സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ LEAP(ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു.
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതിയാണ് LEAP. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങി ആധുനികമായ സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനാകും. വര്‍ക്കം ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. “സംസ്ഥാനത്ത് കെഎസ് യുഎമ്മിന് കീഴിലുള്ള എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലും ലീപ് സംവിധാനം ഏര്‍പ്പെടുത്തും. ഉടന്‍ തന്നെ സംസ്ഥാന വ്യാപകമായി ലീപ് കേന്ദ്രങ്ങള്‍ വരാന്‍ പോകുകയാണ്.”
തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ കുടുംബ മേല്‍നോട്ടത്തിന്റെ പരിമിതികള്‍ മൂലം ഇഷ്ടപ്പെട്ട തൊഴിലെടുക്കാന്‍ പലപ്പോഴും സാധിക്കുന്നില്ലെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം സിഎംഡി ഉഷാ ടൈറ്റസ് ചൂണ്ടിക്കാട്ടി. “ലീപ് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നതോടെ ചെറുനഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഐടി തൊഴില്‍ എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. അവസരങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് വനിതാ ശാക്തീകരണത്തിന്റെ ഭാഗമാണ്.”
കാസര്‍കോഡ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടകനായ ചടങ്ങിൽ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു. ടെക്ജെൻഷ്യ സ്ഥാപകന്‍ ജോയ് സെബാസ്റ്റ്യന്‍, എഫ് സി റോവറിലെ ഫിറോസ്, ലൈവ് ലോ സ്ഥാപകന്‍ പി വി ദിനേശ് ,അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഡ്രോണ്‍ എക്സ്പോ, വര്‍ക്ക്ഷോപ്പുകള്‍, ചാറ്റ് ജിടിപി വര്‍ക്ക്ഷോപ്പ്, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, നവ സംരംഭകര്‍ എന്നിവര്‍ക്കുള്ള കരിയര്‍ ക്ലിനിക്ക്, സ്റ്റാര്‍ട്ടപ്പ് എക്സ്പോ തുടങ്ങിയവയും ഒരുക്കിയിരുന്നു. ലീപ് പദ്ധതിയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കിറ്റും ചടങ്ങില്‍ വിതരണം ചെയ്തു.
The inaugural center of Kerala Startup Mission’s LEAP project, aimed at transforming startup incubators into co-working spaces, is now operational in Kasaragod.