സ്വപ്നനഗരമായ പാരീസിലേക്കു വിരുന്നു പോകുന്ന ഇന്ത്യക്കാർക്കും, ഫ്രാൻസിലേക്കുള്ള ഇന്ത്യൻ വ്യവസായ- സ്ഥിരം സന്ദർശകർക്കുമുണ്ട് ഈ സന്തോഷ വാർത്ത. ഇന്ത്യയുടെ അഭിമാനമായ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് UPI പേയ്മെന്റ് സംവിധാനം ഫ്രാൻസിൽ ഉടൻ ലഭ്യമാകും.
രാജ്യത്തു യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും സമ്മതിച്ചിട്ടുണ്ടെന്ന് ഫ്രാൻസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സെയ്ൻ നദിയിലെ ഒരു ദ്വീപിലെ കലാ കേന്ദ്രമായ ലാ സീൻ മ്യൂസിക്കേലിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഈഫൽ ടവറിന് മുകളിൽ നിന്ന് യുപിഐ ഉപയോഗിച്ച് രൂപ പേയ്മെന്റ് നടത്താൻ ഉടൻ കഴിയുമെന്ന് മോദി പറഞ്ഞു.
ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് പുതിയ വിപണി തുറക്കുന്ന നീക്കമാണ്.
ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത പേയ്മെന്റ് സംവിധാനമായ UPI യുടെ യൂറോപ്പ്യൻ സ്വീകാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പാരീസിലെ ലാ സീൻ മ്യൂസിക്കേലിൽ നരേന്ദ്രമോദി:
“ഇന്ത്യയുടെ UPI ആയാലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായാലും, അവർ രാജ്യത്ത് വലിയൊരു സാമൂഹിക പരിവർത്തനം കൊണ്ടുവന്നു, ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് ദിശയിൽ പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയും ഫ്രാൻസും ഫ്രാൻസിൽ UPI ഉപയോഗിക്കാൻ സമ്മതിച്ചു. വരും ദിവസങ്ങളിൽ അതിന്റെ തുടക്കം ഈഫൽ ടവറിൽ നിന്നായിരിക്കും, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇപ്പോൾ ഈഫൽ ടവറിൽ യുപിഐ വഴി രൂപയിൽ പണമടയ്ക്കാൻ കഴിയും”.
കടൽ കടന്നു UPI
2022-ൽ, യുപിഐ സേവനങ്ങൾ നൽകുന്ന നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഫ്രാൻസിന്റെ സ്വന്തം വേഗമേറിയതും സുരക്ഷിതവുമായ ഓൺലൈൻ പേയ്മെന്റ് സംവിധാനമായ ലൈറയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു.
ഈ വർഷം ആദ്യം, ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേനൗവും ഇരു രാജ്യങ്ങളിലെയും ഉപയോക്താക്കൾക്ക് തടസ്സമില്ലാത്തതും തത്സമയവും സുരക്ഷിതവുമായ അതിർത്തി കടന്നുള്ള ഇടപാടുകൾ നടത്താൻ വഴിയൊരുക്കുന്ന കരാറിൽ ഒപ്പുവച്ചു.
യുപിഐ സേവനങ്ങൾ വിപുലീകരിക്കുന്നതിനായി യുഎസ്എ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ മറ്റ് രാജ്യങ്ങളുമായും എൻപിസിഐ ചർച്ച നടത്തുന്നുണ്ട്.
ആർബിഐ കണക്കുകൾ പ്രകാരം 2026–2027 ഓടെ പണമില്ലാത്ത പ്രതിദിന ഇടപാടുകളുടെ 90 ശതമാനവും
UPI ഇടപാടുകൾ, അതായതു പ്രതിദിനം 1 ബില്യൺ ആകാൻ സാധ്യതയുണ്ട്.
യുപിഐ ഇടപാടുകൾ 2023 സാമ്പത്തിക വർഷത്തിൽ 139.2 ട്രില്യൺ രൂപയോ 2022ൽ ഇന്ത്യയിലെ മൊത്തം പണരഹിത ഇടപാടുകളുടെ 73 ശതമാനമോ ആയിരുന്നു.