• മലയാളി ദിവസേന കുടിക്കുന്നത് 50 കോടി രൂപ വിലവരുന്ന 6 ലക്ഷം ലിറ്റർ മദ്യം
  • രണ്ടുവർഷത്തിനിടെ കേരളം കുടിച്ചു തീർത്തത് 31912 കോടി രൂപയുടെ വിദേശമദ്യം
  • പ്രതിദിനം 4.36 കോടി വിലവരുന്ന 2,38,189 ലിറ്റര്‍ ബിയറും വൈനും അകത്താക്കി കേരളം
  • സംസ്ഥാന സർക്കാരിന് മദ്യ വില്പനയിലൂടെ പ്രതിമാസം ലഭിക്കുന്ന വരുമാനം 1022 കോടിയിലധികം
  • രൂപ മദ്യ വിതരണത്തിലെ സുതാര്യത ഉറപ്പാക്കി അബ്കാരി നയം 2023-24
  • സംസ്ഥാനത്തു മദ്യത്തിന്റെയും ബിയറിന്റെയും ഉത്പാദനം കൂട്ടി കയറ്റുമതി ശക്തിപ്പെടുത്തും
  • ഇനി കള്ളല്ല, വരുന്നു കേരള ടോഡി ബ്രാൻഡ്

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മലയാളികള്‍ അകത്താക്കിയത് 31,912 കോടിയുടെ വിദേശമദ്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ മലയാളികൾ ഇങ്ങനെ കുടിച്ചത് 41.6 കോടി ലിറ്റർ. വ്യക്തമായി പറഞ്ഞാൽ 41,68,60,913 ലിറ്റ‌ർ. 2021 മേയ് മുതൽ 2023 മേയ് വരെയുള്ള കണക്കാണിത്. ഈ 700 ദിവസം കൊണ്ട്  നികുതി ഇനത്തില്‍ മാത്രം 24,539.72കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ബെവ്‌കോ നല്‍കിയത്. മദ്യ വില്പനയിലൂടെയാണിപ്പോൾ സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത്. ഈ വസ്തുത കണക്കിലെടുത്താണ് അനുമതി നൽകിയിട്ടും ഇനിയും തുറന്നു പ്രവർത്തിക്കാത്ത 250 വില്പനശാലകൾ കൂടി ഈ സാമ്പത്തിക വർഷം തുറക്കാൻ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ മദ്യ നയം തീരുമാനിച്ചിരിക്കുന്നത്. ഒപ്പം IT, വ്യവസായ പാർക്കുകളിലും മദ്യം വിളമ്പാൻ ലൈസൻസ് നൽകാനും നടപടികൾ മുന്നോട്ടു നീക്കുന്നത്.

Beverages

50 കോടിയോളം രൂപ വിലവരുന്ന ആറു ലക്ഷം ലിറ്റര്‍ മദ്യമാണ് പ്രതിദിനം മലയാളികള്‍ ഉപയോഗിക്കുന്നത്. 3051കോടി വിലവരുന്ന 16,67,23,621 ലിറ്റര്‍ ബിയറും വൈനും ഇതേ രണ്ട് വര്‍ഷത്തിനുള്ളില്‍ വിറ്റുപോയിട്ടുണ്ട്. പ്രതിദിനം 4.36 കോടി വിലവരുന്ന 2,38,189 ലിറ്റര്‍ ബിയറും വൈനുമാണ് കുടിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ബിവറേജസ് കോര്‍പ്പറേഷനിൽ നിന്നും നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2020-21, 2021-22 എന്നീ വര്‍ഷങ്ങളിലെ ഓഡിറ്റ് നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. 6 ലക്ഷം ലിറ്റര്‍ മദ്യവില്പനയിലൂടെ 50 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്നുണ്ട്. 700 ദിവസം കൊണ്ട് 24,539.72 കോടിയും, പ്രതിമാസം 1,022 കോടിയിലധികവുമാണ് സര്‍ക്കാരിന് നികുതിയായി ലഭിച്ചത്.  

2015-16 മുതല്‍ 2018-19 വരെ ബിവറേജസ് കോര്‍പ്പറേഷൻ ലാഭത്തിലായിരുന്നു. 2015-16ല്‍ ഉണ്ടായിരുന്ന 42.55 കോടിയുടെ ലാഭം 2018-19 ആയപ്പോഴേക്കും 113.13 ആയി ഉയര്‍ന്നു. എന്നാല്‍ 2019-20ല്‍ കോവിഡ് കാലത്തെ അടച്ചിടലിൽ  നഷ്ടത്തിലായി. 2019-20ല്‍ 41.95 കോടിയുടെ നഷ്ടമാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്.

