ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിക്കുന്നതിൽ കേരളം ഒരു പടി കൂടി മുന്നിലെത്തി. ബാറ്ററി തികച്ചും സുരക്ഷിതവും, മാലിന്യ വിമുക്തവുമെന്നു VSSC സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാന വ്യവസായ നയത്തിലെ മുൻഗണനാ മേഖലകൾക്ക് കുതിപ്പേകുന്നതാണ് ഈ ഗവേഷണം.
ഇലക്ട്രിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് K-DISC ന്റെ നേതൃത്വത്തിൽ തയാറായികഴിഞ്ഞു. സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്ക് (K-DISC) മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ആണ് തദ്ദേശീയമായി എൽ.ടി.ഒ വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത്.
വി.എസ്.എസ്.സി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എൽ), സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എൻജിനീയറിങ്ങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് എന്നിവരാണ് കൺസോർഷ്യത്തിലെ പങ്കാളികൾ. ബാറ്ററി നിർമാണത്തിനാവശ്യമായ 10 കിലോ എൽ.ടി.ഒ ഇലക്ട്രോഡ് വസ്തു ടി.ടി.പി.എൽ വിതരണം ചെയ്യുകയും വി.എസ്.എസ്.സി ലിഥിയം ടൈറ്റനേറ്റ്ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ആയിരുന്നു.
മികച്ച ഊർജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ്ങ്, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുള്ള ബാറ്ററി ഭാവിയിൽ ഹരിതോർജ്ജ ഇന്ധന ലഭ്യതയുടെ പുതിയ വഴി തെളിക്കും. സംസ്ഥാന സർക്കാരിന് കൈമാറിയ പ്രോട്ടോടൈപ്പ് ബുധനാഴ്ച തിരുവനന്തപുരത്ത് വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരിൽ നിന്ന് വ്യവസായമന്ത്രി പി രാജീവ് സ്വീകരിച്ചു.
ഇലക്ട്രിക് വാഹന വ്യവസായത്തിൽ കേരളത്തിൽ വൻ മാറ്റങ്ങളെന്നു വ്യവസായ മന്ത്രി.
എൽ.ടി.ഒ ബാറ്ററി സംസ്ഥാന സർക്കാറിന് കൈമാറിയ മുഹൂർത്തം ചരിത്രപരമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. “പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതാണ്. കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ കണ്ടെത്തിയ 22 മുൻഗണനാ മേഖലകളിൽ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല. മോണോസൈറ്റ്, തോറിയം, ഇല്ലുമിനൈറ്റ് തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമായ കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ട വിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടുപിടുത്തം അതിനു കൂടി വഴിവെക്കും.”
പുതുതായി വികസിപ്പിച്ച ബാറ്ററി സുരക്ഷിതവും
മാലിന്യവിമുക്തവുമാണെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ബാറ്ററി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. എസ്. എ ഇളങ്കോവൻ,
ഹാരിഷ് സി.എസ് എന്നിവരെ മന്ത്രി ആദരിച്ചു. കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ, ടി.ടി.പി.എൽ എം.ഡി ജോർജ് നൈനാൻ, സി-ഡാക് സീനിയർ ഡയറക്ടർ ചന്ദ്രശേഖർ വി, ഡോ. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.