ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിൽ “താൽക്കാലിക പരിധി” അവതരിപ്പിച്ചതായി സ്ഥിരീകരിച്ച് ട്വിറ്റർ സിഇഒ എലോൺ മസ്ക്. വെരിഫൈഡ് സ്റ്റാറ്റസുളള അക്കൗണ്ടുകൾക്ക് പ്രതിദിനം 6000 പോസ്റ്റുകൾ വായിക്കാവുന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകളും വെരിഫൈഡല്ലാത്ത പുതിയ അക്കൗണ്ടുകൾക്കുളള പരിധി 300 പോസ്റ്റുകളും ആയി നിജപ്പെടുത്തിയിരിക്കുന്നു. താത്കാലിക പരിധികൾ നിലവിൽ ഓഗസ്റ്റ് ഒന്നിന് അവസാനിക്കും, എന്നാൽ അവ നീട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഡാറ്റാ സ്ക്രാപ്പിംഗും സിസ്റ്റം കൃത്രിമത്വവും തടയാനാണ് താല്ക്കാലിക പരിധി നിശ്ചയിക്കുന്നതെന്ന് മസ്ക് വ്യക്തമാക്കി.
വെരിഫൈഡ് ഉപയോക്താക്കൾക്ക് പ്രതിദിനം 8,000 ട്വീറ്റുകളായും വെരിഫൈഡ് അല്ലാത്തവർക്ക് 800 ആയും പുതിയ വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്ക് 400 ആയും പരിധി “ഉടൻ” വർദ്ധിപ്പിക്കുമെന്ന് മസ്ക് പിന്നീട് പോസ്റ്റ് ചെയ്തു. ഉപയോക്താക്കളുടെ സ്ക്രോൾ സമയം പരിമിതപ്പെടുത്തുന്നത് പരസ്യത്തെ ബാധിക്കുമെന്നതിനാൽ, ഒരു സോഷ്യൽ നെറ്റ്വർക്കിന്റെ വായന നിരക്ക് പരിമിതപ്പെടുത്തുന്നത് വളരെ വിചിത്രമാണ് എന്ന വാദമാണ് ഇൻഡസ്ട്രി വിദഗ്ധർ ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം പല ഉപയോക്താക്കൾക്കും ട്വിറ്റർ ലഭ്യമായിരുന്നില്ല. ഉപയോക്താക്കൾ ഫീഡ് റിഫ്രഷ് ചെയ്യാൻ ശ്രമിച്ചപ്പോൾ “rate limit exceeded” എന്ന സന്ദേശമായിരുന്നു ലഭിച്ചത്. ട്വിറ്റർ ഉപയോക്താക്കൾക്ക് പ്രൊഫൈലുകൾ, ടോപിക്സ്, ഫീഡ് എന്നിവ തിരയുന്നതിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി DownDetector റിപ്പോർട്ട് ചെയ്തിരുന്നു. ഭൂരിഭാഗം പ്രശ്നങ്ങളും മൊബൈൽ ആപ്പിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും ട്വിറ്ററിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വരുമാനം വർദ്ധിപ്പിക്കുന്നതിനായി ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ സേവനം ഉപയോഗിക്കുന്നവർക്ക് ഒരു ബ്ലൂ വെരിഫിക്കേഷൻ ചെക്ക് മാർക്ക് കമ്പനി നൽകി തുടങ്ങിയിരുന്നു. ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഉളളവർക്ക് ഒരു ട്വീറ്റിൽ 25,000 അക്ഷരം (ക്യാരക്ടർ) വരെ പോസ്റ്റ് ചെയ്യാമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഇത് 10,000 ക്യാരക്ടർ ആയിരുന്നു. ബ്ലൂ സബ്സ്ക്രിപ്ഷൻ ഉളളവർക്ക് 60 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അപ്ലോഡ് ചെയ്യാമായിരുന്നത് കഴിഞ്ഞ മാസം 2 മണിക്കൂർ ആയും വർദ്ധിപ്പിച്ചിരുന്നു.