AI അടക്കം സാങ്കേതിക വിദ്യകളിൽ അനുദിനമുണ്ടാകുന്ന അപ്ഡേഷനുകളിൽ പ്രതീക്ഷയർപ്പിച്ചു സ്വന്തം പ്രവർത്തന ശൈലിയും ഭാവവും മാറ്റാൻ ഐ ടി കമ്പനികൾ മത്സരമാണ്. അപ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നിരവധി മനുഷ്യ ശേഷിയാണ്. ഒട്ടനവധി സാങ്കേതിക പ്രതിഭകൾക്ക് നിഷേധിക്കപ്പെടുന്നത് നല്ലൊരു വേതനത്തോട് കൂടിയുള്ള തൊഴിലവസരങ്ങളാണ്.
ഇന്ത്യൻ ഐ ടി മേഖലക്ക് 2024 നല്ലതു വരുത്തുമെന്ന റിപോർട്ടുകൾ പലതു വന്നെങ്കിലും മാനവശേഷി വികസന മേഖലയിലെ ഐ ടി കമ്പനികളുടെ സമീപനങ്ങൾ കാരണം അവയെല്ലാം തിരുത്തേണ്ട അവസ്ഥയാണിപ്പോൾ. നടപ്പു സാമ്പത്തിക വർഷം ഐ ടി മേഖലക്കും സേവന മേഖലക്കും മികച്ചതായിരിക്കുമെന്ന ട്രെൻഡ് പിന്നോട്ടടിക്കുകയാണോ എന്ന് തോന്നും വൻകിട ഐ ടി കമ്പനികളുടെ നിലപാടുകൾ കണ്ടാൽ. ജീവനക്കാരുടെ കാര്യ ശേഷി വർധിപ്പിക്കാതെ ലാഭ പ്രതീക്ഷയിലെ അനിശ്ചിതാവസ്ഥ, AI ശേഷി വർധിപ്പിക്കൽ എന്നിവയൊക്കെ ഇന്ത്യൻ ഐടി കമ്പനികളെ റിക്രൂട്ട്മെന്റ് രംഗത്തു മറിച്ചു ചിന്തിപ്പിക്കുകയാണ്.
പ്രതിസന്ധിക്കുള്ള ഒരൊറ്റ കാരണം ഇതാണ്
രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വൻതോതില്‍ വെട്ടിക്കുറച്ചു. ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എല്‍ ടെക് തുടങ്ങിയവ വൻതോതിലാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചത്. ഈ സ്ഥാപനങ്ങൾ ഏപ്രില്‍- ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പല മോഡലുകളും പ്രോജക്ടുകളും വികസിപ്പിക്കുന്നതിനാലാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് കമ്പനികളിൽ ചിലത് വ്യക്തമാക്കുന്നു, മറ്റു ചില കമ്പനികൽ മൗനം പാലിക്കുന്നെങ്കിലും കാരണം വ്യക്തമാണ്. AI യുടെ അതിപ്രസരം കാരണം പുതിയ ജീവനക്കാരെ വേണ്ട ,ഒപ്പം ഉള്ളവർക്ക് വേതന വർധനവും നൽകേണ്ടതില്ല എന്നത് തന്നെ.
ഇന്ത്യൻ ഐടി രംഗത്തെ അതികായരായ ടിസിഎസും (ടാറ്റ കൺസൾട്ടൻസി സർവീസസ്) ഇൻഫോസിസും 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (2023 ഏപ്രിൽ മുതൽ ജൂൺ വരെ) റിക്രൂട്ട്മെന്റ് കുറച്ചു. രാജ്യത്തിന്റെ ജിഡിപിയുടെ 8 ശതമാനത്തോളം ഐടി മേഖലയുടെ സംഭാവനയതിനാൽ നടപടി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
റിക്രൂട്ട്മെന്റിൽ വില്ലനായി TCS
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടി.സി.എസ്. വെറും 4% ജീവനക്കാരെയാണ് ജോലിക്കെടുത്തത്. അതായത് 523 ജീവനക്കാരെ മാത്രം. മുൻവര്‍ഷം സമാന പാദത്തില്‍ 14,136 പേരെ റിക്രൂട്ട് ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ 96 ശതമാനത്തിന്റെ കുറവാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. നിലവില്‍ 6,15,318 പേരാണ് ടി.സി.എസില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും റിക്രൂട്ട്മെന്റ് വളരെ കുറവായിരുന്നു. 821 പേര്‍ക്ക് മാത്രമാണ് ആ പാദത്തില്‍ ടി.സി.എസില്‍ അവസരം ലഭിച്ചത്. മുൻവര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 20,000 പേരെ ജോലിക്കെടുത്ത സ്ഥാനത്താണിത്.
