ആപ്പിൾ ഐഫോൺ നിർമാതാക്കളായ വിസ്ട്രോണിന്റെ കർണാടക പ്ലാന്റ് ഏറ്റെടുക്കുന്നതിനുളള അന്തിമഘട്ടത്തിലാണ് ടാറ്റ ഗ്രൂപ്പ്. സാൾട്ട്-ടു-സോഫ്റ്റ്വെയർ കൂട്ടായ്മയായ ടാറ്റ ഗ്രൂപ്പിന്റെ പ്രൊമോട്ടർ ഹോൾഡിംഗ് സ്ഥാപനമായ ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ഇലക്ട്രോണിക്സ് വഴിയാണ് ഏറ്റെടുക്കൽ നടക്കുക. ഇതോടെ ആപ്പിളിന്റെ കരാർ നിർമ്മാതാക്കളായ തായ്വാൻ ആസ്ഥാനമായുള്ള വിസ്ട്രോണിന്റെ യൂണിറ്റ് ആദ്യത്തെ ഇന്ത്യൻ ഐഫോൺ നിർമ്മാണ യൂണിറ്റായി മാറും.
ചൈനയ്ക്ക് പുറത്തുള്ള നിർമാണം വ്യാപിപ്പിക്കുന്നതിനും ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയിൽ പിടി മുറുക്കുന്നതിനുമുളള ആപ്പിളിന്റെ ശ്രമങ്ങൾക്ക് ഇത് കരുത്തേകും.
ടാറ്റ ഗ്രൂപ്പ് കർണാടക പ്ലാന്റ് ഏറ്റെടുത്തുകഴിഞ്ഞാൽ, ഐഫോണിന് പുറമെ മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളും യൂണിറ്റിൽ നിന്ന് അസംബിൾ ചെയ്യാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ വരുന്നെങ്കിലും ടാറ്റാ ഗ്രൂപ്പ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സ്മാർട്ട്ഫോണുകളുടെ കുതിച്ചുയരുന്ന വിപണി ആഗോളതലത്തിൽ ഇന്ത്യയുടെ തിളക്കം കൂട്ടുമ്പോൾ, ഇലക്ട്രോണിക്സ് മേഖലയിലെ കേന്ദ്രത്തിന്റെ നയപരമായ മുന്നേറ്റം വലിയ വിതരണക്കാരെ രാജ്യത്ത് വിപുലീകരിക്കാൻ പ്രേരിപ്പിക്കുകയും പുതിയ നിർമാതാക്കളെ ഇന്ത്യയിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ “അവിശ്വസനീയമാംവിധം ആവേശകരമായ വിപണി” ആണെന്നും കമ്പനിയുടെ “പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാണെന്നും” ഈ വർഷം മെയ് മാസത്തിൽ, ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.
ഐഫോൺ നിർമ്മാതാവിന്റെ ഇന്ത്യയിലെ ബിസിനസ്സ് ത്രൈമാസ റെക്കോർഡോടെ വളരെ ശക്തമായ ഇരട്ട അക്ക വളർച്ചയും നേടിയിരുന്നു. ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ കുക്കിന്റെ ആദ്യ പര്യടനത്തിനിടെ മുംബൈയിലും ഡൽഹിയിലും രണ്ട് റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിച്ച ആപ്പിൾ ഇന്ത്യയിൽ ഒരു വലിയ റീട്ടെയിൽ വിപുലീകരണത്തിനും തുടക്കമിട്ടിരുന്നു. മുംബൈ, ഡൽഹി സ്റ്റോറുകൾ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് ആപ്പിളിന് നൽകിയിരിക്കുന്നത്.