ജപ്പാനിൽ 23 നിർണായക ചിപ്പ് നിർമ്മാണ ഇനങ്ങളുടെ കയറ്റുമതി നിയന്ത്രണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ചൈനയുടെ സെമികണ്ടക്ടർ കുത്തക തടയുകയെന്ന അമേരിക്കയുടെ ആവശ്യം ജപ്പാൻ നടപ്പാക്കുകയായിരുന്നു. ഇതോടൊപ്പം ജപ്പാൻ ഇന്ത്യയുമായി ഇതാ ഒരു തന്ത്രപ്രധാന കരാർ ഒപ്പിട്ടിരിക്കുന്നു. അര്‍ദ്ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഇന്ത്യ വ്യാഴാഴ്ച ജപ്പാനുമായി ‘സഹകരണ മെമ്മോറാണ്ടം’ ഒപ്പിട്ടു. സെമി കണ്ടക്ടർ നിർമാണ മേഖലയിൽ സഹകരണം ഉല്പാദനം, ഗവേഷണം, രൂപകല്‍പ്പന, ഉപകരണ ഗവേഷണം, പ്രതിഭ, വിതരണ ശൃംഖല വികസനം എന്നിവയിൽ ഇന്ത്യയുടെ പിന്തുണയാണ് ജപ്പാന്റെ ലക്ഷ്യം.
കാരണം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ജപ്പാൻ-യുഎസ് ചിപ്പ് യുദ്ധത്തിലെ പരാജയം ആവർത്തിക്കാതിരിക്കാൻ ജാപ്പനീസ് ചിപ്പ് നിർമ്മാതാക്കൾ ശ്രദ്ധാലുക്കളാണ്. ജപ്പാന്റെ യുക്തിരഹിതമായ ചൈനക്കെതിരായ നീക്കം അതിന്റെ ചിപ്പ് വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന വിമർശനങ്ങൾക്കിടെയാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചിപ്പ് സഹകരണം. കാര്യമെന്തായാലും അര്‍ദ്ധചാലക വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഈ സഹകരണം പ്രോത്സാഹിപ്പിക്കും.
ഇന്ത്യക്കു നേട്ടം ഇങ്ങനെ
ചിപ്പ് നിർമാണത്തിലെ പതിറ്റാണ്ടുകളായി കൈമുതലുള്ള ജാപ്പനീസ് വൈദഗ്ധ്യവുും സാങ്കേതികവിദ്യയും സ്വായത്തമാക്കാന്‍ ഇതുവഴി ഇൻഡ്യക്കാകും. ജപ്പാന്റെ സഹായത്തോടെ ഇന്ത്യക്കു സ്വന്തം അര്‍ദ്ധചാലക വ്യവസായം വികസിപ്പിക്കാം.
ജപ്പാൻ സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രി നിഷിമുറ യാസുതോഷിയുമായി ധാരണാപത്രത്തിൽ ഇന്ത്യ ഒപ്പു വച്ചതായി ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സഹകരണത്തിന്റെ ഭാഗമായി സിലിക്കണ്‍ വേഫറുകള്‍ ജപ്പാൻ ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യുവാനുള്ള സാധ്യത ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യ സിലിക്കണ്‍ വേഫറുകള്‍ ചൈന, തായ്വാന്, ജപ്പാന് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണിപ്പോൾ.
ജാപ്പനീസ് ചിപ്പ് നിർമാതാക്കളെ നിരോധിക്കാൻ ചൈന
ചൈന സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുവാൻ തുടങ്ങിയിട്ടുണ്ട്. തന്ത്രപ്രധാനമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനവും ചൈനയ്ക്കെതിരായ യുഎസിന്റെ ദുരുദ്ദേശ്യപരമായ അടിച്ചമർത്തലിനെ സഹായിക്കുന്ന വിദേശ ചിപ്പ് നിർമ്മാതാക്കൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെ പ്രതിരോധ നടപടികൾ കടുപ്പിക്കുവാനാണ് ചൈനയുടെ ശ്രമങ്ങൾ.