എന്നിട്ടും ഓഫർ തുടരുന്നു
റിക്രൂട്ട്മെന്റ് നിർത്തിവച്ചിരുന്നത് കുറച്ചു കാലത്തേക്ക് മാത്രമെന്നാണ് ടി സി എസിന്റെ നിലപാട്. പുതിയതായി 40,000 പേരെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന് ടിസിഎസ് സിഎച്ച്ആർഒ മിലിന്ദ് ലക്കദ് പറയുന്നു. എന്നാൽ കാലയളവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ലാഭത്തിലായിട്ടും കനിവില്ലാതെ ഇൻഫോസിസും
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 6940 ജീവനക്കാരുടെ സേവനമാണ് ഇൻഫോസിസ് മൊത്തത്തിൽ അവസാനിപ്പിച്ചത്. 3,36294 പേരാണ് നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്നത്. മുൻവർഷത്തെ സമാന പാദത്തിൽ 3611 പേരുടെ കുറവ് മാത്രമാണ് അനുഭവപ്പെട്ടിരുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കയറ്റുമതിക്കാരായ ഇൻഫോസിസ്, ആദ്യ പാദത്തിൽ 2023 ഏപ്രിൽ-മെയ് കാലയളവിൽ അറ്റാദായത്തിൽ 10.9% വർദ്ധനവ് രേഖപ്പെടുത്തി. അങ്ങനെ വരുമാനം 37,933 കോടി രൂപയിൽ എത്തി.
എങ്കിലും Infosis ആശങ്കയിലാണ്. നടപ്പ് സാമ്പത്തിക വർഷത്തെ വരുമാന വളർച്ച കഴിഞ്ഞ വർഷത്തേക്കാൾ 4-7 % വർധിക്കുമെന്ന് ആദ്യ കണക്കുകൾ പുറത്തുവിട്ട ഇൻഫോസിസ് ഇപ്പോൾ പറയുന്നത് തങ്ങളുടെ വളർച്ച 1-3.5% പരിധിയിൽ നിൽക്കുമെന്നാണ്. കുറഞ്ഞ വരുമാന മാർഗ്ഗനിർദ്ദേശ കണക്ക് കമ്പനിയും ഇന്ത്യൻ ഐടി സേവന വ്യവസായവും നേരിടുന്ന വെല്ലുവിളികൾ വെളിപ്പെടുത്തുന്നു.
ബിഎഫ്എസ്ഐ, ടെലികോം, ഹൈടെക് തുടങ്ങിയ ചില ബിസിനസ് വിഭാഗങ്ങൾ ഈ പാദത്തിൽ കുറഞ്ഞ വരുമാനം കാണിക്കുന്നുണ്ടെന്നും ഇത് കുറച്ചുകാലം കൂടി നിലനിൽക്കുമെന്നും ഇൻഫോസിസ് സിഇഒ സലിൽ പരേഖ് പറഞ്ഞു. ആദ്യ പാദത്തിൽ മൊത്തം കരാർ മൂല്യമായ 2.3 ബില്യൺ ഡോളറിലെത്തിയതായി ഇൻഫോസിസ് അറിയിച്ചു. നിലവിലുള്ള ക്ലയന്റുകളിൽ ഒരാളിൽ നിന്ന് 2 ബില്യൺ ഡോളർ ഡീൽ നേടിയതായി അടുത്തിടെ പ്രഖ്യാപിച്ചു. ആദ്യ പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 20.8 ശതമാനവും ഇൻഫോസിസ് 20-22 ശതമാനവും പ്രവർത്തന ലാഭത്തിലേക്ക് നയിച്ചു. എന്നിട്ടും ഇൻഫോസിസിൽ ഒരു കാര്യം അവശേഷിക്കുന്നു. ഇൻഫോസിസ് ജീവനക്കാരുടെ വേതന വർദ്ധനയെകുറിച്ചു ഇതുവരെ ആലോചിച്ചിട്ട് പോലുമില്ല. വേതന പരിഷ്കരണം സാധാരണ പോലെ ജൂലൈ ആദ്യവാരം ആരംഭിക്കേണ്ടതായിരുന്നു.