന്‍, അജു വര്‍ഗീസ്‌ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. മിന്നല്‍ മുരളി, 2018 എന്നീ സിനിമകളിലൂടെ ടോവിനോ നേടിയെടുത്ത പ്രസിദ്ധി ഈ ചിത്രത്തിലും പിന്തുടരും എന്നാണ് പ്രേക്ഷകര്‍ വിശ്വസിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസ് ആയി തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊന്നിയിന്‍ സെല്‍വന് ശേഷം വിക്രം മുഖ്യവേഷത്തില്‍ എത്തുന്ന പാ രഞ്ജിത്ത് ചിത്രംമാണ് തങ്കലാന്‍. കോലാര്‍ ഗോള്‍ഡ്‌ മൈനുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, പാര്‍വതി. പശുപതി എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിലെ വിക്രത്തിന്റെ മേയ്ക്ക് ഓവര്‍ ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. ചിത്രം ഈ വര്‍ഷാവസാനത്തോടെ തീയറ്ററുകളില്‍ എത്തും.

സീതാരാമം എന്ന  ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദുല്‍ക്കര്‍ നായകനാകുന്ന കിംഗ്‌ ഓഫ് കൊത്തയാണ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ ചിത്രം. ബിഗ്‌ ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ പീരീഡ്‌ ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്യുന്നത് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. ഐശ്വര്യ ലക്ഷ്മി, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്ന ചിത്രം ഓണം റിലീസ് ആയി തീയറ്ററുകളില്‍ എത്തും.

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ എന്റര്‍ടെയിന്‍മെന്‍റ് ചിത്രങ്ങളുടെ വരവ് തീയ്യറ്ററുകളില്‍ വീണ്ടും തരംഗം സൃഷ്ടിക്കും എന്നാണു പ്രതീക്ഷ. ആദ്യ പകുതിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിക്കാതെ കടന്നുപോയ സിനിമകള്‍ക്ക് പകരമാകാന്‍ ഓരോ ഇന്ടസ്ട്രിയിലെയും സൂപ്പര്‍ സ്റ്റാറുകള്‍ നായകവേഷത്തിലെത്തുന്ന ബിഗ്‌ ബഡ്ജറ്റ് സിനിമകള്‍ക്ക് കഴിയുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകളും വിലയിരുത്തുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version