പെട്രോൾ വില എങ്ങിനെ, എന്തടിസ്ഥാനത്തിൽ ലിറ്ററിന് 15 രൂപയാക്കും കേന്ദ്രം? അതിനുത്തരം നൽകേണ്ടത് നിതിൻ ഗഡ്കരിയല്ല- തമിഴ്നാടും യു പിയുമാണ്. വിശദമായി പറയാം.
പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാൻ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് കഴിയും. താമസിയാതെ എല്ലാ വാഹനങ്ങളും കർഷകർ ഉൽപ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ച് ഓടും”. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ തന്റെ പ്രതീക്ഷ പങ്കുവച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കാരണം ഗഡ്കരി മന്ത്രിയായി ചുമതലയേറ്റ ശേഷം പറഞ്ഞതൊക്കെ സംഭവിച്ചിട്ടുണ്ട്, പ്രഖ്യാപിച്ചതൊക്കെ നടപ്പാക്കിയിട്ടുമുണ്ട്.
എഥനോളിൽ പ്രഖ്യാപിത ലക്ഷ്യത്തിനപ്പുറത്തേക്കു കുതിക്കുകയാണ് ഉത്തർ പ്രദേശ്. അതിവേഗം ബഹുദൂരമാണിപ്പോൾ തമിഴ്നാട്. എഥനോൾ ഉല്പാദനത്തിന് പ്രാധാന്യം നൽകാൻ വ്യവസായ നയം വരെ ഭേദഗതി ചെയ്തു മുന്നോട്ടു പോകുന്ന തമിഴ്നാട്ടിലേക്കും, എഥനോൾ പ്രതിവർഷ ഉല്പാദന ശേഷി 2 ബില്യൺ ലിറ്ററായി ഉയർത്തി രാജ്യത്തെ ഏറ്റവും മികച്ച എഥനോൾ ഉൽപ്പാദകനായ യു പി യിലേക്കും നമുക്ക് ഒന്ന് എത്തി നോക്കേണ്ടതുണ്ട്.
പെട്രോൾ വില കുറയുന്നതിന് അടിസ്ഥാനമായി ഗഡ്കരി പറയുന്ന ന്യായമിതാണ്. “വാഹനങ്ങൾ ശരാശരി 60% എഥനോളും 40% വൈദ്യുതിയും ഉപയോഗിച്ച് തുടങ്ങിയാൽ പെട്രോൾ ലിറ്ററിന് 15 രൂപ നിരക്കിൽ ലഭിക്കും. കാരണം എഥനോൾ നിരക്ക് 60 രൂപയും പെട്രോൾ നിരക്ക് ലിറ്ററിന് 120 രൂപയുമാണ്. കൂടാതെ എഥനോൾ വാഹനത്തിനു വേണ്ട 40 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കും.”
“കർഷകർ ‘അന്നദാതാ’ മാത്രമല്ല ‘ഊർജ്ജദാതാ’വും ആകുമെന്ന ചിന്താഗതിയിലാണ് നമ്മുടെ സർക്കാർ… എല്ലാ വാഹനങ്ങളും ഇനി ഓടുന്നത് കർഷകർ ഉത്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ചായിരിക്കും. എണ്ണയുടെ ഇറക്കുമതി 16 ലക്ഷം കോടി രൂപയുടേതാണ്. പകരം ഈ പണം കർഷകരുടെ വീടുകളിലേക്ക് പോകും,” അത്തരമൊരു സാഹചര്യത്തിൽ മലിനീകരണം കുറയുമെന്നും ഇന്ത്യയുടെ കനത്ത ഇറക്കുമതി ബില്ലും ലഘൂകരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിലവിൽ വരുന്നതോടെ ഇന്ധനവില കുറയാൻ സാധ്യതയുണ്ടെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ, ടൊയോട്ട കമ്പനിയുടെ എഥനോൾ അധിഷ്ഠിത കാമ്രി കാർ ഓഗസ്റ്റിൽ പുറത്തിറക്കുമെന്ന് ഗഡ്കരി പറഞ്ഞിരുന്നു. ഇത് 100 ശതമാനം എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും 40 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യും.
എന്താണീ എഥനോൾ ഇന്ധനം?
