ഇ- കോമേഴ്സ് പ്ലാറ്റ്ഫോമിലേക്ക് നടന്നു കയറി കേരളത്തിന്റെ മിൽമയും. ഇനി ലോകത്തിന്റെ ഏതു കോണിലിരുന്നും മിൽമ ഉത്പന്നങ്ങൾ ഓർഡർ ചെയ്തു നേടാം. https://milmatrcmpu.com/ വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലോകത്തെവിടെ നിന്നും മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും.

മില്‍മ ഉത്പന്നങ്ങളുടെ വിപണനരംഗത്ത് ഇ-കൊമേഴ്സ് പോര്‍ട്ടല്‍ മുതല്‍ക്കൂട്ടാകും. മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയന്റെ (TRCMPU) ഔദ്യോഗിക വെബ്സൈറ്റിനും ഇ-കൊമേഴ്സ് പോര്‍ട്ടലിനൊപ്പം തുടക്കമായി.

ഔദ്യോഗിക വെബ്സൈറ്റും ഇ-കൊമേഴ്സ് പോര്‍ട്ടലും പട്ടം ക്ഷീരഭവനില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ക്ഷീരസാന്ത്വനം’ വീണ്ടും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ നിര്‍ത്തലാക്കിയ ക്ഷീരസാന്ത്വനം പദ്ധതിയിലൂടെ കന്നുകാലികള്‍ക്കു പുറമെ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ- അപകട-ലൈഫ് ഇന്‍ഷുറന്‍സ് നല്കാന് സാധിച്ചത് ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല് ഒഴുക്ക് തടയുന്നതിന് പരിമിതികള്‍ ഉണ്ടെങ്കിലും സഹകരണതത്ത്വങ്ങള്‍ക്ക് വിരുദ്ധമായി മറ്റ് പാല് ബ്രാന്‍ഡുകള്‍ കേരളത്തിലേക്ക് കടന്നുകയറുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കറവ സമയങ്ങളില്‍ മാറ്റം വരുത്തുന്നതിനൊപ്പം പാല് ശേഖരിച്ചു സൂക്ഷിക്കാനുള്ള സംവിധാനങ്ങളും വിപൂലീകരിക്കും. കൂടുതല്‍ ആളുകളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. നല്ലയിനം കാലിത്തീറ്റ കുറഞ്ഞ വിലയ്ക്ക് നല്‍കാനും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് പാല് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. മില്‍മ @സ്കൂള്‍ പദ്ധതി കോളേജുകളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.