മദ്യ, ബിയർ നിർമാണം വർധിപ്പിക്കാൻ അബ്കാരി നയം

മദ്യവിതരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും ഉറപ്പു നൽകുന്ന സംസ്ഥാന അബ്കാരി നയം 2023-24 നാണ്  ദിവസങ്ങൾക്കു മുമ്പ്  മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

 ഐ ടി പാർക്കുകൾക്കൊപ്പം സംസ്ഥാനത്തെ വ്യവസായ പാർക്കുകൾക്കും ബാർ ലൈസെൻസ് നൽകുന്നതിനു ചട്ടം നിർമിക്കും. നിലവിലെ ബാർ ലൈസൻസ് ഫീസിൽ വർദ്ധനവ് വരുത്തി.  അനുമതി ലഭിച്ചിട്ടും പ്രവർത്തിച്ചു തുടങ്ങാത്ത 250 വിദേശ മദ്യ ഔട്ട്ലെറ്റുകൾ ഇക്കൊല്ലം തുറന്നു പ്രവർത്തിപ്പിക്കും. സംസ്ഥാനത്തുൽപാദിപ്പിക്കുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യം കയറ്റുമതി ചെയ്യുവാനുള്ള സാഹചര്യമൊരുക്കും.  
കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും.

വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കും

ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമ്മിക്കും. ബാർ ലൈസൻസ് ഫീസ് 30,00,000ൽ നിന്ന് 35,00,000 രൂപയായി വർദ്ധിപ്പിക്കും. വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബിയർ, വൈൻ തുടങ്ങിയവ വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും.

സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകളാണ് തുറന്നുപ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും. ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റ് നിയമപരമായ തടസങ്ങളില്ലെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാർലൈസൻസ് പുതുക്കി നൽകും. സംസ്ഥാന ബിവറേജസ് കോർപറേഷൻ വഴി വിൽക്കുന്ന മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്ന നടപടികള്‍ ഈ വർഷം പൂർത്തിയാക്കും.

ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്  നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയർന്ന ബ്രാൻഡ് രജിസ്ട്രേഷൻ ഫീസും എക്സ്പോർട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനക്രമീകരിക്കും.

Beverages

മദ്യ ഉൽപാദനം പ്രോത്സാഹിപ്പിക്കും

സംസ്ഥാനത്ത് മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോള്‍ കേരളത്തിൽ തന്നെ ഉദ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ മദ്യ ഉദ്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പാലക്കാടുള്ള മലബാർ ഡിസ്റ്റിലറിയിലെ മദ്യ ഉൽപാദനം ഈ വർഷം ആരംഭിക്കും. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വർഗങ്ങളിൽ നിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതാണ്.

വരുന്നു കേരള ടോഡി ബ്രാൻഡ്

കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും. 3 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കും, വിനോദ സഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസ്സോർട്ടുകൾക്കും അതാത് സ്ഥാപനങ്ങൾക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച്, അതിഥികൾക്ക് നൽകുന്നതിന് അനുവാദം നൽകും. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളത്തിൽ എല്ലാ പ്രദേശത്തും സ്ഥലങ്ങൾ കണ്ടെത്തി കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഉൽപാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷൻ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. അതാത് ദിവസങ്ങളിലെ വിൽപ്പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതിൽ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കള്ള് കൊണ്ടുപോകുന്നത്‌ കൃത്യമായി നിരീക്ഷിക്കാൻ ട്രാക്ക്‌ ആൻഡ്‌ ട്രെയ്സ്‌ സംവിധാനം നടപ്പിലാക്കും.

വിമുക്തി സജീവം

വിമുക്തി പദ്ധതിക്കായി 2022 സെപ്തംബര്‍ വരെ 44കോടി ചെലവിട്ടിട്ടുണ്ട്. വിമുക്തിയുടെ പ്രവർത്തനങ്ങള്‍ സജീവമായി സ്കൂള്‍തലം മുതൽ നടന്നുവരുന്നുണ്ട്. സ്കൂളുകളിൽ വിമുക്തി ക്ലബ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കായികവകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും, ലൈബ്രറി കൗൺസിൽ, റസിഡന്റ് അസോസിയേഷൻ, സാംസ്കാരിക സംഘടനകള്‍ എന്നിങ്ങനെ പൊതുരംഗത്തുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയും വിമുക്തി പ്രവർത്തനം വ്യാപിപ്പിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version