ഇപ്പോൾ മനുഷ്യർ സാങ്കേതികവിദ്യയുമായി ഇടപഴകുന്ന രീതിയെ പുനർനിർവചിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. AI- പവർ ചെയ്ത സംഭാഷണ ചാറ്റ്ബോട്ടുകൾ മുതൽ ശാസ്ത്രത്തിനും ഗവേഷണത്തിനുമായി തയാറാക്കിയ AI റോബോട്ടുകൾ വരെ.
AI-യുടെ വികസനത്തിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയായ റോബോട്ടിക്സിനെ ഇപ്പോൾ ചില്ലറയൊന്നുമല്ല സ്വാധീനിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള ജോലികൾ ഏറ്റെടുക്കാൻ കഴിയുന്ന റോബോട്ടുകൾക്ക് പിന്നാലെ ഇതാ കലാപരമായി സ്വയം ചിന്തിച്ചു പ്രവർത്തിക്കാൻ ശേഷിയുള്ള ക്രിയേറ്റീവ് അസിസ്റ്റന്റായിട്ടൊക്കെ ഉപയോഗപ്രദമാകുന്ന റോബോട്ടും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു.
AI സാങ്കേതിക വിദ്യ ജീവൻ നൽകിയ റോബോട്ടായ അമേക്കയെ കണ്ടാൽ മനുഷ്യൻ തന്നെ. ഒരു ഹ്യൂമനോയ്ഡ് റോബോട്ട്. റബ്ബർ മുഖവും കൈകളും ഒക്കെ ചലിക്കുന്നത് AI കാമെറകളും സെൻസറുകളും, മൈക്രോ ഫോണുകളും ഫേഷ്യൽ റെകോഗ്നിഷ്യൻ സോഫ്റ്റ് വെയറും അടങ്ങുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്. അങ്ങനെ അമേക്കക്ക് മനുഷ്യരെ പോലെ തന്നെ മുഖത്തു പല തരം ഭാവങ്ങൾ കൊണ്ട് വരാനും, കേൾക്കുന്നതിനും കാണുന്നതിനുമനുസരിച്ചു പ്രതികരിക്കാനും നല്ല കഴിവാണ്. ഇതൊക്കെ 2021 ൽ രൂപമെടുത്ത അമേക്കയുടെ അന്നത്തെ വിശേഷങ്ങൾ. എന്നാലിതാ സാങ്കേതിക വിദ്യയും കലയും തമ്മിൽ കൂട്ടിച്ചേർത്തു എ ഐ എങ്ങനെ വിനിയോഗിക്കാമെന്നതിന്റെ നല്ല ഉദാഹരണമാണ് അമേക്ക ഇപ്പോൾ. കാരണമെന്തെന്നോ അമെക്കയിൽ AI വരുത്തിയ അപ്ഡേഷൻ. നിർദേശം ലഭിക്കേണ്ട പക്ഷം അമേക്ക ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങും. അങ്ങനെ ഒരു പൂച്ചയെ വരയ്ക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് റോബോട്ടുകളിലൊന്നായി അമേക്ക.
ഹ്യൂമനോയിഡ് റോബോട്ടുകൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും പേരുകേട്ട യുകെ ആസ്ഥാനമായുള്ള എഞ്ചിനീയർഡ് ആർട്സ് എന്ന കമ്പനിയാണ് ഈ റോബോട്ടിനെ കലാപരമായി വികസിപ്പിച്ചിരിക്കുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകളിൽ ആദ്യത്തേത് എന്ന് വിളിക്കാവുന്ന, വരയ്ക്കാനുള്ള കഴിവ് കമ്പനി അമേക്കയ്ക്ക് നൽകി.
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, അമേക്കയോട് ഒരു പൂച്ചയുടെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെടുന്നു. അമേക്ക ക്യാൻവാസിൽ ഒരു പൂച്ചയെ വിദഗ്ധമായി വരച്ച് നൽകി.
അമേക്ക എങ്ങനെയാണ് വരയ്ക്കുന്നത്? എങ്ങനെയാണ് ഡ്രോയിംഗുകൾ നിർമ്മിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അമേക്ക തന്നെ മറുപടി പറഞ്ഞു :
“ഓപ്പൺ സോഴ്സ് ന്യൂറൽ നെറ്റ്വർക്ക് പ്രോജക്റ്റ് സ്റ്റേബിൾ ഡിഫ്യൂഷനിലൂടെ ഞാൻ എന്റെ ഡ്രോയിംഗ് ഇമേജ് സൃഷ്ടിക്കുന്നു. അവിടെ ഡ്രോയിംഗിന്റെ പാതകൾ ലഭ്യമാണ്, തുടർന്ന് ഞാൻ ചിത്രം അസ്ഥികൂടമാക്കി വെക്ടറൈസ് ചെയ്യുന്നു. അതിനുശേഷം, എന്റെ ക്യാൻവാസിൽ ചിത്രം വരയ്ക്കാനുള്ള പാത ഞാൻ പ്ലാൻ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.”
