ഡോ. റിതു കരിദാൽ ശ്രീവാസ്തവ. ചന്ദ്രയാൻ 3 ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അഭിമാനമായ മുതിർന്ന ശാസ്ത്രജ്ഞ. ചന്ദ്രനിലേക്കുള്ള 3 ലക്ഷം കിലൊമീറ്റർ ദൂരം താണ്ടുക എന്ന ലക്ഷ്യത്തിനാണ് ഫാറ്റ് ബോയ് ആയ LVM 3 M4 തുടക്കമിട്ടത്.
ഇന്ത്യയിലെ “റോക്കറ്റ് വുമൺ” എന്നറിയപ്പെടുന്ന ശ്രീവാസ്തവ ലഖ്നൗ സ്വദേശിയാണ്. 1997ൽ ഐഎസ്ആർഒയിൽ ചേർന്ന ശ്രീവാസ്തവ ചന്ദ്രയാൻ-2ന്റെ മിഷൻ ഡയറക്ടറും മംഗൾയാന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറുമായിരുന്നു. മംഗൾയാൻ ദൗത്യത്തിന്റെ വിജയത്തിന് ശേഷം റിതു കരിദാൽ ചാന്ദ്ര ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നു.
ലഖ്നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ MTech നേടി എയ്റോസ്പേസിൽ വിദഗ്ധയായി ISRO യിൽ പ്രവേശിക്കുകയായിരുന്നു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ഗണ്യമായി സഹായിച്ചിട്ടുള്ള ഡോ. റിതു കരിദാൽ ശ്രീവാസ്തവ വിദഗ്ധ എഞ്ചിനീയറും പ്രതിബദ്ധതയുള്ള ടീം ലീഡറുമാണെന്നു തെളിയിച്ചിട്ടുണ്ട്. . ലോകമെമ്പാടുമുള്ള നിരവധി വ്യക്തികൾക്ക് അവർ പ്രചോദനമായി പ്രവർത്തിക്കുന്നു, STEM ( (Science, Technology, Engineering, and Mathematics) തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് ഒരു മാതൃകയുമാണ് റിതു.
മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ), ചന്ദ്രയാൻ -1, ചന്ദ്രയാൻ -2 ദൗത്യങ്ങൾ, ജിസാറ്റ് -6 എ ദൗത്യം, ജിസാറ്റ് -7 എ ദൗത്യം എന്നിവയുൾപ്പെടെ നിരവധി പ്രധാന ഐഎസ്ആർഒ ദൗത്യങ്ങളിൽ ശ്രീവാസ്തവ സംഭാവന നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര, ദേശീയ ജേണലുകളിൽ 20 ലധികം പ്രബന്ധങ്ങൾ അവർ പ്രസിദ്ധീകരിച്ചു.
കൂടാതെ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ‘ISRO യംഗ് സയന്റിസ്റ്റ് അവാർഡ്’, ‘ഐഎസ്ആർഒ ടീം അവാർഡ് ഫോർ MOM(2015)’, ‘എഎസ്ഐ ടീം അവാർഡ്’, സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്റോസ്പേസ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസിന്റെ (SIATI) ‘വിമൻ അച്ചീവേഴ്സ് ഇൻ എയ്റോസ്പേസ്, (2017) തുടങ്ങി നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.