JLR കാറുകൾക്കായി യുകെയിൽ പുതിയ ഇവി ബാറ്ററി പ്ലാന്റ് പ്രഖ്യാപിക്കാൻ ടാറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാമ്പത്തിക ആനുകൂല്യങ്ങൾ സംബന്ധിച്ച് UK സർക്കാരുമായുള്ള അന്തിമ ചർച്ചകളിലാണ് JLR. UK സർക്കാർ ടാറ്റ ആവശ്യപ്പെട്ട ആനുകൂല്യങ്ങൾ നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ. ചർച്ച വിജയകരമായാൽ യുകെയിൽ ഇലക്ട്രിക് കാർ ബാറ്ററി പ്ലാന്റ് നിർമ്മിക്കാനുള്ള വൻനിക്ഷേപ പദ്ധതി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ (JLR) പ്രഖ്യാപിക്കും.
JLR ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയും, 9,000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാൽ യുകെയുടെ കാർ നിർമ്മാണ മേഖലയ്ക്ക് ഈ തീരുമാനം ഉത്തേജനമായി കണക്കാക്കപ്പെടുന്നു. യുകെ ഓട്ടോമോട്ടീവിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിൽ ഒന്നായിരിക്കും ഇത്.
പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് ജാഗ്വാർ, ലാൻഡ് റോവർ വാഹനങ്ങൾക്കു കൂടി ബാറ്ററി വിതരണം ചെയ്യുന്നതിനായുള്ള ഫാക്ടറിക്കായി തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ അനുയോജ്യമായ ഇടം ടാറ്റ തിരഞ്ഞെടുക്കുകയായിരുന്നു. സ്പെയിനിലും സമാനമായ ഒരിടം ടാറ്റ കണ്ടു വച്ചിട്ടുണ്ട്. ഈ ആഴ്ച ഫാക്ടറി പ്രഖ്യാപിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
നിക്ഷേപത്തിന് പ്രതിഫലമായി ടാറ്റ ഗ്രൂപ്പിന് സാമ്പത്തിക പിന്തുണയായി UK കോടിക്കണക്കിന് പൗണ്ട് സബ്സിഡി നൽകുമെന്ന് സൂചനയുണ്ട്.
2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുന്നതുൾപ്പെടെയുള്ള ശ്രമങ്ങളിലൂടെ സമ്പദ്വ്യവസ്ഥയെ വളർത്തുമെന്ന് UK പ്രധാനമന്ത്രി ഋഷി സുനക്ക് പ്രഖ്യാപിച്ചിരുന്നു. പെട്രോൾ, ഡീസൽ എന്നിവയിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിലേക്ക് UK മാറുമ്പോൾ യുകെയുടെ കാർ നിർമ്മാണ മേഖലയ്ക്ക് വലിയ ഉത്തേജനമാകും. അതിനു ശക്തി പകരുന്നതാകും ടാറ്റായുടെ പ്ലാന്റ്.
2024 മുതൽ UK-EU വ്യാപാരത്തിലെ താരിഫുകൾ ഒഴിവാക്കുന്നതിനായി പ്രാദേശികമായി കൂടുതൽ ഇലക്ട്രിക് വാഹന ഘടകങ്ങൾ സോഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന UK യുടെ പുതിയ വ്യാപാര നിയമങ്ങൾ പാലിക്കാൻ ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളെ ഇത്തരം തദ്ദേശീയ ബാറ്ററി ഉൽപ്പാദനം സഹായിക്കും. ബാറ്ററികൾ സാധാരണയായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ മൂല്യത്തിന്റെ പകുതിയിലധികം വരും. അതിനാൽ യുകെ കാർ വ്യവസായത്തിന്റെ ഭാവിയിൽ ടാറ്റ ബാറ്ററികൾ നിർമിച്ചു വിതരണം ചെയുന്നത് സുപ്രധാനമായ, വിപണിയുടെ ഭൂരിഭാഗവും അടക്കി ഭരിക്കുന്ന, ഒരു നീക്കമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡാരൻ ജോൺസ്, UK പാർലമെന്റ് ബിസിനസ് കമ്മിറ്റി ചെയർമാൻ:
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ പൗണ്ട് (19 ബില്യൺ ഡോളർ) ഇവികളിൽ നിക്ഷേപിക്കുമെന്ന് 2023 ഏപ്രിലിൽ JLR ചീഫ് എക്സിക്യൂട്ടീവ് അഡ്രിയാൻ മാർഡൽ അറിയിച്ചിരുന്നു. 2025-ൽ ഒരു പുതിയ ഓൾ-ഇലക്ട്രിക് റേഞ്ച് റോവർ എസ്യുവി പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിന്റെയൊക്കെ പ്രധാന ഘടകമാകും ഈ ഫാക്ടറി.