അമേക്കയുടെ ചിത്രം വര ഇങ്ങനെ
Proportionate integral derivative controllers എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തിലെ മോട്ടോർ സ്പീഡ് നിയന്ത്രിച്ചു അമേക്കക്ക് പോർട്രെയ്റ്റുകൾ, ലാൻഡ്സ്കേപ്പുകൾ, മൃഗങ്ങൾ എന്തിനു അബ്സ്ട്രാക്റ്റ് ആർട്ട് വരെ സിമ്പിളായി വഴങ്ങും. ടെക്സ്റ്റുകൾ, ശബ്ദ നിർദേശങ്ങൾ എന്നിവ ഉപയോഗിച്ച് അമേക്കക്ക് നിർദിഷ്ട ചിത്രങ്ങൾ തീരുമാനിക്കാം. സൺ ഗ്ലാസുമായി നിൽക്കുന്ന പൂച്ച അല്ലെങ്കിൽ, ആക്രമിക്കാൻ തയാറെടുക്കുന്ന കടുവ എന്ന ശബ്ദ നിർദേശം നൽകിയാൽ അമേക്ക അതിനുള്ള വര ആരംഭിക്കും. പിന്നെ അവയെ സ്കെച്ച്, പെയിന്റിംഗ്, ഡ്രോയിങ് എന്നിവയിൽ ഏതു ആക്കി മാറ്റണമെന്ന് തീരുമാനിക്കും. ഒടുവിൽ മനുഷ്യ ചിത്രകാരന്മാർ വരെ അന്തിച്ചു പോകുന്ന ചിത്രങ്ങളാകും അമേക്ക പൂർത്തിയാക്കുക. സ്വന്തം നിലയിൽ ചിന്തിച്ചു റാൻഡം ഡാറ്റ ഇൻപുട്ടിൽ നിന്ന് പോലും അമേക്കക്ക് ചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവുണ്ട്.
2021-ൽ എഞ്ചിനീയർഡ് ആർട്സ് കമ്പനി വികസിപ്പിച്ച Ameca, ക്യാമറകൾ, മൈക്രോഫോണുകൾ, മുഖം തിരിച്ചറിയൽ സോഫ്റ്റ്വെയർ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു. സ്റ്റേബിൾ ഡിഫ്യൂഷൻ, ടെക്സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി ഇമേജുകൾ സൃഷ്ടിക്കുന്നതിനുള്ള ആഴത്തിലുള്ള പഠന മോഡലാണ് അമേക്ക ഹ്യൂമനോയിഡിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ.
മനുഷ്യരുമായി ഇടപഴകുന്നതിന്, GPT-3, ഹ്യൂമൻ ടെലിപ്രെസെൻസ് എന്നിവയാൽ അമേക്ക പ്രവർത്തിക്കുന്നു, വിരലുകളിലും കൈകളിലും കഴുത്തിലും മോട്ടറൈസ്ഡ് ആർട്ടിക്കുലേഷനുണ്ട്. നേരത്തെ, മാനുഷിക വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഹ്യൂമനോയിഡിന്റെ കഴിവും ഒന്നിലധികം ഭാഷകൾ സംസാരിക്കാനുള്ള കഴിവും അമേക്കയിലൂടെ എഞ്ചിനീയർഡ് ആർട്സ് കമ്പനി ലോകത്തെ കാണിച്ചു.
അമേക്കയുടെ മുഖത്തുള്ള 24 മോട്ടോറുകൾ കൊണ്ട് ചിരി, കണ്ണ് ചിമ്മൽ തുടങ്ങിയ ഭാവങ്ങൾ നിഷ്പ്രയാസം പറ്റും, മുഖത്തെ കാമറകൾ ഉപയോഗിച്ച് മനുഷ്യരുമായി സംവദിക്കും. ഓരോ കൈയിലുമുള്ള 12 മോട്ടോറുകൾ ഉപയോഗിച്ച് ആംഗ്യങ്ങൾ കാണിക്കുവാനും, മറ്റുള്ളവരോട് പ്രതികരിക്കുവാനും നിഷ്പ്രയാസം സാധിക്കും. വിവിധ ഭാഷകളിൽ സംസാരിക്കുവാനും, മറുപടി നൽകുവാനും വിവിധ സൗണ്ട് മോഡുകളിൽ അമേക്കക്ക് സാധിക്കും. റുബിക്സ് ക്യൂബ് കളിക്കുവാനും , പിയാനോ വയ്ക്കാനും അമേക്കക്ക് മറ്റാരുടെയും സഹായം വേണ്ട. അതാണ് അമേക്കയെ വ്യത്യസ്തമായ ഹ്യൂമനോയ്ഡ് റോബോട്ട് ആക്കുന്നതും.