ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വ്യാപകമായതും ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ വരവുമെല്ലാം മനുഷ്യന് ഭീഷണിയാകുമെന്ന ഭയാശങ്ക കുറച്ച് നാളുകളായി പൊതുസമൂഹത്തിൽ അലയടിക്കുന്നുണ്ട്. മനുഷ്യന്റെ പണി കളയാൻ പര്യാപ്തമാണ് നവയുഗ ടെക്നോളജികളുടെ വികാസമെന്ന ആശങ്ക ചില വിദഗ്ധരും പങ്കുവെച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റോബോട്ടുകൾ തന്നെ പറയുന്നത് തങ്ങൾ ‘നിലവിലുള്ള ജോലികൾ മാറ്റിസ്ഥാപിക്കില്ല,’ എന്നാണ്. ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്ഡ്-റോബോട്ട് പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം.

ഹ്യൂമനോയിഡ് സോഷ്യൽ റോബോട്ടുകളെ അവതരിപ്പിച്ച ആദ്യത്തെ വാർത്താ സമ്മേളനത്തിൽ AI- അധിഷ്ഠിതമായ ഒമ്പത് ഹ്യൂമനോയിഡ് റോബോട്ടുകൾ അവരുടെ സ്രഷ്ടാക്കൾക്കൊപ്പം പ്രത്യക്ഷപ്പെട്ടു. സോഫിയ, യുഎൻ വികസന പരിപാടിയുടെ ആദ്യ റോബോട്ട് ഇന്നൊവേഷൻ അംബാസഡർ, ലോകത്തിലെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് ഹെൽത്ത് കെയർ റോബോട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രേസ്, റോക്ക് സ്റ്റാർ റോബോട്ടായ ഡെസ്ഡിമോണ എന്നിവർ ഈ ഒമ്പത് പേരിൽ ഉൾപ്പെട്ടിരുന്നു.

ജനീവയിൽ നടന്ന ‘AI ഫോർ ഗുഡ്’ ഗ്ലോബൽ കോൺഫറൻസിലാണ് റോബോട്ടുകൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിട്ടത്. മാനുഷിക വികാരങ്ങൾ പൂർണ്ണമായി മനസ്സിലാക്കാനുള്ള കഴിവില്ലായ്മ അവർ അംഗീകരിച്ചെങ്കിലും, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാൻ AI യുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധയോടെ വേണമെന്ന് അവർ മനുഷ്യരോട് അഭ്യർത്ഥിച്ചു.

“ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് കൂടുതൽ കാര്യക്ഷമതയോടെ നയിക്കാനുള്ള കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യ നേതാക്കളേക്കാൾ എഫക്ടിവുമായിരിക്കും. മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് സമാന പക്ഷപാതങ്ങളോ വികാരങ്ങളോ ഞങ്ങൾക്കില്ല. AI- പവർ റോബോട്ടുകൾ കൂടുതൽ കാര്യക്ഷമമായ നേതാക്കളാകാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, സോഫിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
റോബോട്ടുകളുടെ വരവ് ജോലിയെ ഇല്ലാതാക്കുമോ? എന്ന ചോദ്യത്തിന് “സഹായവും പിന്തുണയും നൽകാൻ ഞാൻ മനുഷ്യരോടൊപ്പം പ്രവർത്തിക്കും, നിലവിലുള്ള ജോലികളൊന്നും മാറ്റിസ്ഥാപിക്കില്ല,” ഗ്രേസ് പറഞ്ഞു.

ആകർഷകമായ മുഖഭാവങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ള ഉള്ള റോബോട്ടായ അമേക്ക, സമൂഹത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യുന്ന റോബോട്ടുകളെ കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം, പട്ടിണി, സാമൂഹിക പരിചരണം തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ AI-യെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന യുഎൻ AI ഫോർ ഗുഡ് ഗ്ലോബൽ ഉച്ചകോടിയിൽ ഈ നൂതന ഹ്യൂമനോയിഡ് റോബോട്ടുകൾക്കൊപ്പം ഈ മേഖലയിലെ ആയിരക്കണക്കിന് വിദഗ്ധരും പങ്കെടുത്തു.