സാങ്കേതികവിദ്യ ഇന്നത്തെ കാലത്തെ സിനിമയെ ടെക്നിക്കലായി മികച്ച നിലവാരത്തിലേക്ക് ഉയർത്തിയെന്ന് നിസംശയം പറയാം. എന്നാൽ സാങ്കേതിവിദ്യയുടെ അതിപ്രസരം സിനിമയുടെ ക്രിയേറ്റിവ് മേഖലകളെ ഏതെല്ലാം രീതിയിൽ സ്വാധീനിക്കുമെന്ന് ഇനിയും വെളിപ്പെട്ടു വരുന്നതേയുളളൂ. AI തങ്ങളുടെ പണി കളയുമെന്ന് ആരോപിച്ച് അടുത്തിടെ ഹോളിവുഡിലെ ക്രിയേറ്റിവ് റൈറ്റർമാർ സമരം നടത്തിയത് നമ്മൾ കണ്ടതാണ്.
ഈ സാഹചര്യത്തിൽ മലയാള സിനിമയിൽ AI അടക്കമുളള നവയുഗ ടെക്നോളജി ഏതെല്ലാം വിധത്തിൽ സ്വാധീനം ചെലുത്തും എന്നതിനെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ് channeliam.com-നോട് സംസാരിക്കുന്നു. എന്റെ വീട് അപ്പൂന്റേം, ട്രാഫിക്, മുംബൈ പോലീസ് അടക്കം നിരവധി തിരക്കഥകളിലൂടെ മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളായി മാറിയ ആളാണ് ബോബി-സഞ്ജയ് ദ്വയത്തിലെ സഞ്ജയ്.
AIയുടെ കടന്നുവരവ് സിനിമയിൽ നല്ലകാര്യമാണോ അല്ലെയോ എന്നു പറയാനുളള സമയമായിട്ടില്ലെന്നാണ് സഞ്ജയ് അഭിപ്രായപ്പെടുന്നത്. നിലവിൽ ഓൺഗോയിംഗ് ആയിട്ടുളള കാര്യമെന്ന നിലയിൽ സിനിമയിൽ അതെങ്ങനെ സ്വാധീനിക്കുമെന്ന് പറയാറായിട്ടില്ല. എന്നാൽ പോലും MT വാസുദേവൻ നായരോ ഒരു ബഷീറോ അല്ലെങ്കിൽ ഒരു പദ്മരാജനോ ഒക്കെ എഴുതുന്നത് പോലെ AI എഴുതും എന്ന് വിശ്വസിക്കാൻ താനിപ്പോൾ താല്പര്യപ്പെടുന്നില്ലെന്ന് സഞ്ജയ് കൂട്ടിച്ചേർക്കുന്നു. സഞ്ജയുടെ വാക്കുകളിലേക്ക്…..
ഒരു സൃഷ്ടി ഉണ്ടാകുന്നത് എഴുത്തുകാരന്റെ വേദനയിലൂടെയും എഴുത്തുകാരന്റെ പരിക്കുകളിലൂടെയും എഴുത്തുകാരന്റെ സന്തോഷത്തിലൂടെയും കണ്ണീരിലൂടെയും ഒക്കെയാണെന്നാണ് സഞ്ജയ് അഭിപ്രായപ്പെടുന്നത്. അത് AIക്ക് സാധിക്കുമോ എന്നറിയില്ലെന്നും , അത് സാധിക്കില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും റിയലിസ്റ്റിക്കായ തിരക്കഥകളിലൂടെ മലയാളസിനിമയിൽ ഇടംപിടിച്ച സഞ്ജയ് പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രഭാവം സിനിമയിൽ എത്രത്തോളമുണ്ടാകുമെന്ന് ആ മേഖലയിൽ പരിചിതനല്ലാത്തത് കൊണ്ടുതന്നെ അജ്ഞതയോടു കൂടിയാണ് പറയുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർക്കുന്നു.
ഭാവിയിൽ AIയുടെ സഹായം സ്വീകരിക്കേണ്ടി വന്നാൽ അതെങ്ങനെ ആയിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പറഞ്ഞ സഞ്ജയ് പക്ഷേ ഒരു കാര്യം വ്യക്തമാക്കുന്നു. “എഴുതുന്ന സിനിമകളിൽ ഞങ്ങളുണ്ടാകണമെന്ന് നിർബന്ധമുളള റൈറ്റേഴ്സ് ആണ് ഞങ്ങൾ. ഞങ്ങളുടെ ഹൃദയം ഉണ്ടാകണമെന്ന് നിർബന്ധമുളള റൈറ്റേഴ്സാണ്. അപ്പോൾ AI വന്നാൽ ഞങ്ങളുടെ കീഴിൽ വർക്ക് ചെയ്യുന്ന ഒരു എംപ്ലോയി എന്ന നിലയിൽ മാത്രമായിരിക്കും പരിഗണിക്കുന്നത്”. സഞ്ജയ് കൂട്ടിച്ചേർത്തു.