ഭൂമിയിൽ NO.1 ആണെന്ന് AMAZON തെളിയിച്ചു കഴിഞ്ഞു. ഇനി ആമസോണിന്റെ നോട്ടം ബഹിരാകാശത്തേക്കാണ്. അതെ ലോജിസ്റ്റിക്സ് ഡെലിവറിക്കും അപ്പുറം 2024-ൽ പ്രോജക്ട് കൈപ്പർ -Project Kuiper- പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് വിക്ഷേപിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്.

നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ (KSC) ഒരു പുതിയ സാറ്റലൈറ്റ് പ്രോസസ്സിംഗ് സൗകര്യത്തിനായി ആമസോൺ ചെലവഴിക്കുക 120 മില്യൺ ഡോളർ.
ഈ വർഷാവസാനം വാഷിംഗ്ടണിലെ കിർക്ക്ലാൻഡിൽ സാറ്റലൈറ്റ് നിർമ്മാണം ആരംഭിക്കാൻ ആമസോൺ പദ്ധതിയിടുന്നു. വരും മാസങ്ങളിൽ രണ്ട് പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ബഹിരാകാശത്ത് 3,200-ലധികം അതിവേഗ ഇന്റർനെറ്റ് ഉപഗ്രഹങ്ങളുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്കുമായി മത്സരിച്ച് കൈപ്പറിനെ ലോ എർത്ത് ഭ്രമണപഥത്തിലെത്തിക്കാൻ ആമസോൺ പദ്ധതിയിടുന്നു.

ഇ-കൊമേഴ്സ് ഭീമൻ ആമസോൺ ഇതിനകം തന്നെ ഈ മേഖലയിൽ കോടിക്കണക്കിന് നിക്ഷേപം നടത്തിയിട്ടുണ്ട്: കഴിഞ്ഞ വർഷം, കമ്പനി ബ്ലൂ, യുഎൽഎ, ഏരിയൻസ്പേസ് എന്നിവയിൽ നിന്ന് 77 ഹെവി-ലിഫ്റ്റ് ലോഞ്ചുകൾ സാറ്റലൈറ്റ് കോൺസ്റ്റലേഷനായി നീക്കിവച്ചിരുന്നു.

പുതിയ പദ്ധതി പ്രോസസ്സിംഗ് കേന്ദ്രത്തിന്റെ നിർമ്മാണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഭ്രമണപഥത്തിലേക്ക് കൈപ്പർ ഉപഗ്രഹങ്ങളെ അയയ്ക്കുന്ന ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, യുണൈറ്റഡ് ലോഞ്ച് അലയൻസ് എന്നീ ലോഞ്ച് ഓപ്പറേറ്റർമാർക്ക് സമീപം ഇത് തന്ത്രപരമായി പ്രവർത്തിക്കും. ബ്ലൂ ഒറിജിനു കെഎസ്സിയിൽ ഒരു വലിയ കാമ്പസും കേപ് കനാവെറൽ സ്പേസ് ഫോഴ്സ് ബേസിൽ വിക്ഷേപണ സമുച്ചയവും പ്രവർത്തിക്കുന്നുണ്ട്.

മുമ്പ് ഷട്ടിൽ ലാൻഡിംഗ് ഫെസിലിറ്റി എന്നറിയപ്പെട്ടിരുന്ന കെഎസ്സിയുടെ ചരിത്രപ്രസിദ്ധമായ ലോഞ്ച് ആൻഡ് ലാൻഡിംഗ് ഫെസിലിറ്റിയിലാണ് ആമസോണിന്റെ 100,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രോസസ്സിംഗ് സൗകര്യം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്ത് ബഹിരാകാശ വ്യവസായ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സ്ഥാപനമായ സ്പേസ് ഫ്ലോറിഡയാണ് ഈ സൈറ്റ് ഇപ്പോൾ പരിപാലിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും.

“കെ എസ് സി യിലെ ഈ പുതിയ സൗകര്യം ഞങ്ങളെ വിക്ഷേപണ ടൈംലൈനിൽ എത്തിക്കുന്നതിന് സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. ഫ്ലോറിഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ മറ്റിടങ്ങളിലും വളരുന്ന ബഹിരാകാശ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് സ്പേസ് ഫ്ലോറിഡയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഞങ്ങളുടെ വിദഗ്ദ്ധ പ്രവർത്തനങ്ങളിലേക്കും നിർമ്മാണ ടീമിലേക്കും കൂടുതൽ കഴിവുകൾ ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”കൈപ്പർ പ്രൊഡക്ഷൻ ഓപ്പറേഷൻസ് VP സ്റ്റീവ് മെറ്റയർ വ്യക്തമാക്കുന്നു.