ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലിലേക്കുള്ള ഫണ്ടിങ്ങിന് സാരമായ ഇടിവാണ് ഈ വർഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല സ്റ്റാർട്ടപ്പുകളും ഫണ്ടുകള്‍ കണ്ടെത്താന്‍ വൈഷമ്യം നേരിടുന്ന അവസ്ഥയിലാണിപ്പോൾ. 2023-ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച ഫണ്ടിംഗിൽ മുന്‍ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 72% ഇടിവ് സംഭവിച്ചതായാണ് കണക്കുകൾ.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദത്തിൽ സംഭവിച്ച മാന്ദ്യം ഈ സാമ്പത്തിക വർഷത്തിലേക്കു കടന്നതായാണ് കണക്കുകൾ. എന്നാൽ ജൂലൈ ആദ്യ വാരം ഒരൽപം പ്രതീക്ഷ നൽകികൊണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗ് തരംഗത്തിന് തുടക്കമായിട്ടുണ്ട്. ഇത് നല്ലതിനെന്ന പ്രതീക്ഷയിലാണ് സ്റ്റാർട്ടപ് ലോകം.
യുഎസിനും യുകെയ്ക്കും പിന്നില്‍ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് എത്തിയ മൂന്നാമത്തെ വലിയ രാജ്യമായി മാറാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഫണ്ടിംഗുകളില്‍ ആഗോളതലത്തില്‍ പ്രകടമാകുന്ന നെഗറ്റിവ് പ്രവണത ഇന്ത്യയിലും പ്രകടമാണ്.
യൂണികോണില്ലാത്ത ഇന്ത്യ
ഈ വര്‍ഷം ഇതുവരെ പുതിയ യൂണികോണുകൾ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 19 പുതിയ യൂണികോണുകളും രണ്ടാം പകുതിയില്‍ ആറു പുതിയ യൂണികോണുകളും ഉയര്‍ന്നു വന്നിരുന്നു.
ട്രാക്സ്എന്‍ ജിയോ പുറത്തിറക്കിയ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് (Traxn-Geo Semi-Annual Report: India Tech- H1 2023 ) അനുസരിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവില്‍ രാജ്യത്തെ മൊത്തം സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 5.5 ബില്യൺ ഡോളറാണ്.
2022 ആദ്യ പകുതിയില്‍ 19.7 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗാണ് നടന്നിരുന്നത്. 2022 ന്റെ രണ്ടാം പകുതിയില്‍ നടന്ന 7.3 ബില്യൺ ഡോളറിന്റെ ഫണ്ടിംഗുമായുള്ള താരതമ്യത്തില്‍ നിന്ന് 24 ശതമാനം ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കൂടാതെ, ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ ഫണ്ടിംഗ് റൗണ്ടുകളുടെ എണ്ണത്തിലും 2023 ന്റെ ആദ്യ പകുതിയിൽ കുറവുണ്ടായി. 2023-ആദ്യ പകുതിയിൽ 536 ഫണ്ടിംഗ് റൗണ്ടുകളാണ് നടന്നത്. ഇതിനു തൊട്ടുമുമ്പുള്ള 6 മാസക്കാലയളവില്‍ 946 ഫണ്ടിംഗ് റൗണ്ടുകള്‍ നടന്നിരുന്നു. 2022 ആദ്യപകുതിയിലാകട്ടെ 1,500-ലധികം ഫണ്ടിംഗ് റൗണ്ടുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നടന്നത്.
ഇടിവ് തുടർകഥയെന്ന് Traxn-Geo
മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ട്രാക്സ്എന്‍-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗായി 1.4 ബില്യൺ ഡോളറാണ് അവലോകന കാലയളവില്‍ എത്തിയത്. ഇത് 2022-ന്റെ ആദ്യ പകുതിയിലെ കണക്കില്‍ നിന്ന് 73 ശതമാനം ഇടിവും രണ്ടാം പകുതിയിലെ കണക്കില്‍ നിന്ന് 44 ശതമാനം ഇടിവുമാണ്.
സീഡ് ഘട്ടത്തിലും അവസാന ഘട്ടത്തിലുമുള്ള ഫണ്ടിംഗുകളില്‍ കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 71 ശതമാനം വീതം കുറവാണ് ഉണ്ടായത്.
പ്രതീക്ഷ വിടാതെ Traxn-Geo
എന്നാൽ ട്രാക്സ്എന്‍ ഇന്ത്യൻ സ്റ്റാർട്ടപ്പ് വളർച്ച സംബന്ധിച്ച പ്രതീക്ഷകളും പ്രതീക്ഷകളും കൈവിട്ടു കളയുന്നില്ല. സാഹചര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും, ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി തുടരുകയാണെന്നും രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ വമ്പിച്ച വളർച്ചാ സാധ്യതയുണ്ടെന്നും ട്രാക്സ്എന്‍ ചൂണ്ടിക്കാട്ടുന്നു.
- ഫണ്ടിങ്ങിൽ ഒന്നാമത് EV, രണ്ടാമതായി ഫിൻ ടെക്കുകൾ, മൂന്നാമതായി റീട്ടെയില്‍ സ്റ്റാർട്ടപ്പുകൾ എന്നിങ്ങനെയാണ് നിലവിലെ ഫണ്ടിംഗ് അവസ്ഥ.
- സ്റ്റാര്‍ട്ടപ്പ് ഫണ്ടുകള്‍ എത്തിയതില്‍ ഒന്നാമതുള്ള ഇന്ത്യന്‍ നഗരം ബെംഗളൂരു ആണ്
- തൊട്ടുപിന്നാലെ ഡൽഹി-എൻസിആർ, മുംബൈ എന്നീ നഗര മേഖലകളുണ്ട്
ഉള്ളതിൽ മുന്നിൽ EV സ്റ്റാർട്ടപ്പുകൾ
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇലക്ട്രിക് വെഹിക്കിൾസ് വ്യവസായം സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ ഉയർച്ചയില്‍ പ്രധാന പങ്കുവഹിച്ച് സ്റ്റാർട്ടപ്പ്ഫണ്ടിംഗില് മുന്നിൽ നിൽക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന ഇവി സ്വീകാര്യതയും ക്ലീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടുകളും ഈ മേഖലയിലെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സ്റ്റാർട്ടപ്പ്ഫണ്ടിംഗില് രണ്ടാമത് നില്ക്കുന്ന മേഖല ഫിന്‍ടെക്കാണ്. ഡിജിറ്റല്‍ പേമെന്റുകളുടെ സ്വീകാര്യതയും ഇ-കൊമേഴ്സ് വളര്‍ച്ചയും പശ്ചാത്തല സൗകര്യ വികസനവും ഈ മേഖലയിലേക്ക് ധാരാളം ഫണ്ട് എത്തിക്കുന്നു.
റീട്ടെയില്‍ മേഖലയാണ് ഫണ്ടുകളെത്തിയതില് മൂന്നാം സ്ഥാനത്തുള്ളത്. ഇ-കൊമേഴ്സിന്റെ ഉയര്‍ച്ചയും കൂടുതലായി ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങളിലേക്ക് തിരിഞ്ഞതും ഈ മേഖലയിലെ ഫണ്ട് വരവിന് സഹായകമായി.