ഓൺലൈൻ ഗെയിമിംഗിനും കാസിനോകൾക്കും ചുമത്തിയ 28% ജിഎസ്ടിയിൽ മാറ്റമില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. നികുതി നടപടികളിൽ സുതാര്യതയില്ലാത്ത ഇത്തരം സ്ഥാപനങ്ങൾക്ക് നികുതി പിരിച്ചെടുക്കാൻ മറ്റു മാർഗ്ഗമില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ലെവി വളരെ കുത്തനെയുള്ളതാണെന്നും ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നും വാദിച്ചുകൊണ്ട് ഗെയിമിംഗ് വ്യവസായം കഴിഞ്ഞ മാസത്തെ ജിഎസ്ടി കൗൺസിൽ തീരുമാനം പുനഃപരിശോധിക്കാൻ രംഗത്തെത്തിയിരുന്നു. കാസിനോകൾക്കും ഓൺലൈൻ ഗെയിമുകൾക്കും പുതിയ നികുതി ഈടാക്കണമെന്ന സംസ്ഥാന, കേന്ദ്ര ധനമന്ത്രിമാർ അടങ്ങുന്ന GST കൗൺസിലിന്റെ തീരുമാനം ഏകകണ്ഠമായിരുന്നു.
നിലവിൽ ഓൺലൈൻ ഗെയിമുകളുയുടെയും കാസിനോകളുടെയും വരുമാനം എങ്ങനെ തിട്ടപ്പെടുത്തുമെന്നതിൽ അനിശ്ചിതാവസ്ഥയാണ് നികുതി വകുപ്പിന്.

“ഒരു കാസിനോയിലെ ഒരു വ്യക്തിയുടെ വരുമാനം കണക്കാക്കാൻ ഞങ്ങൾ എല്ലാ ടേബിളിലും ഒരു ഇൻസ്പെക്ടറെ വിന്യസിക്കണോ അതോ എത്ര ശീതളപാനീയങ്ങൾ എത്ര വിലയ്ക്കാണ് അവിടെ ചിലവാക്കുന്നത് എന്ന് കണക്കാക്കണോ? കാസിനോകൾ പോലെ, ഓൺലൈൻ ഗെയിമിംഗും സുതാര്യതയില്ലാത്ത ബിസിനസ്സാണ്. കാര്യങ്ങൾ വിലയിരുത്താനും കണക്കുകൂട്ടലുകൾ നടത്താനും വളരെ ബുദ്ധിമുട്ടാണ്,” ഒരു മുതിർന്ന GST ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെയാണ് .

ഇന്ത്യയിലെ ഓൺലൈൻ സ്കിൽ ഗെയിമിംഗിന്റെ സംഘടനയായ ഓൾ-ഇന്ത്യ ഗെയിമിംഗ് ഫെഡറേഷൻ (AIGF) ഈ തീരുമാനത്തിന് ‘വിനാശകരമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന നിലപാടിലാണ്. പ്ലാറ്റ്ഫോം ഫീസിന് മൊത്ത ഗെയിമിംഗ് വരുമാനത്തിന് (ജിജിആർ) 28 ശതമാനം ജിഎസ്ടി നൽകാൻ തങ്ങൾ തയ്യാറാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വലിയ നികുതി വർദ്ധന വ്യവസായത്തിന് താങ്ങാൻ കഴിയില്ലെന്നും ഇത് രാജ്യത്തു ഗെയിമിംഗ് കാസിനോകളെ കരിഞ്ചന്ത നടത്തിപ്പുകാരിലേക്ക് മാറുന്നതിലേക്ക് വഴിതെളിക്കുമെന്നുമാണ് മുന്നറിയിപ്പ്.

എഫ്ഐഎഫ്എസിന്റെ ആഭിമുഖ്യത്തിൽ ഡെലോയിറ്റ് നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ ഗെയിമിംഗ് വിപണി 8.6 ബില്യൺ യുഎസ് ഡോളർ കവിയുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര നികുതി മന്ത്രാലയം ജി എസ് ടി നിരക്കുയർത്തുകയും, യാതൊരു വിട്ടു വീഴ്ചക്കുമില്ലെന്നു സൂചന നൽകിയതും.
CGST നിയമത്തിന്റെ ഷെഡ്യൂൾ III- പ്രകാരം ലോട്ടറി, വാതുവയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് നികുതി ഈടാക്കേണ്ടതാണ്. എന്നാൽ ഷെഡ്യൂൾ III കാസിനോകൾ, റേസ് ക്ലബ്ബുകൾ, അല്ലെങ്കിൽ ഓൺലൈൻ ഗെയിമിംഗ് എന്നിവയെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കുന്നില്ല. അക്കാര്യത്തിലാണിപ്പോൾ ജി എസ് ടി കൗൺസിൽ തീരുമാനമെടുത്തിരട്ടിക്കുന്നത്.

നേരത്തെ ടർഫ് ക്ലബ്ബുകൾ പന്തയത്തിന്റെ മുഖവിലയോ ടോട്ടലൈസേറ്ററിന് നൽകിയ തുകയുടെയോ 28 ശതമാനം നികുതിയായി നൽകുകയായിരുന്നു. കാസിനോകളും 28 % നൽകുന്നുണ്ട്, എന്നാൽ ഓൺലൈൻ ഗെയിമിംഗ് കമ്പനികളും ജിജിആറിൽ 18 ശതമാനം ആയിരുന്നു നികുതി നൽകിയിരുന്നത്.

എന്നാൽ ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്റിന്റെ നിലപാട് 28 ശതമാനം ജി എസ് ടി എപ്പോഴും നൽകേണ്ടതാണെന്നും പന്തയത്തിന്റെ മുഖവിലയാണെന്നും ആയിരുന്നു. ഇത് തർക്കങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസുകൾക്കും കോടതി കേസുകളിലേക്കും നയിച്ചു.