കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ ഗവേഷണ, നിർമാണത്തിനായി കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ പ്രസിഡന്റുമായും, ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.
ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകൾ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നു പ്രസിഡന്റ് ഉറപ്പു നൽകി.
പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്ച്, മോളിക്യുലാർ ഇമ്മ്യൂണോളജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരുമായുള്ള ചർച്ചയിൽ സൂചിപ്പിച്ചു.
ആരോഗ്യ- അനുബന്ധ മേഖകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാർമയുമായി (BioCubaFarma) സഹകരിച്ച് കേരളത്തിൽ ഒരു വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു. ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കും. വാർഷിക ശിൽപശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീർഘമായി നിലനിർത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തുടർ നടപടികൾക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും.
ബയോക്യൂബഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് ഡിയസ്, നാഷണൽ സെന്റർ ഫോർ ന്യൂറോ സയൻസസ് (CNEURO) ഡയറക്ടർ ജനറൽ ഡോ. മിച്ചൽ വാൽഡെസ് സോസ, സെന്റർ ഫോർ മോളിക്യുലാർ ഇമ്മ്യൂണോളജി (CIM) ഡയറക്ടർ ജനറൽ എഡ്വാർഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ആരോഗ്യ , ഗവേഷണ, നിർമ്മാണ രംഗത്തെ കൂടുതൽ ചർച്ചകൾക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബൻ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്നതിൽ ക്യൂബൻ ബയോടെക്നോളജിയും ഫാർമസ്യൂട്ടിക്കൽസും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണമുറപ്പാക്കുന്നതോടെ ആകർഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക.
ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി ചർച്ച നടത്തി
കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു.
സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ സർവകലാശാലകൾ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികളും ഉൾപ്പെടെ കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബൻ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും പ്രസിഡൻറ് പറഞ്ഞു.
വ്യാപാരം, വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ക്യൂബയുമായി സഹകരണത്തിന് സാധ്യതയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്.
പൊതുജനാരോഗ്യ രംഗത്തും, വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങൾ ലോകമെങ്ങും അംഗീകരിക്കപ്പെട്ടതാണ്. ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ രംഗത്തും വലിയ പുരോഗതി ക്യൂബ നേടിയിട്ടുണ്ട്. ഈ മേഖലകളിൽ കേരളവുമായി സഹകരണത്തിനുള്ള സാധ്യതകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ആരോഗ്യ വിദഗ്ധർക്കുള്ള പരിശീലന പരിപാടികൾ, ഗവേഷണ പരിപാടികൾ തുടങ്ങി ക്യൂബയുമായി ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകൾ ധാരാളമാണ്.
കായിക രംഗത്തെ സഹകരണമാണ് കൂടിക്കാഴ്ചയിലുയർന്ന മറ്റൊരു വിഷയം. വോളീബോൾ, ജൂഡോ, ട്രാക്ക് ആൻഡ് ഫീൽഡ് മേഖലകളിൽ ക്യൂബയുണ്ടാക്കിയ അന്താരാഷ്ട്ര നേട്ടങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിന്റെ കായിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ മേഖലകളിലെ സഹകരണം സഹായിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ വ്യാപാര രംഗത്തും വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കാനാവശ്യമായ സഹകരണസാധ്യതകളും ചർച്ചയിലുയർന്നു. ഇതുവഴി സമഗ്രവും ഊഷ്മളവും ക്രിയാത്മകവുമായ ഒരു ബന്ധം വളർത്തിയെടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് പ്രതിനിധി സംഘത്തിലെ അംഗങ്ങൾ അറിയിക്കുകയുണ്ടായി. ഇതിനായി എല്ലാവിധ സഹകരണവും ക്യൂബൻ പ്രസിഡന്റ് ഉറപ്പുനൽകി.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണ ജോർജ് , ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
Cuba and Kerala have agreed to collaborate on research and construction projects in sports, health, and biotechnology. The partnership aims to leverage their expertise and resources to drive advancements in these fields, fostering knowledge exchange and innovation.