പഞ്ചസാരയുടെ ഉപോൽപ്പന്നമായ മൊളാസസിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ ഒരു കാർഷിക അധിഷ്ഠിത ഉൽപ്പന്നമാണ്. കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ പ്രോഗ്രാം (Ethanol Blended Petrol Programme -EBP Programme) ലക്‌ഷ്യം വളരെ വ്യക്തമാണ്. മോട്ടോർ സ്പിരിറ്റുമായി എഥനോൾ സംയോജിപ്പിച്ച് മലിനീകരണം കുറയ്ക്കുക, എണ്ണ ഇറക്കുമതിയിലെ വിദേശ നാണ്യ വിനിമയത്തിൽ മിതത്വം കൊണ്ടുവരുക, കർഷകർക്ക് കരിമ്പിന് വില ഉറപ്പു നൽകി പഞ്ചസാര വ്യവസായത്തിലെ മൂല്യവർദ്ധനവ് ഉറപ്പാക്കുക എന്നിവയാണ്.
“ബയോമാസ്” എന്നറിയപ്പെടുന്ന വിവിധ സസ്യ വസ്തുക്കളിൽ നിന്ന് നിർമ്മിച്ച പുനരുൽപ്പാദിപ്പിക്കാവുന്ന ഇന്ധനമാണ് എഥനോൾ. പലതരം മിശ്രിതങ്ങളിൽ കാറുകൾക്ക് ഇന്ധനം ആക്കി മാറ്റാൻ ഇത് ഉപയോഗിക്കാം. പെട്രോളുമായി കലർത്തിയാകും എഥനോൾ വാഹന ഇന്ധനമായി ഉപയോഗിക്കുക.
ഇന്ത്യയിലെ ഏറ്റവും വലിയ എഥനോൾ ഉല്പാദകൻ- ഉത്തർ പ്രദേശ്
യു പി സംസ്ഥാനത്തെ എഥനോൾ വ്യവസായത്തിന്റെ വലിപ്പം 12,000 കോടി കടന്നതോടെ ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച എത്തനോൾ ഉൽപ്പാദകനായി.
യുപിയുടെ എഥനോൾ ശേഷി പ്രതിവർഷം 2 ബില്യൺ ലിറ്ററായി കണക്കാക്കുന്നു. അഞ്ച് വർഷം മുമ്പ് പ്രതിവർഷം 240 ദശലക്ഷം ലിറ്ററായിരുന്നതിൽ നിന്ന് ഏകദേശം എട്ട് മടങ്ങ് വർധനയാണിപ്പോൾ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ കോമ്പോസിറ്റ് എഥനോൾ കപ്പാസിറ്റി ഉയർത്താൻ സ്വകാര്യ മേഖലയിലെ ഡിസ്റ്റിലറികൾ ഏകദേശം 7,500 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
കർഷകർക്ക് ആദായകരമായ വില നൽകുന്നതിനും പഞ്ചസാര വിപണിയുടെ ചാക്രിക സ്വഭാവത്തിൽ നിന്ന് ഈ മേഖലയെ സംരക്ഷിക്കുന്നതിനുമായി കരിമ്പ് വിളയെ ലാഭകരമായ എഥനോൾ മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി (പഞ്ചസാര വ്യവസായം) സഞ്ജയ് ഭൂസ്റെഡ്ഡി:
“അടുത്ത രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ എഥനോൾ ശേഷി പ്രതിവർഷം 2.25 ബില്യൺ ലിറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ 2022-23 കരിമ്പ് ക്രഷിംഗ് സീസണിൽ അഞ്ച് സ്വകാര്യ മില്ലുകൾ പഞ്ചസാര ഉൽപ്പാദിപ്പിക്കാതെ കരിമ്പ് ജ്യൂസിൽ നിന്ന് നേരിട്ട് എഥനോൾ നിർമ്മിക്കും. കൂടാതെ, മറ്റ് 71 മില്ലുകൾ ബി-ഹെവി മൊളാസസിൽ നിന്ന് എത്തനോൾ ഉത്പാദിപ്പിക്കും.”
സംസ്ഥാനത്തെ കരിമ്പ് വിസ്തൃതി 3 ശതമാനം അല്ലെങ്കിൽ 84,000 ഹെക്ടറിൽ നിന്ന് 2.85 ദശലക്ഷം ഹെക്ടറിൽ കൂടുതലായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം കരിമ്പ് ഉൽപാദനം നടപ്പു സീസണിൽ 2.35 കോടി മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു. മൊത്തം 120 പഞ്ചസാര മില്ലുകൾ, 93 സ്വകാര്യ യൂണിറ്റുകൾ, 24 സഹകരണ യൂണിറ്റുകൾ, മൂന്ന് യുപി സ്റ്റേറ്റ് ഷുഗർ കോർപ്പറേഷൻ യൂണിറ്റുകൾ എന്നിവയാണ് ഈ മേഖലയിലുള്ളത്.
