ഇന്ത്യയിലെ ഏത് ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്മെന്റ് സംവിധാനം ആക്സസ് ചെയ്യാനും യോനോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം അഭ്യര്‍ത്ഥിക്കാനും കഴിയുന്ന ഇന്റര്‍ഓപ്പറബിള്‍ കാര്ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍ (ഐസിസിഡബ്ല്യു) സൗകര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ആരംഭിച്ചു. ബാങ്കിന്റെ 68-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍. മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ബാങ്കിങ് ആപ്പ് “യോനോ ഫോര്‍ എവരി ഇന്ത്യനും” SBI അവതരിപ്പിച്ചു.
യോനോ ഫോര്‍ എവരി ഇന്ത്യന്‍ ആപ്പ് വഴി ഏതു ബാങ്കിന്റെ ഉപഭോക്താവിനും സ്കാന്‍ ആന്റ് പേ, പേ ബൈ കോണ്ടാക്ട്സ് തുടങ്ങിയ യുപിഐ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
എല്ലാ ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തിയുള്ള ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള എസ്ബിഐയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. 2017-ല്‍ അവതരിപ്പിക്കപ്പെട്ട യോനോ ആപ്പിന് ആറു കോടി രജിസ്ട്രേഡ് ഉപയോക്താക്കളാണുള്ളത്.
ഇന്റര്‍ ഓപറേറ്റബിൾ കാഷ് വിത്ത്ഡ്രോവല്‍ സൗകര്യം വഴി എസ്ബിഐയുടേയും മറ്റു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്ക് ഏതു ബാങ്കിന്റേയും ഐസിസിഡബ്ലിയു സൗകര്യമുള്ള എടിഎമ്മുകളില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാനാവും. ഇതിനായി ആപ്പിലെ യുപിഐ ക്യൂആര്‍ കാഷ് സംവിധാനം പ്രയോജനപ്പെടുത്താം.
പിന് നമ്പറോ ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാതെ എടിഎം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന സിംഗിള്‍ യൂസ് ഡൈനാമിക് ക്യുആര്‍ കോഡ് വഴിയാണ് ഇടപാട് നടക്കുക. എടിഎം സ്ക്രീനില്‍ തെളിയുന്ന ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന ക്യൂആര്‍ കോഡ് യുപിഐ ആപ്പില്‍ ലഭ്യമായ സ്കാന്‍ ആന്റ് പേ സംവിധാനം ഉപയോഗിച്ചു സ്കാന്‍ ചെയ്ത് പണം പിൻവലിക്കാം.
ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് എസ് ബി ഐ ചെയര്മാന് ദിനേഷ് ഖര പറഞ്ഞു. “യുപിഐ ക്യുആര്‍ ക്യാഷ്’ പ്രവര്‍ത്തനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു പ്രാപ്തമാക്കിയ എടിഎമ്മുകളില്‍ നിന്ന് തടസ്സമില്ലാതെ പണം പിന്‍വലിക്കാന്‍ കഴിയും.”