ജപ്പാന്റെ കയറ്റുമതി നിയന്ത്രണം
മാർച്ച് അവസാനത്തോടെ ജപ്പാൻ അതിന്റെ ഫോറിൻ എക്സ്ചേഞ്ച്, ഫോറിൻ ട്രേഡ് ആക്ടിലെ മന്ത്രാലയ ഓർഡിനൻസിന്റെ കരട് പരിഷ്ക്കരണം പ്രഖ്യാപിച്ചു. കയറ്റുമതിക്ക് സർക്കാർ അനുമതി ആവശ്യമുള്ളവയുടെ പട്ടികയിൽ 23 ചിപ്പ് നിർമ്മാണ ഇനങ്ങൾ ചേർത്തു. അതിൽ ക്ലീനിംഗ്, ചെക്കപ്പുകൾ, ലിത്തോഗ്രാഫി എന്നിവയ്ക്കുള്ള ഉപകരണങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ചൈനയിലേക്കുള്ള ചില ഉയർന്ന നിലവാരമുള്ള ചിപ്പുകളുടെ കയറ്റുമതിയിൽ യുഎസ് വൻതോതിൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ജപ്പാനിലെ അർദ്ധചാലക ഉപകരണ നിർമ്മാതാക്കളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് ചൈനീസ് മെയിൻലാൻഡ്, അത്തരം കയറ്റുമതി 2022-ൽ 820 ബില്യൺ യെൻ (5.7 ബില്യൺ ഡോളർ) ആയി ഉയർന്നു. അത് ജപ്പാന്റെ മൊത്തം ചിപ്പ് നിർമ്മാണ ഉപകരണ കയറ്റുമതിയുടെ ഏകദേശം 30 ശതമാനം വരും.
പകരം വീട്ടാൻ ചൈന
ആഗോള അർദ്ധചാലക വ്യാവസായിക ശൃംഖലയിൽ നിന്ന് ചൈനയെ ഒഴിവാക്കാനുള്ള യുഎസിന്റെ തന്ത്രത്തിൽ ജപ്പാനും നെതർലൻഡും ചേരുന്നത് ചൈനക്ക് അംഗീകരിക്കാനായിട്ടില്ല. പ്രതികാരമെന്നോണം യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവയെ ചിപ്പ് നിർമാണ വിതരണ കയറ്റുമതി മേഖലയിൽ ഒറ്റപെടുത്തികൊണ്ടുള്ള വ്യാവസായിക ശൃംഖല പുനഃസ്ഥാപിക്കാൻ ഇത് ചൈനീസ് ആഗോള ചിപ്പ് നിർമ്മാതാക്കളെ പ്രേരിപ്പിച്ചേക്കാം.
അസംസ്കൃത വസ്തുക്കളുടെ ഉൽപ്പന്നങ്ങൾ, ഘടകങ്ങൾ, പാക്കേജിംഗ് എന്നിവയിൽ ചൈന ആഗോള നേട്ടങ്ങൾ ആസ്വദിക്കുന്നു. 2022-ൽ അർദ്ധചാലകങ്ങളുടെ ഏറ്റവും വലിയ ഒറ്റവിപണി ചൈനയായിരുന്നു. 80.4 ബില്യൺ ഡോളറിന്റെ വിൽപ്പന, ആഗോള മൊത്തത്തിന്റെ മൂന്നിലൊന്ന്, അതായിരുന്നു ചൈനയുടെ നേട്ടം.
ആഭ്യന്തിര വിപണിക്കു ഡിമാൻഡ് കൂട്ടികൊണ്ടു യുഎസിന്റെ നിയന്ത്രണവും നിരോധനവും മറികടക്കാൻ “ബിഗ് ഫണ്ട് II” എന്നറിയപ്പെടുന്ന നാഷണൽ ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഇൻഡസ്ട്രി ഇൻവെസ്റ്റ്മെന്റ് ഫണ്ട് കമ്പനി ചൈനീസ് വിപണിയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.