ഷാരൂഖ് ഖാന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട ജവാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് മുതൽ ആരാധകരിൽ വലിയ ആവേശമാണ്. SRK ആരാധകർ സെപ്റ്റംബർ 7 നായി കാത്തിരിക്കുകയാണ്. ആക്ഷൻ പായ്ക്ക്ഡ് ചിത്രം എന്നതിലുപരിയായി പുറമേ, ജവാന്റെ സംഗീതവും ആരാധകരെ ആവേശം കൊളളിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സംഗീതസംവിധായകനായി അനിരുദ്ധ് മാറി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാക്ഷാൽ എആർ റഹ്മാനെ പോലും അനിരുദ്ധ് മറികടന്നു എന്നാണ് റിപ്പോർട്ടുകളിലുളളത്. 10 കോടിയോളം രൂപയാണ് ‘ജവാൻ’ സംഗീതത്തിന് അനിരുദ്ധ് വാങ്ങിയിരിക്കുന്നത്. ഒരു ചിത്രത്തിന് എആർ റഹ്മാൻ 8 കോടിയോളമാണ് ഈടാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ജവാൻ ട്രെയിലർ ജൂലൈ 10 ന് പുറത്തിറങ്ങിയപ്പോൾ ആരാധകർ കിംഗ് ഖാനെയും സംവിധായകൻ ആറ്റ്ലിയെയും മാത്രമല്ല, അനിരുദ്ധിനെയും പ്രശംസയാൽ മൂടി.
തെന്നിന്ത്യയിലെ പ്രത്യേകിച്ചും തമിഴിലെ ഹിറ്റ് നമ്പറുകളിലൂടെ സൂപ്പർ സംഗീത സംവിധായകനായി വളർന്ന അനിരുദ്ധിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ജവാൻ’. നിരവധി വമ്പൻ ചിത്രങ്ങളുടെ ഭാഗമാണ് നിലവിൽ അനിരുദ്ധ്. ദളപതി വിജയിയുടെ ‘ലിയോ’, രജനികാന്തിന്റെ ‘ജയിലർ’ എന്നീ ചിത്രങ്ങളിൽ അനിരുദ്ധിന്റെ സംഗീതമാണ്. ജൂനിയർ എൻടിആറിന്റെ ബിഗ് ബജറ്റ് ചിത്രം Devaraയുടെ സംഗീതവും അനിരുദ്ധാണ്. കമൽഹാസൻ- ഷങ്കർ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ന്റെ സംഗീത സംവിധായകരായി എആർ റഹ്മാനൊപ്പം അനിരുദ്ധിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. അജിത് കുമാറിന്റെ വിടമുയർച്ചിയിലും അനിരുദ്ധിന്റെ സംഗീതമാണ്. മുൻനിര സിനിമാ താരങ്ങളുടെ 6 വമ്പൻ സിനിമകൾ അദ്ദേഹത്തിനുണ്ട്. അങ്ങനെ കൈ നിറയെ സൂപ്പർതാര ചിത്രങ്ങളുമായി തിരക്കിൽ നിന്ന് തിരക്കിലേക്കാണ് അനിരുദ്ധിന്റെ യാത്ര.
അനിരുദ്ധിനെ ശ്രദ്ധേയനാക്കിയ ആദ്യ ഹിറ്റ് 2012-ലെ ‘കൊലവെറി ഡി’ എന്ന ഗാനം ആയിരുന്നു. ധനുഷ് പാടിയ ഈ കിടിലൻ വൈറൽ ഗാനം കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ധനുഷിന്റെ ‘3’ എന്ന ചിത്രത്തിലൂടെ അന്ന് തുടങ്ങിയ വിജയയാത്ര ഇന്നും തുടരുകയാണ്. നാനിയുടെ ‘ഗ്യാങ് ലീഡർ’, ‘ജേഴ്സി’ എന്നിവ തെലുങ്കിലും അനിരുദ്ധിനെ ശ്രദ്ധേയനാക്കി. ‘വിക്രം’, ‘ബീസ്റ്റ്’, ‘മാസ്റ്റർ’ എന്നീ ചിത്രങ്ങളുടെ സംഗീതം 32കാരനായ അനിരുദ്ധിനെ തമിഴിൽ നമ്പർ വണ്ണാക്കി മാറ്റിയിരുന്നു. ജയിലറിലെ “Kaavaalaa” എന്ന ഗാനം ഇപ്പോഴും ഹിറ്റ് ചാർട്ടുകളിൽ തുടരുകയാണ്.