4.5 ദശലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങൾ യുപി കരിമ്പ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ പഞ്ചസാര, എഥനോൾ, മൊളാസസ്, പവർ കോജനറേഷൻ, ശർക്കര, ഖണ്ഡസാരി (ശുദ്ധീകരിക്കാത്ത പഞ്ചസാര) മുതലായ ഉൾപഠന മേഖലകൾ ഉൾപ്പെടുന്നു. ഏകീകൃത വാർഷിക കരിമ്പ് സമ്പദ്‌വ്യവസ്ഥ യുപിയിൽ ഏകദേശം 50,000 കോടി രൂപയുടേതാണ്.
അതിവേഗം ബഹുദൂരം സ്റ്റാലിൻ സ്റ്റാലിന്റെ EBP – TN Ethanol Blending Policy 2023
അതിവേഗം ബഹുദൂരം തമിഴ്നാട് മുന്നോട്ട് കുതിക്കുന്നതുമിപ്പോൾ EBP എന്ന ഈ ഒരു ലക്‌ഷ്യം മുൻനിർത്തിയാണ്. തമിഴ്നാട്ടിലെ കരിമ്പ് കർഷകരുടെ മനസ്സിൽ കുളിരു കോരിയിട്ടു കൊണ്ട്, ഈ ഇനത്തിൽ 5,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നത് ലക്ഷ്യമിട്ട തമിഴ്‌നാട് അവതരിപ്പിച്ചത് എഥനോൾ ബ്ലെൻഡിംഗ് പോളിസി 2023 ” TN Ethanol Blending Policy 2023″.
എഥനോൾ നയത്തിന്റെ ലക്ഷ്യങ്ങൾ
- എഥനോൾ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക
- 130 കോടി ലിറ്ററിന്റെ എഥനോൾ മിശ്രിതത്തിന്റെ ആവശ്യകത നിറവേറ്റുക
- സംസ്ഥാനത്ത് മൊളാസസ്/ധാന്യം അടിസ്ഥാനമാക്കിയുള്ള എഥനോൾ ഉൽപാദന ശേഷിയിൽ 5,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക
- കരിമ്പ് കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുക
- സംസ്ഥാനത്തെ പഞ്ചസാര ഉല്പാദന വ്യവസായത്തെ മഹാരാഷ്ട്ര മോഡലിൽ പുനരുജ്ജീവിപ്പിക്കുക
- EBP-” TN Ethanol Blending Policy 2023″ പ്രോഗ്രാമിന് കീഴിലുള്ള ഇന്ധന ഗ്രേഡ് എഥനോൾ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുക
എന്നിവയാണ്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വിലയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കുമ്പോൾ, ഇറക്കുമതി വിലത്തകർച്ചയെ ഭാഗികമായി തടയാനും മലിനീകരണ ആശങ്കകൾ പരിഹരിക്കാനും ഇതിനേക്കാൾ മറ്റൊരു പ്രായോഗിക പദ്ധതിയില്ല എന്നതാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ M K Stalin പുറത്തിറക്കിയ നയത്തിന്റെ കാഴ്ചപ്പാട്.
തമിഴ്‌നാടിനെ ഹരിത സമ്പദ്‌വ്യവസ്ഥയായി ഉയർത്തുകയും ചെലവ് കുറഞ്ഞ ഹരിത ഇന്ധനത്തിനുള്ള നിക്ഷേപ കേന്ദ്രമായി ഉയർത്തുകയും ചെയ്യുക എന്നതാണ് EBP പ്രോഗ്രാമിന്റെ ലക്‌ഷ്യം.
പുതിയ ധാന്യം അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികൾ, നിലവിലുള്ള ധാന്യം അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികളുടെ വിപുലീകരണം, പുതിയ മൊളാസസ്, പഞ്ചസാര/പഞ്ചസാര സിറപ്പ് അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികൾ, നിലവിലുള്ള ഡിസ്റ്റിലറികളുടെ വിപുലീകരണം, പഞ്ചസാര മില്ലുകളോ അല്ലെങ്കിൽ ഒറ്റപ്പെട്ട ഡിസ്റ്റിലറികളോ എല്ലാം EBP പോളിസിയുടെ സംരക്ഷണയിൽ വരും. അതും നോട്ടിഫിക്കേഷൻ ഇറങ്ങി വരുന്ന 5 വർഷത്തേക്ക്.