ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ വിജയഗാഥയിലെ ഏറ്റവും വലിയ സംഭാവനയായ വന്ദേഭാരത് ട്രെയിനുകൾക്ക് ഒരു മേക്ക് ഓവർ ലഭിക്കുമെന്ന് റിപ്പോർട്ട്. സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ കളർ കോമ്പിനേഷൻ ഇന്ത്യൻ റെയിൽവേ ഉടൻ മാറ്റിയേക്കും. നിലവിൽ വന്ദേ ഭാരതിന്റെ കളർ സ്കീമിൽ നീലയും വെള്ളയും കോമ്പിനേഷനാണ് ഉള്ളത്, എന്നാൽ ഇത് ഉടൻ മാറിയേക്കാമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണം നടക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച്
ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തും. അതിന് ശേഷമായിരിക്കും കളർ സ്കീമിൽ തീരുമാനമെടുക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പുതിയ കളർ സ്കീമിലുള്ള ചില ഫോട്ടോകൾ പ്രചരിക്കുന്നുണ്ട്, എന്നാലിതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ അത്യാധുനിക പാസഞ്ചർ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് റെയിൽ ഉപയോക്താക്കൾക്ക് വേഗതയേറിയതും കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യും. നൂതന സസ്പെൻഷൻ സംവിധാനം സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നു, യാത്രക്കാരുടെ മൊത്തത്തിലുള്ള സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നു. ഗോരഖ്പൂർ-ലക്നൗ, ജോധ്പൂർ-സബർമതി റൂട്ടുകൾ നിലവിൽ വന്നതോടെ, രാജ്യത്തെ പ്രവർത്തനക്ഷമമായ വന്ദേ ഭാരത് റൂട്ടുകളുടെ എണ്ണം ഇപ്പോൾ 50 ആയി ഉയർന്നിട്ടുണ്ട്. മണിക്കൂറിൽ 160-180 കി.മീ ആണ് വേഗത. നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ഏകദേശം 30% വൈദ്യുതി ലാഭിച്ചും ഇന്ത്യൻ റെയിൽവേയുടെ ഗ്രീൻ ഫുട്പ്രിന്റ് വർദ്ധിപ്പിക്കുന്നതിനാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ട്രെയിൻ കൂട്ടിയിടി ഒഴിവാക്കുന്ന KAVACH സംവിധാനവും വൈഫൈ ഉൾപ്പെടെയുളള സൗകര്യങ്ങളും വന്ദേഭാരതിനുണ്ട്. എയ്റോഡൈനാമിക് ഡിസൈനുളള ട്രെയിനിന് രണ്ടറ്റത്തും ഡ്രൈവർ ക്യാബിനുണ്ട്. എക്സിക്യട്ടിവ് ക്ലാസിൽ റിവോൾവിംഗ് ചെയർ ഉൾപ്പെടെ എല്ലാ സീറ്റുകളും റിക്ലൈനറുകളാണ്. ഓട്ടോമാറ്റിക് ഡോറുകൾ, ബയോവാക്വം ശുചിമുറികൾ എന്നിവയും ട്രെയിനിൽ ആഡംബരം നിറയ്ക്കുന്നു. ഫയർ സെൻസർ, സിസി ടിവി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. സീറ്റുകൾക്ക് മുന്നിൽ 32 ഇഞ്ച് സ്ക്രീനുകളും ബ്രെയിൽ ലിപിയിൽ പോലും സീറ്റ് നമ്പറുകളും നൽകിയിരിക്കുന്നു.